Quantcast

'ശശി തരൂരിനെ നേരിൽകണ്ടാണ് സവര്‍ക്കര്‍ അവാർഡ് വിവരം അറിയിച്ചത്,സ്വീകരിക്കുമെന്നും പറഞ്ഞു'; എച്ച്ആർഡിഎസ്

അവാർഡിനെക്കുറിച്ച് മാധ്യമങ്ങളിലൂടെ മാത്രമാണ് അറിഞ്ഞതെന്നാണ് അറിഞ്ഞതെന്ന് തരൂര്‍ എക്സിൽ കുറിച്ചു

MediaOne Logo

Web Desk

  • Published:

    10 Dec 2025 1:03 PM IST

ശശി തരൂരിനെ നേരിൽകണ്ടാണ് സവര്‍ക്കര്‍ അവാർഡ് വിവരം അറിയിച്ചത്,സ്വീകരിക്കുമെന്നും പറഞ്ഞു;  എച്ച്ആർഡിഎസ്
X

ന്യൂഡല്‍ഹി: ശശി തരൂരിനെ നേരിൽകണ്ടാണ് പ്രഥമ സവര്‍ക്കര്‍ പുരസ്കാരം ലഭിച്ച വിവരം അറിയിച്ചതെന്ന് എച്ച്ആർഡിഎസ്. അവാർഡ് സ്വീകരിക്കുമെന്ന് തരൂർ അറിയിച്ചിരുന്നു.തരൂർ പങ്കെടുക്കില്ലെന്ന് ഔദ്യോഗികമായി ഇത് വരെ അറിയിച്ചിട്ടില്ലെന്നും എച്ച്ആര്‍ഡിഎസ് സ്ഥാപക സെക്രട്ടറി അജി കൃഷ്ണൻ പറഞ്ഞു. രണ്ടാഴ്ച മുന്‍പാണ് അവാര്‍ഡ് ജൂറി ചെയര്‍മാനടക്കം വീട്ടില്‍പോയി കണ്ടത്. കൂടെ അവാര്‍ഡ് വാങ്ങുന്നവരുടെ പട്ടികയും കൈമാറി.കോണ്‍ഗ്രസിന്‍റെ ഭാഗത്ത് നിന്നുള്ള ഭീഷണി കാരണമാകാം അദ്ദേഹം അവാര്‍ഡ് വാങ്ങുന്നതില്‍ നിന്ന് പിന്മാറിയതെന്നും അജി കൃഷ്ണന്‍ പറഞ്ഞു.

അതേസമയം, സവർക്കർ പുരസ്കാരം ശശി തരൂർ ഏറ്റുവാങ്ങില്ല. അവാർഡിനെക്കുറിച്ച് മാധ്യമങ്ങളിലൂടെ മാത്രമാണ് അറിഞ്ഞതെന്ന് തരൂർ പറഞ്ഞു. അവാർഡ് നൽകുന്ന സംഘടനയുടെ പശ്ചാത്തലം, അവാർഡിന്റെ സ്വഭാവം എന്നിവയിൽ അവ്യക്ത തുടരുകയാണ്. അതിനാൽ പരിപാടിയിൽ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും തരൂർ എക്സിൽ കുറിച്ചു. തരൂർ ഉൾപ്പെടെ ആറുപേർക്കാണ് പ്രഥമ സവർക്കർ പുരസ്കാരം പ്രഖ്യാപിച്ചത്. ഡൽഹിയിൽ ഇന്ന് നടക്കുന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങാണ് അവാർഡ് സമ്മാനിക്കുന്നത്. തരൂർ അവാർഡ് സ്വീകരിക്കുന്നതിനെതിരെ കോൺഗ്രസിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു.

തരൂർ കോൺഗ്രസ് രാഷ്ട്രീയ വിവാദങ്ങൾക്കിടെയാണ് ആർഎസ്എസ് ബന്ധമുള്ള സംഘടനയിൽ നിന്നും അവാർഡ് സ്വീകരിക്കുന്നു എന്ന വാർത്ത വിവാദമായത്.

സവർക്കരുടെ പേരിലുള്ള അവാർഡ് സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ശശി തരൂർ ആണെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. ചില കോൺഗ്രസ് നേതാക്കൾ സവർക്കറെ മനസിൽ സ്വീകരിച്ചുകൊണ്ട് കേരളത്തിൽ തുടരുന്നുണ്ട്. പ്രത്യയശാസ്ത്രപരമായി ആർഎസ്എസിനെ അംഗീകരിക്കുന്നു, രാഷ്ട്രീയ പാർട്ടിയായി കോൺഗ്രസിൽ തുടരുന്നു എന്നതാണ് കാണുന്നതെന്നും പി.രാജീവ് പറഞ്ഞു.


TAGS :

Next Story