പി.രാജീവും സുനിൽ പി.ഇളയിടവും മതസ്വത്വവാദ മുദ്രകുത്തി; താനടക്കമുള്ളവർ എങ്ങനെയാണ് ഇടതുപക്ഷ വേദികളിൽ നിന്ന് ഒതുക്കപ്പെട്ടത്.. ആത്മകഥയുമായി പി. കെ പോക്കർ
സവർണ പ്രത്യയശാസ്ത്രത്തിന് സേവ ചെയ്യുന്ന അനുസരണയുള്ള കുഞ്ഞാടായി നിൽക്കാനുള്ള ആജ്ഞകൾ ചെവിക്കൊള്ളാത്തതിനു അഭിമുഖീകരിക്കേണ്ടി വന്ന അനുഭവങ്ങളും സുനിൽ പി.ഇളയിടം, എം.എം. നാരായണൻ, ഏഴാച്ചേരി രാമചന്ദ്രൻ, കെ. പി മോഹനൻ, ടി. പി രാജീവൻ എന്നിവരെ കുറിച്ചുള്ള നിരവധി വെളിപ്പെടുത്തലുകളും 'എരിക്കിൻ തീ' എന്ന പുസ്തകത്തിലുണ്ട്.

കോഴിക്കോട്: സാംസ്‌ക്കാരിക മേഖലയിലും സൈദ്ധാന്തിക തലത്തിലും ഇടതുപക്ഷത്തിന്റെ പ്രധാനമുഖങ്ങളിലൊന്നായ പി.കെ. പോക്കറിനെ ഏതാനും വർഷങ്ങളായി 'മുഖ്യധാര' വേദികളിലൊന്നും കാണാറില്ല. താൻ ഉൾപ്പടെയുള്ളവർ എങ്ങനെയാണ് ഇടതുപക്ഷ വേദികളിൽ ഒതുക്കപ്പെടുന്നതെന്ന് തുറന്നു പറയുകയാണ് ആത്മകഥയായ 'എരിക്കിൻ തീ'യിൽ. പേരിൽ പുരോഗമനം പേറി നടക്കുന്ന പുരോഗമന കലാസാഹിത്യ സംഘത്തിലെ സവർണബുദ്ധിജീവികൾ അവർക്ക് അനുയോജ്യമായ സിദ്ധാന്തങ്ങൾ ചമയ്ക്കുകയും പു.ക.സയിലേക്ക് ഒളിച്ച് കടത്തുകയുമായിരുന്നു എന്ന വിമർശനവും പി.കെ. പോക്കർ ഉയർത്തുന്നുണ്ട്.
'എരിക്കിൻ തീ'യിലെ 'ദലിത് സാഹിത്യവും സൗന്ദര്യശാസ്ത്രവും അവർക്ക് സഹിക്കില്ല' എന്ന അധ്യായത്തിലാണ് പ്രധാനവിമർശനം. തൊട്ടടുത്ത അധ്യായമായ 'ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടും ഭരണനിർവഹണ സംവിധാനങ്ങളും' എന്നതിലും വിമർശനം തുടരുന്നുണ്ട്. സുനിൽ പി.ഇളയിടം, പി.രാജീവ്, എം.എം നാരായണൻ, കെ.പി മോഹനൻ തുടങ്ങിയ ഇടത് സാംസ്‌ക്കാരിക-രാഷ്ട്രീയ മുഖങ്ങളെ പേരെടുത്ത് പറഞ്ഞ് കടന്നാക്രമിക്കുന്നുണ്ട് പി.കെ. പോക്കർ. സുനിൽ പി.ഇളയിടവും എം.എം. നാരായണനും ചേർന്ന് പുരോഗമന കലാസാഹിത്യ സംഘത്തിനകത്ത് ഗൂഢ സവർണ മുന്നണി രൂപപ്പെടുത്തിയിട്ടുണ്ടെന്ന അതിരൂക്ഷ വിമർശനവും പി.കെ. പോക്കർ ആത്മകഥയിൽ ഉയർത്തുന്നു.
