Quantcast

'എനിക്കെതിരെ ആറു പേര്‍, ആത്മഹത്യ ചെയ്യില്ല, മരിച്ചാല്‍ ഇത് മരണമൊഴിയായി കണക്കാക്കണം'; വീഡിയോയില്‍ അഞ്ജലി റീമാദേവ്

"ഇനി ഒരു പെൺകുട്ടിയുടെ ജീവിതവും തുലയ്ക്കാൻ പാടില്ല. ഇപ്പോഴും പിടിച്ചു നിൽക്കുന്നത് തെറ്റു ചെയ്തിട്ടില്ല എന്ന ഒറ്റ ധൈര്യത്തിലാണ്."

MediaOne Logo

Web Desk

  • Published:

    5 March 2022 5:48 AM GMT

എനിക്കെതിരെ ആറു പേര്‍, ആത്മഹത്യ ചെയ്യില്ല, മരിച്ചാല്‍ ഇത് മരണമൊഴിയായി കണക്കാക്കണം; വീഡിയോയില്‍ അഞ്ജലി റീമാദേവ്
X

കൊച്ചി: തനിക്കെതിരെ ആറംഗ സംഘം ഗൂഢാലോചന നടത്തുകയാണെന്ന് നമ്പർ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്‌സോ കേസ് പ്രതി കോഴിക്കോട് സ്വദേശിനി അഞ്ജലി റീമാദേവ്. സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അഞ്ജലി ഇതേക്കുറിച്ച് പ്രതികരിച്ചത്. താൻ ആത്മഹത്യ ചെയ്യില്ലെന്നും മരിച്ചാൽ ഇതു തന്റെ മരണ മൊഴിയായി കണക്കാക്കണമെന്നും അവർ പറയുന്നു. പേരെടുത്തു പറയാതെ രാഷ്ട്രീയക്കാരും സന്നദ്ധ പ്രവർത്തകരും ട്രസ്റ്റ് ഭാരവാഹികളുമായ ആറു പേർക്കെതിരെയാണ് ആരോപണങ്ങൾ ഉയർത്തിയിരിക്കുന്നത്.

'കുറച്ചു ദിവസങ്ങളായി സമൂഹത്തിലെ ഏറ്റവും മോശപ്പെട്ട സ്ത്രീ എന്ന് എന്നെ ചിത്രീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന് അടിസ്ഥാനമായത് ഒരാൾ ഉന്നയിച്ചിട്ടുള്ള കുറച്ച് ആരോപണങ്ങൾ മാത്രമാണ്. അതാണ് എല്ലാ സമൂഹമാധ്യമങ്ങളും, ചാനലുകളും, വ്യക്തികളും ഞാനെന്ന വ്യക്തിയെ ജഡ്ജ് ചെയ്യാനുള്ള കാരണം. അതിലൊന്ന്, ബോയ് ഫ്രണ്ടില്ലാത്തവർക്കു ബോയ് ഫ്രണ്ടിനെ കൊടുക്കും, കാവൽ നിൽക്കും, അതവർ നേരിട്ടു കണ്ടിട്ടുണ്ട്, ഹണിട്രാപ് ഡീൽ ചെയ്യുന്നത് നേരിട്ടു കണ്ടിട്ടുണ്ട്. രണ്ടാമത്തേത്, ബിപി ഗുളിക എന്നു പറഞ്ഞു മെഡിസിൻ ബോക്‌സിൽ പഞ്ഞി വച്ചു കൊണ്ടു നടന്നു, കൂടിയ ലഹരി ഉപയോഗിക്കുന്നതു കണ്ടിട്ടുണ്ട്. സ്ത്രീകളുമായി മറ്റു രീതിയിലുള്ള ബന്ധമുണ്ട്, നമ്പർ 18 ഹോട്ടലിൽ വച്ച് എന്തോ കാഴ്ച കണ്ടു, ഞാൻ ലഹരി ഉപയോഗിക്കുന്നത് നേരിട്ടു കണ്ടു എന്നെല്ലാമുള്ള ആരോപണങ്ങളാണ് പരാതിക്കാരി ഉയർത്തിയിരിക്കുന്നത്. ഇവിടെ നിയമവും കോടതിയും എല്ലാമുണ്ട്. ആ വ്യക്തി പറയുന്നതിന്റെ അടിസ്ഥാനം എന്താണെന്ന് കൂടി നോക്കേണ്ടതുണ്ട്.'

