'യുവതികൾ എത്തിയപ്പോൾ ശബരിമല നട അടച്ചിടാൻ തന്ത്രിക്ക് നിർദേശം നൽകിയത് ഞാന്‍'; വെളിപ്പെടുത്തലുമായി പി.എസ് ശ്രീധരൻ പിള്ള
ശബരിമല സ്വര്‍ണക്കൊള്ളയില്‍ തന്ത്രി കണ്ഠരര് രാജീവരര്‍ക്കെതിരെ കേസ് നിലനിൽക്കില്ലെന്നും പി.എസ് ശ്രീധരൻ പിള്ള പറഞ്ഞു

പത്തനംതിട്ട: യുവതീപ്രവേശന സമയത്ത് ശബരിമല നട അടച്ചിടാൻ തന്ത്രിയോട് താൻ പറഞ്ഞിരുന്നുവെന്ന വെളിപ്പെടുത്തലുമായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള. 'ശബരിമല 18-ാം പടി വരെ രണ്ട് യുവതികളെ പൊലീസ് യൂണിഫോമിട്ട് കൊണ്ടുപോകാൻ അവർക്ക് സാധിച്ചു. നട അടച്ചിടുന്നത് കോടതി അലക്ഷ്യമാകില്ലെന്നും ആചാര ലംഘനമുണ്ടാകില്ലെന്നും തന്ത്രിയോട് പറഞ്ഞു. താൻ സുവർണാവസരം എന്നു പറഞ്ഞതിനെ മറ്റൊരുതരത്തിൽ വ്യാഖ്യാനിച്ചു. ശബരിമല കൊള്ളയിൽ തന്ത്രി കണ്ഠരര് രാജീവരര്‍ക്കെതിരെ കേസ് നിലനിൽക്കില്ലെന്നും പി.എസ് ശ്രീധരൻ പിള്ള പറഞ്ഞു. തന്ത്രിയെ വീട്ടിലെത്തി കണ്ട ശേഷമായിരുന്നു ശ്രീധരൻ പിള്ളയുടെ പ്രതികരണം.
'സർക്കാർ സ്പോൺസേർഡ് ആയി നടത്തിയ സ്കീം പരാജയപ്പെട്ടു. സീസണലായി ഏറ്റവും അധികം വിശ്വാസികൾ വരുന്നത് ശബരിമലയിലാണ്. മക്കയിലും ബത്ലഹേമിലും തിരുപ്പതിയിലും പോകുന്നതിനേക്കാൾ കൂടുതൽ ആളുകൾ സമയങ്ങളിൽ ശബരിമലയിൽ വരാറുണ്ടെന്നും' പി.എസ് ശ്രീധരൻ പിള്ള പറഞ്ഞു.
'നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്നായിരുന്നു തന്‍റെ നിലപാട്. ബിജെപിയുടെയും നിലപാട് അതായിരുന്നു. തെളിവിന്‍റെ കണിക പോലും ഇല്ല എന്ന് എല്ലാ ഫയലും പരിശോധിച്ചതിനുശേഷം കോടതി പറഞ്ഞു. ഇത് നമ്മുടെയെല്ലാം കണ്ണ് തുറപ്പിക്കണം. തന്ത്രിയെ ജയിലിൽ ഇടാനുള്ള തീരുമാനം പൊടുന്നനെ ഉണ്ടായതല്ല. തന്ത്രിയെ 41 ദിവസം ജയിലും ഇട്ടത് ഗൂഢാലോചനയുടെ ഭാഗമാണ്. മുഖ്യമന്ത്രിയടക്കം ഇക്കാര്യത്തിൽ മാപ്പ് പറയേണ്ടതാണ്.' അദ്ദേഹം പറഞ്ഞു.
യുവതികൾ മല കയറാൻ എത്തിയാൽ നട അടച്ചിടാമെന്ന് തന്ത്രിക്ക് ഉപദേശം നൽകിയത് താനാണെന്ന് ശ്രീധരൻ പിള്ളയുടെ പുതിയ പുസ്തകത്തിൽ പറയുന്നുണ്ട്. 'ശബരിമല സമരവും സുവർണാവസര വിധിയും' എന്ന അധ്യായത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.
Adjust Story Font
16