വി.എസ് അച്യുതാനന്ദൻ സർക്കാറിന്റെ കാലത്ത് നെയ്യാർ ഡാമിൽ വെച്ച് നടന്ന സാഹിത്യകാമ്പിലെ അനുഭവമാണ് 'എരിക്കിൻ തീയിലെ 'ദലിത് സാഹിത്യവും സൗന്ദര്യശാസ്ത്രവും അവർക്ക് സഹിക്കില്ല' എന്ന അധ്യായത്തിൽ പറയുന്നത്. അന്ന് മന്ത്രിയായിരുന്ന എ.കെ.ബാലന്റെ ഓഫീസിൽ നിന്ന് ലഭിച്ച ക്ഷണ പ്രകാരം ക്യാമ്പിനെത്തിയതും തുടർന്നുണ്ടായ അനുഭവങ്ങളുമാണ് ഈ ഭാഗത്ത് പറയുന്നത്. അന്നുണ്ടായ ദുരനുഭവത്തിന് മറുപടി പറയാൻ മുതിർന്നപ്പോൾ പു.ക.സ സംസ്ഥാന കമ്മിറ്റി അംഗവും കവിയുമായ ഏഴാച്ചേരി രാമചന്ദ്രൻ തടഞ്ഞതും അതിന് പി.കെ.പോക്കർ നൽകിയ മറുപടിയും വിശദമായി അധ്യായത്തിൽ പറയുന്നുണ്ട്.
അധ്യായത്തിന്റെ പ്രധാന ഭാഗം ഇങ്ങനെ-
' ദലിത് സാഹിത്യവും സൗന്ദര്യശാസ്ത്രവും എന്ന വിഷയം അവതരിപ്പിക്കാനാണ് ആവശ്യപ്പെട്ടത്. ഞാനവിടെ ക്യാമ്പിൽ എത്തുമ്പോൾ ഒരു ക്ലാസ് നടന്നുകൊണ്ടിരിക്കയായിരുന്നു. എങ്കിലും അത് പെട്ടെന്ന് അവസാനിച്ചതിനാൽ ഞാൻ എന്റെ അവതരണം തുടങ്ങി. കവിയും പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി അംഗവുമായ ഏഴാച്ചേരി രാമചന്ദ്രൻ ആയിരുന്നു ക്യാമ്പ് ഡയറക്ടർ. ഞാൻ സംസാരിച്ചത് മുഖ്യമായും ഞാൻ സ്വാംശീ കരിച്ച മാർക്‌സിസ്റ്റ് ചട്ടക്കൂടിൽനിന്നാണ്. അതേസമയം അർജുൻ ഡാംഗ്ലെ എഡിറ്റ് ചെയ്ത വിഷം ചേർത്ത അപ്പം (Arjun Dangle, Poisoned Bread) എന്ന കൃതിയെ അടിസ്ഥാനമാക്കിയാണ് എന്തു കൊണ്ട് ദലിത് സാഹിത്യം എന്ന അവതരണം നടത്തിയത്.
സൗന്ദര്യശാസ്ത്രത്തിൽ ഭൗതികവാദപരമായ സമീപനം എങ്ങനെ മാർക്‌സസിസ്റ്റ് വ്യാഖ്യാനം വികസിപ്പിച്ചു എന്ന കാര്യമാണ് ആദ്യമായി അവതരിപ്പിച്ചത്. കലയും സാഹിത്യവും ഉൾവിളിയോ സിദ്ധിയോ അല്ലെന്ന് വിശദമായി ഉദാഹരണസഹിതം വിശദീക രിച്ചു. അതോടൊപ്പം കലയിലും സാഹിത്യത്തിലും മാറ്റങ്ങൾ ഉണ്ടാ വുന്നതും ആധുനിക വ്യവസായം നോവലും ഫോട്ടോഗ്രഫിയും സിനിമയും ഉണ്ടാക്കിയതും ചുരുക്കിപ്പറഞ്ഞുകൊടുത്തു. അതിനു ശേഷം പ്രത്യയശാസ്ത്രം എന്താണെന്നും അതിനകത്ത് കലയും സാഹിത്യവും പ്രതിനിധാനം ചെയ്യപ്പെടുന്നതും പറയുകയുണ്ടായി. കേരളസാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച കവിയൂർ മുരളിയുടെ
ദലിത് ഭാഷ എന്ന പുസ്തകവും അതിൽ മുന്നോട്ടുവെച്ച ഭാഷാ വിമർശനവും സൂചിപ്പിച്ചു. ആനുഷംഗികമായി Black aesthetics സൂചിപ്പിച്ചുകൊണ്ട് വിഷം ചേർത്ത അപ്പത്തിലേക്ക് വന്നു.
