Quantcast

ചെന്താരകമായി ഹൃദയങ്ങളില്‍; കര്‍ക്കശക്കാരനായ നേതാവില്‍ നിന്ന് ജന നായകനിലേക്കുള്ള മാറ്റം

പ്രതിപക്ഷനേതാവായും മുഖ്യമന്ത്രിയായും വി.എസ് നേടിയെടുത്ത ജനകീയത സമകാലീന രാഷ്ട്രീയത്തില്‍ വേറിട്ട് നില്‍ക്കും

MediaOne Logo

Web Desk

  • Updated:

    2025-07-22 09:48:23.0

Published:

22 July 2025 11:22 AM IST

ചെന്താരകമായി ഹൃദയങ്ങളില്‍; കര്‍ക്കശക്കാരനായ നേതാവില്‍ നിന്ന് ജന നായകനിലേക്കുള്ള മാറ്റം
X

തിരുവനന്തപുരം: കര്‍ക്കശക്കാരനായ നേതാവില്‍ നിന്ന് ജന നായകനിലേക്കുള്ള മാറ്റം. വി.എസ് അച്യുതാനന്ദന്‍റെ ഈ മാറ്റം കേരള ചരിത്രത്തിന്‍റെ കൂടി ഭാഗമാണ്. പ്രതിപക്ഷനേതാവായും മുഖ്യമന്ത്രിയായും വി.എസ് നേടിയെടുത്ത ജനകീയത സമകാലീന രാഷ്ട്രീയത്തില്‍ വേറിട്ട് നില്‍ക്കും.

വലം കൈ കൊണ്ട് ഇടം കൈയില്‍ വെട്ടി പറ്റില്ലെന്ന് തറപ്പിച്ച് പറഞ്ഞിരുന്ന കാര്‍ക്കശ്യം. എതിര്‍ ചേരിയെ വെട്ടിനിരത്താന്‍ മടിക്കാത്ത വൈരനിര്യാതന ബുദ്ധി. 2001ല്‍ മലമ്പുഴയില്‍ മത്സരിച്ച് കേരള നിയമസഭയില്‍ പ്രതിപക്ഷ നേതാവാകും വരെ ഇതായിരുന്നു വി.എസ്. അവിടുന്നങ്ങോട്ട് ചിത്രം മാറി.

അഴിമതി, പരിസ്ഥിതി, സ്ത്രീസുരക്ഷ, മനുഷ്യാവകാശ പ്രശ്നങ്ങള്‍ എന്നിവയിലൊക്കെ സ്വീകരിച്ച വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ പാര്‍ട്ടിക്കും മുന്നണിക്കും അതീതമായ പിന്തുണ വി.എസിന് നേടിക്കൊടുത്തു. മതികെട്ടാന്‍ മല ചവിട്ടിക്കയറിയും പീഡനത്തിന് ഇരയായ പെണ്‍കുട്ടികള്‍ക്ക് നീതി ലഭ്യമാക്കാന്‍ ശബ്ദിച്ചും പൊതു സമൂഹത്തില്‍ വി.എസ് നിറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതി ആവശ്യപ്പെട്ട് നിരാഹാരത്തിനിറങ്ങുമ്പോള്‍ പ്രായം 93.

2004ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 18 അംഗങ്ങളെയാണ് വി.എസ് നേതൃത്വം നല്‍കിയ എല്‍ഡിഎഫ് പാര്‍ലമെന്‍റിലേക്ക് അയച്ചത്. എന്നിട്ടും 2006 നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം വിഎസിന് സീറ്റ് നിഷേധിച്ചു. പാര്‍ട്ടിയിലും പുറത്തും അസംതൃപ്തി പുകഞ്ഞു. വ്യാപക പ്രതിഷേധമുണ്ടായി.

വി.എസ് പാര്‍ട്ടിയേക്കാള്‍ വലുതായെന്ന് സിപിഎമ്മിന് മനസ്സിലാക്കിക്കൊടുത്തു ആ പ്രതിഷേധങ്ങള്‍. സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനം പോളിറ്റ് ബ്യൂറോക്ക് തിരുത്തേണ്ടി വന്നു. 2011ലും സീറ്റ് നിഷേധത്തെത്തുടര്‍ന്ന് പ്രതിഷേധമുണ്ടായി. പാര്‍ട്ടി വി.എസിന് മുന്നില്‍ അന്നും തോറ്റു. മുഖ്യമന്ത്രിയായിരിക്കെ മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കാന്‍ സ്വീകരിച്ച നടപടികള്‍ അദ്ദേഹത്തിന്‍റെ ജനപ്രീതി കൂട്ടി.

കടുത്ത അഭിപ്രായ വ്യത്യാസങ്ങളുള്ളപ്പോഴും തെരഞ്ഞെടുപ്പുകളില്‍ വി.എസിന്റെ സാന്നിധ്യം പാര്‍ട്ടിക്ക് നിര്‍ബന്ധമായിരുന്നു. സംസ്ഥാനത്തിന്‍റെ മുക്കിലും മൂലയിലും വി.എസ് എത്തി. എതിര്‍ പക്ഷത്ത് നിന്ന പാര്‍ട്ടി നേതാക്കള്‍ പോലും പ്രചാരണ ബോര്‍ഡില്‍ വി.എസിന്‍റെ ചിത്രം വെക്കാന്‍ മത്സരിച്ചു. 2016ല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ തെരഞ്ഞെടുപ്പിലും എല്‍ഡിഎഫിന്‍റെ മുഖ്യ പ്രചാരകന്‍ വി.എസ് ആയിരുന്നു.

TAGS :

Next Story