Quantcast

ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ; കിളികൊല്ലൂരിലെ പൊലീസ് അതിക്രമത്തിൽ കേസെടുത്തു

പതിനഞ്ച് ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദ്ദേശം

MediaOne Logo

Web Desk

  • Published:

    20 Oct 2022 1:11 PM GMT

ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ; കിളികൊല്ലൂരിലെ പൊലീസ് അതിക്രമത്തിൽ കേസെടുത്തു
X

കൊല്ലം: കൊല്ലം കിളികൊല്ലൂരിൽ യുവാക്കളെ പൊലീസ് മർദ്ദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പരാതിയിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ അംഗം വികെ ബീനാകുമാരി കൊല്ലം ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി. പതിനഞ്ച് ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദ്ദേശം. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.

കൊല്ലം കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിലെത്തിയ ചവറ സ്വദേശികളായ സൈനികൻ വിഷ്ണുവിനെയും സഹോദരൻ വിഘ്‌നേഷിനെയുമാണ് പൊലീസ് ക്രൂരമായി മർദ്ദിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പൊലീസുകാർ കൈവിരലുകൾ തല്ലിയോടിച്ചെന്ന് യുവാക്കൾ ആരോപിച്ചു. എം.ഡി.എം.എ.യുമായി കരിക്കോട് ജങ്ഷനില്‍നിന്ന് നാലുപേരെ കിളികൊല്ലൂര്‍ പൊലീസ് പിടികൂടിയിരുന്നു. ഇവരെ കാണാൻ എത്തിയതായിരുന്നു യുവാക്കൾ.

സന്ദർശനത്തിന് അനുമതി നൽകാതിരുന്ന പൊലീസ് ഇത് ചോദ്യം ചെയ്തപ്പോൾ ഇരുവരെയും അകാരണമായി മർദ്ദിക്കുകയായിരുന്നു. തുടർന്ന് യുവാക്കൾ പോലീസിനെ ആക്രമിച്ചെന്ന പേരിൽ ഉദ്യോഗസ്ഥർ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. എന്നാൽ, ഈ കേസ് വ്യാജമാണെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണത്തിൽ വ്യക്തമായിരുന്നു. സംഭവത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ ജില്ലാ പോലീസ് കമ്മീഷണർ സ്ഥലം മാറ്റിയിരുന്നു.

എന്നാൽ, പൊലീസുകാർക്കെതിരെ നിസാര നടപടിയാണെടുത്തതെന്ന് ചൂണ്ടിക്കാട്ടി ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ കിളികൊല്ലൂർ പൊലീസ് സ്റ്റേഷന് മുന്നിൽ വൻ പ്രതിഷേധം നടന്നു. പ്രതിഷേധം കനത്തതോടെ നാല് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു. എസ്.എച്ച്.ഒ വിനോദ് ഉൾപ്പടെയുള്ളവർക്കെതിരെയാണ് നടപടി. പൊലീസുകാർക്ക് വീഴ്ച പറ്റിയെന്ന് കമ്മീഷണർ ദക്ഷിണ മേഖലാ ഐജിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിഐ വിനോദ്, എസ്ഐ അനീഷ്, എഎസ്ഐ പ്രകാശ് ചന്ദ്രൻ, സിപിഒ മണികണ്ഠൻ എന്നിവരെ സസ്‌പെൻഡ് ചെയ്തത്.

TAGS :

Next Story