Quantcast

അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത്; 50 പേർ ഇരകളാക്കപ്പെട്ടുവെന്ന് കണ്ടെത്തൽ

20 പേരെ ഇറാനിലെത്തിച്ച് അവയവദാനം നടത്തിയെന്നാണ് കേസിലെ മുഖ്യപ്രതിയായ സാബിത് നാസർ മൊഴി നൽകിയിരുന്നത്

MediaOne Logo

Web Desk

  • Updated:

    2024-06-10 03:13:07.0

Published:

10 Jun 2024 8:35 AM IST

human trafficking for organ trade finding that 50 people were victimized
X

കൊച്ചി: അവയവ കച്ചവടത്തിനായി മനുഷ്യക്കടത്ത് നടത്തിയ കേസിൽ 50 പേർ അവയവ കച്ചവടത്തിന്റെ ഇരകളെന്ന് പൊലീസ്. ആന്ധ്ര,തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ പേർ ഇരകളാക്കപ്പെട്ടത്. ഇരയായ, പാലക്കാട് സ്വദേശി ഷെമീറിന്റെ രഹസ്യമൊഴിയും രേഖപ്പെടുത്തും.

20 പേരെ ഇറാനിലെത്തിച്ച് അവയവദാനം നടത്തിയെന്നാണ് കേസിലെ മുഖ്യപ്രതിയായ സാബിത് നാസർ മൊഴി നൽകിയിരുന്നത്. എന്നാൽ പിന്നീട് വിജയവാഡ സ്വദേശി ബല്ലം ഗൊണ്ട രാം പ്രസാദിനെ ചോദ്യം ചെയ്തതിൽ നിന്നും ഇതര സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ നിന്നുമാണ് കൂടുതൽ ആളുകൾ അവയവ കച്ചവടത്തിന്റെ ഇരകളാക്കപ്പെട്ടു എന്ന നിർണായക വിവരം പ്രത്യേക അന്വേഷണസംഘത്തിന് ലഭിച്ചത്.

ഇയാൾ അടങ്ങുന്ന മലയാളി സംഘം 50 പേരെ ഇറാനിൽ എത്തിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഓരോ പ്രാവശ്യം അവയവ കച്ചവടം നടക്കുമ്പോഴും 60 ലക്ഷം വരെ വാങ്ങിയ ശേഷം 6 ലക്ഷം വീതമാണ് അവയവതാതാക്കൾക്ക് സംഘം നൽകിയത്. അവയവ കച്ചവടത്തിന് ഇരകളായവരിൽ കൂടുതൽ മലയാളികൾ ഇല്ലെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിൽ ഉള്ള അവയവദാതാക്കളെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. അതിനിടെ ഇരയായ പാലക്കാട് തിരുനെല്ലായി സ്വദേശി ഷെമീറിന്റെ രഹസ്യമൊഴി രേഖപ്പെടുത്താനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. കേസിൽ ഇയാളെ പ്രധാന സാക്ഷിയാക്കാനുള്ള തീരുമാനത്തിന് പിന്നാലെയാണ് ഇത്. അവയവ കച്ചവട സംഘത്തിലെ സാബിത് നാസർ, സജിത് ശ്യാം, മധു എന്നിവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും ഷെമീർ പൊലീസിന് നൽകിയിട്ടുണ്ട്.


TAGS :

Next Story