മുത്തച്ഛൻ മരിക്കാൻനേരത്ത് ജാതിവ്യവസ്ഥ നിർണയിച്ചു വെച്ച അപ്പം അഥവാ ചോറുതിന്നരുതെന്ന ഒസ്യത്ത് പേരമകന് കൊടുക്കുന്നതാണ് കഥ. അയ്യങ്കാളിയുടെ ഇരുപത് ബി. എക്കാർ ഉണ്ടായിക്കാണണമെന്ന ആഗ്രഹവും ഇതുതന്നെയെന്ന് പറയാം. ജാതിവ്യവസ്ഥയിൽ എങ്ങനെ അടിത്തട്ട് മനുഷ്യൻ ജീവിക്കുന്നു, അഥവാ ജീവിക്കേണ്ടിവരുന്നു എന്ന ചോദ്യമാണ് ഡാംഗ്ലേയുടെ പുസ്തകത്തിലെ കഥകളും കവിതകളും നമ്മോടു പറയുന്നത്. ബന്ധു മാധവ് രചിച്ച കഥയിൽ യഥലേയ എന്നുപേരായ മുത്തച്ഛൻ ജന്മിയോടു പറയുന്നത് 'ഞാൻ നിങ്ങളുടെ യാചകനായ മഹറാണ്, അതിൽ അഭിമാനിക്കുകയും ചെയ്യുന്നു' എന്നാണ്. ജന്മിയായ ബാപ്പു പട്ടേൽ മറുപടിയായി പറയുന്നത് 'മഹറുകൾ ജാതി ഉപേക്ഷിക്കുന്നതിനാൽ വരൾച്ച ഉണ്ടാവുന്നതും ചന്ദ്രഭാഗപ്പുഴ വറ്റിപ്പോയതുമാണ്.' ജാതി ദൈവേച്ഛയാണെന്ന് ഉടമയും അടിമയും ഒരുപോലെ വിശ്വസിക്കണം. ആ വിശ്വാസത്തിനു പോറലേല്പിക്കുന്നതായിരുന്നു പ്രഭാഷണം.
തൊഴിലെടുക്കുന്ന മനുഷ്യർ എങ്ങനെ സ്വയം അടിമത്തത്തിൽ അഭിമാനിക്കും വിധം ദുർവിധിയിൽ ജീവിക്കുന്നു എന്ന ചോദ്യം ഈ മറാത്തി എഴുത്തുകാർ വ്യത്യസ്ത ആഖ്യാനങ്ങളിലൂടെ ചോദിക്കുന്നു. അറിവുനേടുകയും ജാതി വ്യവസ്ഥയ്ക്ക് വിധേയപ്പെടാതെ ജീവിക്കുകയും വേണമെന്ന സന്ദേശം ഉയർന്നുവരുന്ന സാഹചര്യം കൂടി ഞാനവിടെ പ്രതിപാദിച്ചു. കുമാരനാശാന്റെ കവിതകളിലെ ചില ഉദാഹരണവും നല്കി. അങ്ങനെ ഒരുവിധം നന്നായി കാര്യ ങ്ങൾ അവതരിപ്പിച്ചശേഷം ചർച്ചയ്ക്കുള്ള സമയമായെന്ന സൂചന കിട്ടിയപ്പോൾ ഞാൻ അവതരണം അവസാനിപ്പിച്ചു.
