'തുഷാർ വരേണ്ടെന്ന് ഞാൻ നേരിട്ട് അറിയിച്ചു, ചർച്ചയ്ക്കായി ഒരു രാഷട്രീയ നേതാവിനെ വിടുന്നത് ആർക്കുവേണ്ടിയാണ് ?': സുകുമാരൻ നായർ
കാര്യങ്ങൾ എല്ലാം മനസിലാകുന്നുണ്ടെന്നും സുകുമാരൻ നായർ

കോട്ടയം: സാമുദായിക ഐക്യത്തിൽ നിന്ന് പിന്മാറാനുള്ള പ്രധാന തീരുമാനത്തിന് പിന്നിൽ ഒരുകാരണം ചർച്ചയ്ക്കായി തുഷാർ വെള്ളാപ്പള്ളിയെ അയച്ചതാണെന്ന് സുകുമാരൻ നായർ. രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന കേരളത്തിലെ ഒരു പ്രധാന നേതാവിനെ, മകനായാലും വിടാൻ പാടില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ഐക്യത്തിന് പിന്നിൽ ചില രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് സംശയം തോന്നി. രാഷ്ട്രീയ ലക്ഷ്യങ്ങളെന്തെന്ന് ഇപ്പോൾ പറയുന്നില്ല. സമദൂരം എന്ന കാര്യം ഈ ഐക്യത്തിൽ നടക്കില്ല. രാഷ്ട്രീയ ലക്ഷ്യത്തെക്കുറിച്ച് സംശയിക്കുമ്പോൾ സമദൂരത്തെകുറിച്ചും സംശയങ്ങളുണ്ടാവുമല്ലോയെന്നും ചോദ്യം. രണ്ട് സംഘടനകൾ ഒന്നിക്കേണ്ടത് കാലത്തിൻ്റെ ആവശ്യമായിരുന്നു. പക്ഷെ അത് ഉന്നയിച്ച ആളുകളുടെ ആലോചനയുടെ പിന്നിൽ രാഷ്ട്രീയ ലക്ഷ്യം ഉണ്ടെന്ന് തോന്നിയെന്നും സുകുമാരൻ നായർ.
'തുഷാർ വരേണ്ടെന്ന് ഞാൻ തന്നെ നേരിട്ട് അറിയിച്ചു. പെട്ടന്ന് തീരുമാനം എടുക്കണം എന്നത് കൊണ്ടാണ് ഡയറക്ടർ ബോർഡ് ചേരുന്നതിന് മുൻപ് അങ്ങനെ പറഞ്ഞത്. ഞങ്ങൾക്ക് കാര്യങ്ങൾ മനസ്സിലാകുന്നുണ്ട്. ഒറ്റയ്ക്ക് പോകുന്നതിനുള്ള എല്ലായിതും എൻഎസ്എസിനുണ്ട്. ഞാൻ സംസാരിക്കുന്നത് എൻ്റെ സംഘടനയ്ക്ക് വേണ്ടിയാണ്. അവർ സംസാരിക്കുന്നത് ആർക്കുവേണ്ടിയാണെന്ന് അറിയില്ല. നിഷ്പക്ഷമായി നിൽക്കുന്ന ഒരു സംഘടനയുമായി ചർച്ച നടത്തുമ്പോൾ അതിനെപറ്റി സംസാരിക്കാൻ ഒരു രാഷട്രീയ നേതാവിനെ വിടുകയെന്നാൽ അത് ആർക്കുവേണ്ടിയാണെന്നും സുകുമാരൻ നായർ ചോദിച്ചു.
Adjust Story Font
16

