സംസ്ഥാനത്ത് കഴിഞ്ഞ പത്ത് വർഷത്തിനിടെ പേവിഷബാധയേറ്റ് മരിച്ചത് 118 പേർ
മരിച്ചവരിൽ പത്ത് വയസിൽ താഴെയുള്ള 12 കുട്ടികളുണ്ടെന്നും കണക്കുകൾ

representative image
കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ പത്ത് വർഷത്തിനിടെ പേവിഷബാധയേറ്റ് മരിച്ചത് 118 പേർ. ഏറ്റവും കൂടുതൽ പേർ മരിച്ചത് കൊല്ലത്തും കുറവ് കാസർകോടുമാണ്. മരിച്ചവരിൽ പത്ത് വയസിൽ താഴെയുള്ള 12 കുട്ടികളുമുണ്ടെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. വിവരാവകാശ രേഖയുടെ പകർപ്പ് മീഡിയ വണിന് ലഭിച്ചു.
ഫാർമേഴ്സ് അവയർനസ് റിവൈവൽ മൂവ്‌മെൻറ്റ് (ഫാം) ജനറൽ സെക്രട്ടറി സിജുമോൻ ഫ്രാൻസീസിന് ലഭിച്ച വിവരാവകാശ രേഖയിലാണ് കാര്യകാരണങ്ങൾ സഹിതമുള്ള കണക്കുകളുള്ളത്. കൊല്ലത്ത് 21 പേർക്കാണ് ജീവൻ നഷ്ടമായത്. തിരുവനന്തപുരത്ത് 16 പേരും പാലക്കാട് 13പേരും, ആലപ്പുഴയിൽ 12 പേരും, തൃശൂരിൽ 11 പേരും പേ വിഷബാധയേറ്റ് മരിച്ചു.
എറണാകുളം - കോഴിക്കോട് ജില്ലകളിൽ ഒൻപത് പേർക്കും പത്തനംതിട്ട - കണ്ണൂർ ജില്ലകളിൽ ഏഴ് പേർക്കും ജീവൻ നഷ്ടമായി. മലപ്പുറം നാല്, ഇടുക്കി -വയനാട് മൂന്ന്, കോട്ടയം രണ്ട്, കാസർകോട് ഒന്ന് എന്നിങ്ങനെയാണ് മരണ നിരക്ക്. മരിച്ചവരുടെ ആശ്രിതർക്ക് മതിയായ നഷ്ടപരിഹാരമോ പരിക്കേറ്റവർക്ക് ചികിത്സാ ചിലവോ ലഭിക്കുന്നില്ലെന്നും രേഖകൾ സൂചിപ്പിക്കുന്നു.
സുപ്രിംകോടതി നിർദേശ പ്രകാരം ജസ്റ്റിസ് സിരിജഗൻ കമ്മറ്റിയാണ് നഷ്ടപരിഹാരം കൊടുക്കാൻ പഞ്ചായത്തുകൾക്ക് നിർദ്ദേശം നൽകിയിരുന്നത്. കമ്മറ്റിയുടെ പ്രവർത്തനം നിലച്ചതിന് പിന്നാലെ കേരളാ ലീഗൽ സർവ്വീസ് അതോറിറ്റിയുടെ കീഴിൽ എല്ലാ ജില്ലകളിലും ഡിസ്ട്രിക്ട് സ്ട്രേ ഡോഗ് വിക്ടിം കമ്മറ്റി രൂപീകരിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും പ്രവർത്തനം കാര്യക്ഷമമല്ലെന്നാണ് പരാതി. തെരുവുനായ ശല്യം പരിഹരിക്കുന്നതിനും തുടർ നടപടികൾക്കും ചുക്കാൻ പിടിക്കേണ്ട തദ്ദേശ സ്വയം ഭരണ വകുപ്പിനും വ്യക്തമായ ഉത്തരമില്ല.
Adjust Story Font
16