'കടുത്ത മാനസിക സമ്മർദ്ദമാണ് അനുഭവിക്കുന്നത്. ആത്മഹത്യ ചെയ്യണമെന്നു പോലും ആലോചിച്ചു. അനിയന്റെ മുഖമാണ് ഓർമ വരുന്നത്. അവന്റെ മുന്നിലെങ്കിലും സത്യം തെളിയിക്കണം. രണ്ടു പേരാണ് എനിക്കെതിരെ പരാതി നൽകിയിരിക്കുന്നത്. മറ്റു പെൺകുട്ടികളുടെ മൊഴിയെടുക്കണം. വർഷങ്ങളായി കൂടെ ജോലി ചെയ്തവരോടു ചോദിക്കണം. ഓഫിസിൽ ജോലി ചെയ്ത എല്ലാവരുടെയും വിവരങ്ങൾ എടുത്തു പരിശോധിക്കണം. സ്ത്രീ ഉന്നയിച്ച കാര്യങ്ങൾ തെളിയിക്കാൻ ലൈവ് പോളിഗ്രാഫ് ടെസ്റ്റെടുക്കണം. ഈ പറഞ്ഞ തെറ്റുകൾ താൻ ചെയ്തിട്ടുണ്ടെങ്കിൽ കല്ലെറിഞ്ഞു കൊല്ലണം.'- അവര്‍ പറഞ്ഞു.

'എന്നെ ട്രാപ് ചെയ്യാനായി ആറു വ്യക്തികളാണ് തുനിഞ്ഞിറങ്ങിയിട്ടുള്ളത്. ഇതിൽ രാഷ്ട്രീയക്കാർ, സന്നദ്ധ സംഘടന, ട്രസ്റ്റ് ഭാരവാഹികൾ എന്നിവരുണ്ട്. ഈ ആറു പേരുടെ എല്ലാ വിവരങ്ങളും എത്തിക്കേണ്ട സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. ഇവർ എന്നെ തുലയ്ക്കാനുള്ള എനിക്കെതിരെ മീറ്റിങ്ങും ഗൂഢാലോചനകളും ഇപ്പോഴും നടത്തുന്നുണ്ട്. ഞാൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. ഇനി ഞാൻ മരിച്ചു പോയാലും ഇങ്ങനെ ആക്കിയവരെ നിയമവും കോടതിയും വെറുതെ വിടരുത്. ഇനി ഒരു പെൺകുട്ടിയുടെ ജീവിതവും തുലയ്ക്കാൻ പാടില്ല. ഇപ്പോഴും പിടിച്ചു നിൽക്കുന്നത് തെറ്റു ചെയ്തിട്ടില്ല എന്ന ഒറ്റ ധൈര്യത്തിലാണ്. ആരെങ്കിലും കൊന്നാലും ഈ ആറു വ്യക്തികൾക്കെതിരെ അന്വേഷണം വരണം. ഞാൻ ചെയ്യാത്ത തെറ്റിനാണ് അനുഭവിക്കുന്നത്.' - അഞ്ജലി കൂട്ടിച്ചേര്‍ത്തു.

'നമ്പർ 18 ഹോട്ടൽ വിഷയവുമായി ബന്ധപ്പെട്ട് എന്നെ കൂട്ടിക്കുഴയ്ക്കുന്നത് എന്തിനാണെന്ന് അറിയില്ല. റോയിയെ പെടുത്താനാണ് പലരും ശ്രമിക്കുന്നത്. അവരോട് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ എന്തിനാണ് അതിലേക്കു എന്നെ വലിച്ചിഴയ്ക്കുന്നത്. ചെയ്തതാണെങ്കിൽ ചെയ്തു എന്നു പറയാൻ ധൈര്യമുണ്ട്. ആരോപണം ഉന്നയിച്ചവർ പറഞ്ഞത് സത്യമല്ല എന്നു തെളിഞ്ഞാൽ ജീവനോടെ ഇല്ലെങ്കിലും എന്തായിരുന്നു അവരുടെ അജൻഡ എന്നതു പുറത്തു കൊണ്ടുവന്നു ശിക്ഷ സമൂഹവും കോടതിയും നേടി കൊടുക്കണം. ഇതെന്റെ അഭ്യർത്ഥനയാണ്. ഇവർ എന്തായാലും എന്നെ കൊല്ലും. എനിക്ക് മരിക്കാൻ പേടിയില്ല. എനിക്കെന്തെങ്കിലും സംഭവിച്ചാൽ ഇതിനു പിന്നിൽ ഈ ആറു വ്യക്തികളായിരിക്കും.'- അവര്‍ വ്യക്തമാക്കി.

TAGS :

Next Story