തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ ഗൈഡ് വയർ കുടുങ്ങിയ സംഭവം; മെഡിക്കൽ റിപ്പോർട്ട് ആവശ്യപ്പെട്ട് അന്വേഷണ സംഘം
സുമയ്യയുടെ പരാതിയിലാണ് പൊലീസ് നടപടി

തിരുവനന്തപുരം ജനറൽ ആശുപത്രി Photo| Google
തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ ഗൈഡ് വയർ കുടുങ്ങിയതിൽ അന്വേഷണസംഘം മെഡിക്കൽ റിപ്പോർട്ട് ആവശ്യപ്പെട്ടു. പുതിയ മെഡിക്കൽ ബോർഡ് രൂപീകരിച്ച് റിപ്പോർട്ട് നൽകണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്. ഇത് സംബന്ധിച്ച് നിർദേശം കൻ്റോൺമെൻ്റ് എ സി പി ഡിഎംഒയ്ക്ക് നൽകി.
സുമയ്യയുടെ പരാതിയിലാണ് പൊലീസ് നടപടി. ഗൈഡ് വയർ ഇടുന്നതിൽ താൻ വിദഗ്ധനല്ലെന്ന് ഡോക്ടർ രാജീവ് പൊലീസിന് മൊഴി നൽകി. അനസ്തേഷ്യ വിഭാഗമാണ് ഗൈഡ് വയർ ഇടുന്നതെന്നും ഡോക്ടർ മൊഴി നൽകി. ഇത് അടക്കമുള്ള കാര്യങ്ങൾ പുതിയ മെഡിക്കൽ ബോർഡ് പരിശോധിക്കണമെന്നും പൊലീസ് പറഞ്ഞു.
തൈറോയിഡ് ശസ്ത്രക്രിയക്കിടെ സുമയ്യയുടെ നെഞ്ചിൽ കുടുങ്ങിയ ഗൈഡ് വയർ കീഹോൾ വഴി പുറത്തെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. രണ്ടുതവണ ശ്രമിച്ചിട്ടും കീഹോൾ വഴി പുറത്തെടുക്കാൻ സാധിച്ചില്ല. ഗൈഡ് വയർ പുറത്തെടുത്താൽ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുമെന്നാണ് ഡോക്ടർമാർ പറയുന്നത്.
ശസ്ത്രക്രിയ നടത്തി പുറത്തെടുക്കുന്ന കാര്യം പിന്നീട് തീരുമാനിക്കും. ഗൈഡ് വയറിന്റെ രണ്ടറ്റവും ശരീരവുമായി ഒട്ടിച്ചേർന്ന നിലയിലാണ്. ഇന്നലെയാണ് സുമയ്യ തിരുവനന്തപുരം മെഡിക്കൽ കോളജിൽ അഡ്മിറ്റായത്. നാളെ സുമയ്യ ആശുപത്രിയിൽ നിന്നും തിരികെ പോകും.
ധമനികളോട് ഒട്ടിച്ചേർന്നതിനാൽ ഗൈഡ് വയർ പുറത്തെടുക്കാൻ ശ്രമിക്കുന്നത് സങ്കീർണമാകുമെന്ന് മെഡിക്കൽ ബോർഡ് നേരത്തെ തന്നെ വിലയിരുത്തിയിരുന്നു. വയർ കുടുങ്ങിക്കിടക്കുന്നത് കൊണ്ട് യുവതിക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകില്ലെന്നും മെഡിക്കൽ ബോർഡ് വ്യക്തമാക്കിയിരുന്നു.
Adjust Story Font
16

