'ഞാൻ രേവതി' കാനഡയിലെ വാൻകൂവർ ചലച്ചിത്രമേളയിലേക്ക്
2025 ഒക്ടോബർ രണ്ടുമുതൽ 12 വരെ കാനഡയിൽ വച്ച് നടക്കുന്ന ഫെസ്റ്റിവലിൽ ഏഴ്, എട്ട് തീയ്യതികളിലായി 'ഞാൻ രേവതി'യുടെ രണ്ട് പ്രദർശനങ്ങൾ നടക്കും

ലോകത്തിലെ പ്രശസ്ത ചലച്ചിത്ര മേളകളിലൊന്നായ 44ാമത് വാൻകൂവർ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലേക്ക് പി.അഭിജിത്ത് സംവിധാനം ചെയ്ത 'ഞാൻ രേവതി തെരഞ്ഞെടുക്കപ്പെട്ടു. ദീപിക സുശീലൻ ക്യൂറേറ്റ് ചെയ്യുന്ന 'എഡ്ജസ് ബിലോങ്ങിംഗ്: ടെയിൽസ് ഓഫ് ഗ്രിറ്റ് ആൻഡ് ഗ്രേസ് ഫ്രം ഇന്ത്യ എന്ന ഫോക്കസ് വിഭാഗത്തിലാണ് ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നത്.
2025 ഒക്ടോബർ രണ്ടുമുതൽ 12 വരെ കാനഡയിൽ വച്ച് നടക്കുന്ന ഫെസ്റ്റിവലിൽ ഏഴ്, എട്ട് തീയ്യതികളിലായി 'ഞാൻ രേവതി'യുടെ രണ്ട് പ്രദർശനങ്ങൾ നടക്കും. ബാഡ് ഗേൾ, സൈക്കിൾ മഹേഷ്, ഹിഡൻ ട്രെമോർസ്, സീക്രട്ട്‌സ് ഓഫ് എ മൗണ്ടൻ സെർപന്റ് തുടങ്ങിയ ചിത്രങ്ങളും ഇന്ത്യയിൽ നിന്ന് മേളയിലെ ഫോക്കസ് വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
എഴുത്തുകാരിയും ആക്ടിവിസ്റ്റും അഭിനേതാവുമായ ട്രാൻസ് വുമൺ എ.രേവതിയുടെ ജീവിതത്തിലൂടെയുള്ള യാത്രയാണ് ഡോക്യുമെന്ററിയുടെ ഇതിവൃത്തം. തിരുവനന്തപുരത്ത് നടന്ന ഐഡിഎസ്എഫ്എഫ്‌കെയിൽ മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച ഞാൻ രേവതി മുംബൈയിലെ കാഷിഷ് പ്രൈഡ് ഫിലിം ഫെസ്റ്റിവൽ, റീൽ ഡിസയേഴ്‌സ് ചെന്നൈ ക്വിയർ ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
സെപ്റ്റംബർ അഞ്ചു മുതൽ ഏഴുവരെ ഹിമാചൽ പ്രദേശിലെ ഷിംലയിൽ നടക്കുന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഷിംലയിൽ മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കും. കോഴിക്കോട് നടന്ന ഐഇഎഫ്എഫ്‌കെ സ്വതന്ത്ര ചലച്ചിത്ര മേളയിൽ മികച്ച സിനിമക്കുള്ള ഓഡിയൻസ് പോൾ അവാർഡ് ഞാൻ രേവതിക്ക് ലഭിച്ചിട്ടുണ്ട്.
പ്രപഞ്ചം ഫിലിംസിന്റെ ബാനറിൽ എ.ശോഭിലയാണ് ഡോക്യുമെന്ററി നിർമിച്ചിരിക്കുന്നത്. പി. ബാലകൃഷ്ണൻ, ടി.എം ലക്ഷ്മിദേവി എന്നിവരാണ് സഹ നിർമാതാക്കൾ. എ.മുഹമ്മദ് ഛായാഗ്രഹണം, അമൽജിത്ത് എഡിറ്റിങ്, വിഷ്ണു പ്രമോദ് സൗണ്ട് ഡിസൈൻ, സാജിദ് വി.പി കളറിസ്റ്റ്, രാജേഷ് വിജയ് സംഗീതം, ആസിഫ് കലാം സബ്‌ടൈറ്റിൽസ്, അഡീഷണൽ ക്യാമറ ചന്തു മേപ്പയൂർ, ക്യാമറ അസി.കെ.വി.ശ്രീജേഷ്, അമീർ ഫൈസൽ ഡിസൈൻ, കെൻസ് ഹാരിസ് ടൈറ്റിൽ, പി.ആർ സുമേരൻ പിആർഒ തുടങ്ങിയവരാണ് സാങ്കേതിക പ്രവർത്തകർ.
Adjust Story Font
16

