Quantcast

വടകര റൂറൽ എസ്.പിയുടെ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്ത സംഭവം: അന്വേഷണം തുടങ്ങി

എസ്.പിയുടെ ഭാര്യ ബീച്ചിൽ പോകാൻ ഔദ്യോഗിക വാഹനമാണ് ഉപയോഗിച്ചിരുന്നത്

MediaOne Logo

Web Desk

  • Published:

    22 Feb 2024 4:28 AM GMT

vadakara rural sp vehicle
X

കോഴിക്കോട്: വടകര റൂറൽ എസ്.പി അർവിന്ദ് സുകുമാറിന്റെ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്ത സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. കണ്ണൂർ റേഞ്ച് ഡി.ഐ.ജി തോംസൺ ജോസിന് ഉത്തരമേഖല ഐ.ജി സേതുരാമൻ അന്വേഷണ ചുമതല നൽകി.

എസ്.പിയുടെ ഭാര്യ ദിവസവും രാവിലെയും വൈകുന്നേരവും ബീച്ചിൽ പോകാൻ ഔദ്യോഗിക വാഹനമാണ് ഉപയോഗിച്ചിരുന്നത്. ഇതിന്റെ ദൃശ്യങ്ങൾ മീഡിയവണാണ് പുറത്തുവിട്ടത്.

വാഹനം കൊണ്ടുപോകുന്നത് സംബന്ധിച്ച് ലോഗ് ബുക്കിൽ രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ ഇതുസംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് വിവരം.

ബീച്ചിലേക്ക് വാഹനം പോകുമ്പോൾ എസ്.പിയുടെ ഭാര്യയും മറ്റൊരു സ്ത്രീയും എസ്.പിയുടെ സുരക്ഷ ജീവനക്കാരനുമാണുണ്ടായിരുന്നത്. രാവിലെ ക്യാംപ് ഓഫീസിൽ നിന്ന് ഏകദേശം നാലര കിലോമീറ്ററുള്ള കൊളാവി ബീച്ചിലേക്കാണ് പോകുന്നത്. വൈകീട്ട് എട്ട് കിലോമീറ്റർ അകലെയുള്ള മറ്റൊരു ബീച്ചിലേക്കാണ് യാത്ര.

ഉന്നത ഉദ്യോഗസ്ഥർക്ക് ഒന്നിലധികം വാഹനങ്ങൾ കൈവശം വെയ്ക്കാം. നിശ്ചിത തുക അടച്ചാൽ സ്വകാര്യ ആവശ്യങ്ങൾക്ക് വാഹനം ഉപയോഗിക്കുകയും ചെയ്യാം. ഈ ഉത്തരവിന്റെ മറവിലാണ് ബന്ധുക്കൾ ഈ വാഹനം ഉപയോഗിക്കുന്നത്.

അതേസമയം, ഔദ്യോഗിക വാഹനം ഉദ്യോഗസ്ഥനല്ലാതെ കുടുംബാംഗങ്ങൾക്കോ ബന്ധുക്കൾക്കോ ഉപയോഗിക്കാൻ അനുമതിയില്ലെന്ന് 2018ൽ ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മുഖ്യമന്ത്രി നിയമസഭയിൽ മറുപടി നൽകിയിട്ടുണ്ട്. അതായത് വാഹനം പുറത്ത് പോകുമ്പോൾ ആ ഉദ്യോഗസ്ഥൻ വാഹനത്തിലുണ്ടായിരിക്കണം. ഇതിന്റെയെല്ലാം നഗ്‌നമായ ലംഘനമാണ് വടകര റൂറൽ എസ് പി അർവിന്ദ് സുകുമാറിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്.

TAGS :

Next Story