പെട്ടെന്നതാ എനിക്കുമുമ്പ് അവിടെ സംസാരിച്ച മഹദ് വ്യക്തി ചാടി എഴുന്നേല്ക്കുന്നു. അദ്ദേഹത്തിന്റെ പേര് എനിക്കിപ്പോൾ ഓർമ്മയില്ല. കാരണം പിന്നീട് ഒരിക്കലും എവിടെവെച്ചും ഞാനദ്ദേഹത്തെ കണ്ടുമുട്ടിയിട്ടില്ല. അദ്ദേഹം വികാരഭരിതനായി അര മണിക്കൂറോളം എനിക്കു മറുപടിയായി സംസാരിച്ചു. 'എന്തു ദലിത്, എന്തു ജാതി, ഞാൻ ഒരു മണിക്കൂർ ക്ലാസ്സെടുത്തില്ലേ, നിങ്ങൾക്കു ഞാൻ ബ്രാഹ്മണനാണെന്ന് തോന്നിയോ?' ചോദ്യം കേട്ട ഉടനേ ഒരു പെൺകുട്ടി എഴുന്നേറ്റ് 'തോന്നി സാർ' എന്ന് മറുപടി പറഞ്ഞു. അന്നവിടെ എനിക്കറിയാവുന്ന ഒരേ ഒരാൾ ഡയറക്ടർ ആയ ഏഴാച്ചേരി രാമചന്ദ്രൻ മാത്രമാണ്. ആ സ്വയം ബ്രാഹ്മണനെന്ന് പ്രഖ്യാപിച്ച വ്യക്തിക്ക് മറുപടി നല്കാൻ ഞാൻ എഴുന്നേറ്റപ്പോൾ ഏഴാച്ചേരി എന്നെ തടഞ്ഞു. 'വേണ്ട, ഇവിടെ നിർത്താം' എന്നായി ഏഴാച്ചേരി. ഞാനങ്ങനെ വിടുമോ, 'ഏഴാച്ചേരി കളി വേണ്ട. ഞാൻ ഇവിടെ ക്ഷണിച്ചിട്ടു വന്നതാണ്.' കുട്ടികളുടെ ചോദ്യത്തിനുള്ള സമയം അദ്ദേഹം അപഹരിക്കുമ്പോൾ അതായിരുന്നു ഡയറക്ടറായ താങ്കൾ തടയേണ്ടത്. അങ്ങനെ ഞാൻ ഒച്ചവെച്ചപ്പോൾ സദസ്സ് ഒന്നടങ്കം എനിക്കു പിന്തുണ നല്കി. ഞാൻ മറുപടി പറയണമെന്ന് അവരും ആവശ്യപ്പെട്ടു.'
അതിന് ശേഷം വേദികളിൽ നിന്ന് ഒതുക്കപ്പെട്ടതിനെ കുറിച്ചും പി.കെ. പോക്കർ പറയുന്നു. ' ഇടതുപക്ഷ പുരോഗമനപ്രസ്ഥാനങ്ങളിൽ കീഴാളരെയും ദലിതരേയും ന്യൂനപക്ഷങ്ങളെയും അനുസരണയുള്ള ജാതിച്ചോർ തിന്നുന്ന യാജകരാക്കി മാറ്റാമെന്ന ധാരണയ്ക്ക് പരിക്ക് പറ്റിയത് കൊണ്ട് പിന്നീട് സാവകാശം ക്ലാസുകളിൽ നിന്ന് സംഘാടകർ ഒഴിവാക്കി ' എന്നാണ് പി.കെ.പോക്കർ പറയുന്നത്.
ആത്മകഥയിൽ പറയുന്നത്-
'ഇടതുപക്ഷ പുരോഗമനപ്രസ്ഥാനങ്ങളിൽ കീഴാളരെയും ദലിതരെയും ന്യൂനപക്ഷങ്ങളെയും അനുസരണയുള്ള ജാതിച്ചോർ തിന്നുന്ന യാചകരാക്കി മാറ്റാമെന്ന ധാരണയ്ക്കു പരിക്ക് പറ്റിയതു കൊണ്ട് പിന്നീട് സാവകാശം ക്ലാസ്സുകളിൽനിന്നും എന്നെ സംഘാടകർ ഒഴിവാക്കി. സവർണ പ്രത്യയശാസ്ത്രത്തിന് സേവ ചെയ്യുന്ന അനുസരണയുള്ള കുഞ്ഞാടായി നിൽക്കാനുള്ള ആജ്ഞകൾ ചിലപ്പോൾ പരസ്യമായും മറ്റു ചിലപ്പോൾ ഗൂഢമായും പുറപ്പെടുവിക്കുന്നത് ഞാൻ ചെവിക്കൊണ്ടേ ഇല്ല. പഠിച്ചു ബോധ്യ പ്പെട്ട കാര്യങ്ങൾ പറയാതെ ഒരാൾ പബ്ലിക് ഇന്റലക്ച്വൽ ആവുന്നത് എങ്ങനെ? തെറ്റ് തിരുത്തി മുന്നോട്ടുപോവുകയാണ് കമ്യൂണിസ്റ്റ് ആദർശം. മാർക്‌സ് നൽകുന്ന പാഠവും അതുതന്നെയാണ്. എന്നാൽ നിലനിൽക്കുന്നതും അനുഭവിക്കുന്നതുമായ പ്രിവിലേജ് നഷ്ടപ്പെടാൻ ഒട്ടും തയ്യാറില്ലാത്ത ഒരു വിഭാഗം സവർണ 'ബുദ്ധി ജീവികൾ' അവർക്കനുയോജ്യമായ സിദ്ധാന്തങ്ങൾ ചമയ്ക്കുകയും അവ പു.ക.സയിലേക്ക് ഒളിച്ചുകടത്തുകയും ആയിരുന്നു. അന്ന വിടെ സൗന്ദര്യശാസ്ത്രത്തെ നിഗൂഢമാക്കിയ അതേ നിലപാടു കാർതന്നെയാണ് ഇപ്പോൾ വേടനെ വേട്ടയാടുന്നത്. ചരിത്രവഴി യിൽ ഒരുപാട് കല്ലേറുകൾകൊണ്ടവരും ആ കല്ലുകൾ എടുത്തു വഴിവെട്ടിയവരും ഇന്ന് വേടനു കൂട്ടുണ്ട്. 'മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ /മാറ്റുമതുകളീ നിങ്ങളേ താൻ.'
ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡെപ്യൂട്ടേഷന്റെ ഭാഗമായി പോയതും കാലവധി തീർന്ന് യൂണിവേഴ്‌സിറ്റിയിൽ അധ്യാപകനായി പ്രവേശിച്ച ശേഷം ചെയ്യാത്ത തെറ്റ് ആരോപിച്ച് സസ്‌പെൻഷനിലായപ്പോൾ ഇടതുപക്ഷത്തിന്റെ നിലപാടും പി.കെ. പോക്കർ 'ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടും ഭരണനിർവഹണ സംവിധാനങ്ങളും അധ്യായത്തിൽ തുറന്നു പറയുന്നുണ്ട്. ' പി.രാജീവും സുനിൽ പി.ഇളയിടവും ചേർന്ന് മതസ്വതമുദ്രകൂടി ചാർത്തി തന്നതോടു കൂടി എന്നെ ക്രൂശിക്കാൻ ഒരുങ്ങിനിന്നവർക്ക് കാര്യങ്ങൾ എളുപ്പമാവുകയും ചെയ്തു' എന്നാണ് ആത്മകഥയുടെ 185-ാം പേജിൽ പറയുന്നത്. ഒരു വശത്ത് പുരോഗമന മതേതര പ്രസംഗം നടത്തുകയും പിന്തിരിപ്പൻമാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത് സമൂഹത്തെ വർഗീയവത്കരിക്കുന്നതിൽ നമ്മുടെ ബുദ്ധിജീവികൾക്ക് പ്രധാനപങ്കുണ്ടെന്നും ആത്മകഥയിൽ പി.കെ. പോക്കർ പറയുന്നു.
എൽഡിഎഫ് സർക്കാറിന്റെ രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായി ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ഡെപ്യൂട്ടേഷന് പോവുകയും യഥാർത്ഥമല്ലാത്ത കാരണം പറഞ്ഞ് യുഡിഎഫ് സർക്കാർ സസ്‌പെൻഡ് ചെയ്യുകയും ചെയ്തിട്ട് അതിനെ പ്രതിരോധിക്കാൻ ഇടതുപക്ഷം തയ്യാറായില്ല എന്ന നിരാശ അദ്ദേഹം ആത്മകഥയിൽ പങ്കുവെക്കുന്നുണ്ട്. സസ്‌പെൻഷന് ശേഷവും യുഡിഎഫ് സർക്കാറിന്റെ കാലത്ത് സാഹിത്യ അക്കാദമി തന്നെ പരിപാടികളിൽ വിളിച്ചിരുന്നു എന്നും ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് കെ.പി. മോഹനന്റെ നേതൃത്വത്തിൽ വന്ന ഭരണസമിതി തന്നെ തഴഞ്ഞുവെന്ന വിമർശനവും പി.കെ. പോക്കർ ഉയർത്തുന്നു.
