ഐഡിഎസ്എഫ്എഫ്കെയില്‍ ഇത്തവണയും കേന്ദ്രത്തിന്‍റെ കട്ട്; 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതിയില്ല
സെന്‍സര്‍ സര്‍ട്ടിഫിക്കറ്റില്ലാത്ത സിനിമകള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നതിന് ചിത്രങ്ങളുടെ പട്ടിക കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കേണ്ടതുണ്ട്

തിരുവനന്തപുരം: 18-ാമത് ഐഡിഎസ്എഫ്എഫ്കെയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന 31 ചിത്രങ്ങള്‍ക്ക് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പ്രദര്‍ശനാനുമതി നൽകിയില്ല. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സെപ്റ്റംബര്‍ 25 മുതല്‍ 30 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന മേളയിലേക്ക് ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ട 18 ചിത്രങ്ങള്‍, ഇന്റര്‍നാഷണല്‍ നോണ്‍ ഫിക്ഷന്‍ വിഭാഗത്തിലെ 9 ചിത്രങ്ങള്‍, ഫെസ്റ്റിവല്‍ വിന്നേഴ്‌സ് വിഭാഗത്തിലെ മൂന്ന് ചിത്രങ്ങള്‍, നേപ്പാള്‍ പാക്കേജിലെ ഒരു ചിത്രം എന്നിവയ്ക്കാണ് പ്രദര്‍ശനാനുമതി കിട്ടാതെ പോയത്. ഒരു മലയാള ചിത്രവും ഇതില്‍ ഉള്‍പ്പെടുന്നു.
സെന്‍സര്‍ സര്‍ട്ടിഫിക്കറ്റില്ലാത്ത സിനിമകള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നതിന് ചിത്രങ്ങളുടെ പട്ടിക കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കേണ്ടതുണ്ട്. ഇതനുസരിച്ച് 347 സിനിമകളുടെ പട്ടികയാണ് സെന്‍സര്‍ ഇളവിനായി ചലച്ചിത്ര അക്കാദമി കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തില്‍ സമര്‍പ്പിച്ചിരുന്നത്. ചിത്രങ്ങളുടെ പ്രമേയത്തിന്റെ സാരാംശം സഹിതമുള്ള അപേക്ഷയാണ് നല്‍കിയത്. തുടര്‍ന്ന് മന്ത്രാലയം ആവശ്യപ്പെട്ടതനുസരിച്ച് 40 ചിത്രങ്ങളുടെ വിശദമായ സിനോപ്‌സിസും ചിത്രങ്ങള്‍ കാണാനുള്ള സ്‌ക്രീനറുകളും നല്‍കിയിരുന്നു.
പാർലമെന്റ് സ്ട്രീറ്റ്, സാനിറ്റൈസ്ഡ് റിപ്പബ്ലിക്ക്: കാസ്റ്റ് ആന്റ് കോൺട്രാക്റ്റ്സ്, ഗ്ലോബ്, മെമ്മറീസ് ഓഫ് എ വിൻഡോ, ബേഡ്‌സ് ഓഫ് വാർ , പുട്ട് യുവർ സോൾ ഓൺ യുവർ ഹാൻഡ് ആൻഡ് വാക്ക്, ഔവർ ലാൻഡ് തുടങ്ങിയ ചിത്രങ്ങൾക്കാണ് അനുമതി നിഷേധിച്ചത്.
അനുമതി നിഷേധിച്ച നടപടി പുനഃപരിശോധിക്കണമെന്ന് ടൂറിസം, സാംസ്കാരിക, സിനിമാ വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് ആവശ്യപ്പെട്ടു. ഒരു രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കേണ്ട ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നത് വിദഗ്ധ സമിതികളാണ്. അത്തരത്തിൽ സമഗ്രമായ പ്രക്രിയയിലൂടെ തെരഞ്ഞെടുത്ത ചിത്രങ്ങൾക്ക് മേളയുടെ വേദിയിൽ പ്രദർശിപ്പിക്കാനുള്ള അനുമതി നിഷേധിക്കുന്നത് ചലച്ചിത്രമേളകളുടെ ക്യൂറേറ്റോറിയൽ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്ന നടപടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Adjust Story Font
16

