Quantcast

'എന്‍റെ സ്വപ്നങ്ങൾക്ക് നിറം പകർന്ന വാഹനം ചങ്ക് പൊട്ടുന്ന വേദനയോടെ വിറ്റു'..

വണ്ടിയുടെ ടാക്സും ഭീമമായ ഇൻഷുറൻസും തെറ്റി. ഡീസല്‍ വില വര്‍ധന കൂടിയായപ്പോള്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതായെന്ന് യുവാവ്

MediaOne Logo

Web Desk

  • Updated:

    2021-07-20 15:39:58.0

Published:

20 July 2021 3:21 PM GMT

എന്‍റെ സ്വപ്നങ്ങൾക്ക് നിറം പകർന്ന വാഹനം ചങ്ക് പൊട്ടുന്ന വേദനയോടെ വിറ്റു..
X

കോവിഡ് വ്യാപനവും ഇന്ധനവില വര്‍ധനയും ഇരുട്ടടിയായപ്പോള്‍ സ്വന്തം വാഹനം വില്‍ക്കേണ്ടിവന്ന വേദന പങ്കുവെയ്ക്കുകയാണ് ഫാസില്‍ മായനാട് എന്ന യുവാവ്. സ്കൂൾ ട്രിപ്പ്‌ ആയിരുന്നു വരുമാന മാർഗം. 2020 മാർച്ചിൽ കൊറോണ ഈ ലോകത്തെ പിടിച്ചുലച്ചപ്പോൾ സ്കൂളുകൾ പൂട്ടി, വരുമാനം നിലച്ചു. പിന്നീട് ദുരിതകാലമായിരുന്നുവെന്ന് ഫാസില്‍ പറയുന്നു. വണ്ടി കട്ടപ്പുറത്തായി. ബാങ്കിലെ അടവ് മുടങ്ങി. പലിശയും കൂട്ടുപലിശയും കൂടി വലിയൊരു തുകയായി. വണ്ടിയുടെ ടാക്സും ഭീമമായ ഇൻഷുറൻസും തെറ്റി. ഡീസല്‍ വില വര്‍ധന കൂടിയായപ്പോള്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതായി. തന്‍റെ സ്വപ്നങ്ങൾക്ക് നിറം പകർന്ന വാഹനം ചങ്ക് പൊട്ടുന്ന വേദനയോടെ വിറ്റുവെന്നും യുവാവ് വേള്‍ഡ് മലയാളി സര്‍ക്കിളില്‍ എഴുതിയ കുറിപ്പില്‍ പറഞ്ഞു.

കുറിപ്പിന്‍റെ പൂര്‍ണരൂപം

ഇനിയില്ല കൂടെ

ആദ്യമായി സ്വന്തമാക്കിയ നാലുചക്ര വാഹനം. കൂടെ കൂടിയിട്ട് നാലുവർഷത്തിലേറെ. അതിൽ രണ്ടര വർഷം എന്നെയും കുടുംബത്തെയും പട്ടിണിയില്ലാതെ നോക്കി. സ്കൂൾ ട്രിപ്പ്‌ ആയിരുന്നു വരുമാനമാർഗം. വീടുവെക്കാൻ എടുത്ത ബാങ്ക്‌ലോൺ അല്ലലില്ലാതെ അടക്കാൻ എന്നെ സഹായിച്ചു, 2020 മാർച്ചിൽ കൊറോണ ഈ ലോകത്തെ പിടിച്ചുലച്ചപ്പോൾ സ്കൂളുകൾ പൂട്ടി,വരുമാനം നിലച്ചു. പിന്നീടുള്ളത് ദുരിതകാലമായിരുന്നു. വണ്ടി കട്ടപുറത്തായി. ബാങ്കിലെ അടവ് മുടങ്ങി. പലിശയും കൂട്ടുപലിശയും കൂടി വലിയൊരു തുകയായി. വണ്ടിയുടെ ടാക്സും ഭീമമായ ഇൻഷുറൻസും തെറ്റി. മുന്നോട്ടുള്ള ജീവിതം വഴിമുട്ടി. ഇനിയുള്ള ഏകവഴി ബാങ്കിലെ പലിശയിലേക്ക് അല്‍പം ആശ്വാസമാവാൻ വണ്ടി വിൽക്കുക എന്നതാണ്. പക്ഷെ ഒരു ചിറകരിഞ്ഞു കൊടുക്കാൻ മനസ്സ് കൊണ്ട് പറ്റാത്തൊരവസ്ഥ. ഒരുപാട് ഓർമകൾ, യാത്രകൾ, സൗഹൃദങ്ങൾ, കാഴ്ചകൾ, അനുഭവങ്ങൾ അങ്ങനെ സന്തോഷം നൽകിയ ഒത്തിരി നിമിഷങ്ങൾ എല്ലാം വെറും ഓർമകളായി നൊമ്പരമായി മാറുന്നത് മാനസികമായി തളർത്തി.

പക്ഷെ സാധാരണക്കാരന്‍റെ വയറ്റത്തടിച്ചു ഡീസലിന്‍റെ ദിവസം തോറുമുള്ള വില വർധനവും ഭീമമായ ഇൻഷുറൻസും ടാക്സും ഇപ്പോൾ ഈ വാഹനത്തിന് ഒരു ആവശ്യവുമില്ലാത്ത 7000 രൂപ മുടക്കി ജിപിഎസ് സംവിധാനവുമായി മുന്നോട്ടു പോവാനും കഴിയാത്തൊരവസ്ഥ. ബാധ്യതകൾ തീരില്ല. പക്ഷെ വണ്ടി കൊടുത്തില്ലെങ്കിൽ ബാധ്യത കൂടുകയേ ഉള്ളൂ. എന്‍റെ മാത്രമല്ല ഉപജീവനം ഇങ്ങനെ തേടുന്ന ഒരുപാട് പേരുടെ അവസ്ഥയാണിത്. ഇന്ന് ചങ്ക് പൊട്ടുന്ന വേദനയിൽ എന്റെ സ്വപ്നങ്ങൾക്ക് നിറം പകർന്ന എന്റെ വാഹനം മറ്റൊരാൾക്ക്‌ ഞാൻ വിലക്ക് കൊടുത്തു. ഇനി മറ്റാരുടെയോ സ്വന്തമായി ഒരുപാട് ഓർമകളും യാത്രകളുമായി അവനുണ്ടാവും ഈ റോഡിൽ. പക്ഷെ വളയം പിടിക്കുന്നത് മറ്റാരോ ആയിരിക്കും. ആരായാലും യാത്രകൾ സന്തോഷമായിരിക്കട്ടെ.

TAGS :

Next Story