ആത്മകഥയിൽ പറയുന്നത് ഇങ്ങനെയാണ്-'
'യുഡിഎഫ് ആണ് എന്നെ സസ്‌പെൻഡ് ചെയ്തതെങ്കിലും സ്വത്വവാദാനന്തര വേട്ടയിൽ അഭിരമിക്കുന്നവരാണ് ആ സന്ദർഭത്തിൽ കൂടുതൽ സന്തോഷിച്ചത്. ഇന്നത്തെ യു. ഡി. എഫ്. ഭരിക്കാൻ തുടങ്ങിയ കേരള സാഹിത്യഅക്കാദമിയിൽ പലതവണ സെമിനാറുകൾക്കും പ്രഭാഷണങ്ങൾക്കും എന്നെ വിളിച്ചപ്പോൾ പു.ക.സ.യും പിന്നീടുവന്ന സാഹിത്യഅക്കാദമിയും കെ. പി. മോഹനന്റെ നേതൃത്വത്തിൽ എന്നെ അപ്രഖ്യാപിതമായി ഒഴിവാക്കുകയാണ് ചെയ്തത്. അപ്പോഴേക്കും ഒരു ഗൂഢ സവർണ മുന്നണി സാഹിത്യസംഘത്തിനകത്തുതന്നെ രൂപപ്പെടുത്താൻ എം. എം. നാരായണനും സുനിൽ പി. ഇളയിടത്തിനും കഴിഞ്ഞിരുന്നു.' സസ്‌പെൻഷൻ കാലത്ത് അന്നത്തെ യൂണിവേഴ്‌സിറ്റി പിആർഒ ആയിരുന്ന കവി ടി.പി.രാജീവനെ ഒരു മാധ്യമപ്രവർത്തകൻ വിളിച്ച് അന്വേഷിച്ചപ്പോൾ ലഭിച്ച മറുപടിയും ആത്മകഥയിൽ ഉണ്ട്.
ആത്മകഥയിലെ ഭാഗം ഇങ്ങനെ
'മൂന്നു മാസത്തെ സസ്‌പെൻഷൻ കാലം ഞാൻ തത്ത്വ ചിന്തയും സൗഹൃദവും എന്ന പുസ്തകരചനയ്ക്ക് നീക്കിവെച്ചു. പിന്നീട് ആ പുസ്തകം കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തന്നെ പ്രസിദ്ധീ കരിച്ചു. മനോരമ ചാനലിലെ ജേക്കബ് യൂണിവേഴ്സിറ്റി പി. ആർ. ഒ. എന്ന നിലയിൽ ടി. പി. രാജീവനെ വിളിച്ചു സംസാരിച്ചത് എന്റെ വീട്ടിലെ ഓഫീസ് റൂമിൽവെച്ചാണ്. എല്ലാ കാര്യ ങ്ങളും പഠിച്ചശേഷമാണ് അദ്ദേഹം രാജീവനെ വിളിച്ചത്. രാജീവൻ പറഞ്ഞ മറുപടി സത്യസന്ധമായിരുന്നു. രാജീവൻ പറഞ്ഞത്, സസ്‌പെൻഷൻ പ്രത്യയശാസ്ത്രപരമാണ്' എന്നു കരുതിക്കൊ ള്ളാനാണ്. പിന്നീട് ടി. പി. രാജീവൻ സാംസ്‌കാരികവകുപ്പ് മന്ത്രി കെ. സി. ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറിയായി ജോലി ചെയ്തു. ജീവിതസായാഹ്നത്തിൽ എനിക്ക് അതൊരു വേറിട്ട അനുഭവ പാഠം. '
ഡിസി ബുക്ക്‌സ് പ്രസിദ്ധീകരിച്ച 'എരിക്കിൻ തീ' ഡിസംബർ 23 ന് കെ.പി.കേശവമേനോൻ ഹാളിൽ വെച്ച് പ്രകാശനം ചെയ്യും. പ്രശസ്ത കഥാകൃത്ത് ടി.പത്മനാഭൻ പ്രകാശനം ചെയ്യുന്ന പുസ്തകം പി.കെ. പാറക്കടവ് ഏറ്റുവാങ്ങും. ഡോ.ഖദീജ മുംതാസ് മുഖ്യ പ്രഭാഷണം നടത്തും. പ്രൊഫ.കെ.ഇ.എൻ പ്രഭാഷണം നടത്തും. നവീൻ പ്രസാദ് അലക്‌സ് പുസ്തകപരിചയം നടത്തും.
Adjust Story Font
16

