'പി.വി അൻവറിന്റെ ട്രാക്ക് തെറ്റാണെന്ന് തോന്നിയതുകൊണ്ടാണ് പോയി കണ്ടത്': രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ
''പിണറായിസത്തിനെതിരെ സംസാരിക്കുന്നൊരാളെന്ന നിലയിൽ എടുക്കേണ്ടുന്ന നിലപാടല്ല അൻവറിപ്പോൾ എടുക്കുന്നത്''

മലപ്പുറം: പി.വി അൻവറിനെ രാത്രി വീട്ടിലെത്തി കണ്ടത് പാർട്ടി നിർദേശപ്രകാരമല്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ.
പിണറായിസത്തിനെതിരെ നിലപാട് എടുക്കുന്നയാൾ വൈകാരികമായി പ്രതികരിക്കരുതെന്ന് ആവശ്യപ്പെട്ടെന്നും രാഹുൽ പറഞ്ഞു. നിലമ്പൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'' രണ്ട് പേർ സംസാരിച്ചൊരു കാര്യത്തെക്കുറിച്ച് പുറത്തുപറയുന്നത് ശരിയല്ലാത്തത് കൊണ്ടാണ് എന്താണ് പറഞ്ഞതെന്ന വിശദാംശങ്ങളിലേക്ക് പോകാത്തത്. അദ്ദേഹത്തിന്റെ ട്രാക്ക് തെറ്റാണ് എന്നൊരു തോന്നൽ എനിക്കുണ്ടായി. പിണറായിസത്തിനെതിരെ സംസാരിക്കുന്നൊരാളെന്ന നിലയിൽ അദ്ദേഹം എടുക്കേണ്ടുന്ന നിലപാടല്ല ഇപ്പോൾ എടുക്കുന്ന്. അതുകൊണ്ട് അദ്ദേഹത്തെ കണ്ടു''- രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
'' പാർട്ടി നേതൃത്വത്തിന് അതിന്റേതായ തീരുമാനമുണ്ട്. അതുമായി തന്നെയാണ് മുന്നോട്ടുപോകുന്നത്. കെ.സി വേണുഗോപാൽ കാണുന്നത് പോലെയല്ല ഞാൻ കാണുന്നത്. കെ.സി പാര്‍ട്ടിയിലെ രണ്ടാമനാണ്. ഞാൻ കണ്ടതിന് ഒരൊറ്റ ലക്ഷ്യമേയുള്ളൂ. അത് പിണറായിസത്തിനെതിരെ സംസാരിക്കുന്നൊരാൾ എന്ന നിലയിലാണ്''- രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടിച്ചേര്‍ത്തു.
ശനിയാഴ്ച രാത്രി 11.30 ഓടെയാണ് അൻവറിന്റെ ഒതായിയിലെ വീട്ടിൽ എത്തി, രാഹുൽ കൂടിക്കാഴ്ച നടത്തിയത്. ഒരുമണിക്കൂറിലധികം ഇരുവരുടെയും കൂടിക്കാഴ്ച നീണ്ടു. അന്‍വറുമായി ഇനി ചര്‍ച്ചയില്ലെന്ന് പാര്‍ട്ടി വ്യക്തമാക്കിയിരിക്കെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കൂടിക്കാഴ്ച. അതും അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുമെന്ന് പ്രഖ്യാപിച്ചിരിക്കെ.
Adjust Story Font
16

