ഐബി ഉദ്യോഗസ്ഥയുടെ മരണം: പ്രതി സുകാന്തിന്റെ കുടുംബവും ഒളിവില്‍; പട്ടിണിയിലായി പശുക്കളും വളര്‍ത്തുമൃഗങ്ങളും
യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് കുടുംബം വീടു വിട്ടു പോയത്

തിരൂര്‍: ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ ആരോപണം നേരിടുന്ന മലപ്പുറം എടപ്പാള്‍ സ്വദേശി സുകാന്തിന്‍റെ കുടുംബവും വീട്ടിൽ നിന്ന് മാറിയിട്ട് ഒരാഴ്ച പിന്നിടുന്നു. കുടുംബം വീടുവിട്ടതോടെ വീട്ടിലുണ്ടായിരുന്ന പശുക്കിടാങ്ങൾ ഉൾപ്പെടെയുള്ള വളര്‍ത്തുമൃഗങ്ങള്‍ പട്ടിണിയിലായി.
വളർത്തുമൃഗങ്ങളെ വട്ടംങ്കുളം പഞ്ചായത്തിന്റെ നേതൃത്വത്തിൽ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റും .യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് കുടുംബം വീടു വിട്ടു പോയത്. ഇതോടെയാണ് വീട്ടിലുണ്ടായിരുന്ന വളർത്തുമൃഗങ്ങൾ പട്ടിണിയിലായത്. തുടർന്ന് അയൽവാസിയാണ് വളർത്തുമൃഗങ്ങൾക്ക് ഭക്ഷണവും വെള്ളവും നൽകുന്നത്. ഇദ്ദേഹം വാർഡ് മെമ്പറെ വിവരമറിച്ചതിനടിസ്ഥാനത്തിലാണ് പഞ്ചായത്ത് അധികൃതരും വെറ്റിനറി ഡോക്ടർ ഉൾപ്പെടെയുള്ളവരും സ്ഥലത്തെത്തിയത്.
പഞ്ചായത്തിലെ ഡയറി ഫാം അസോസിയേഷൻ വളർത്തുമൃഗങ്ങളെ ഏറ്റെടുക്കാൻ തയ്യാറായിട്ടുണ്ടന്നും പൊലീസിന്റെ അനുമതി ലഭിച്ചാൽ ഉടൻ മാറ്റുമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് നജീബ് പറഞ്ഞു. നാല് വലിയ പശുക്കൾ, നാല് പശുക്കിടാങ്ങൾ, കോഴികൾ,നായ എന്നിവയാണ് വീട്ടിൽ ഉള്ളത്. ആത്മഹത്യാവാര്‍ത്ത പുറത്തുവന്ന ശേഷം സുകാന്തും മാതാപിതാക്കളും എവിടെയാണെന്നത് സംബന്ധിച്ച് വ്യക്തയില്ല.
Adjust Story Font
16

