Quantcast

കേരളത്തില്‍ വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷം: മുഖ്യമന്ത്രി പതാക ഉയര്‍ത്തി

ധീര രാജ്യസ്നേഹികളെ അനുസ്മരിച്ചല്ലാതെ മുന്നോട്ടു പോകാനാകില്ലെന്ന് മുഖ്യമന്ത്രി

MediaOne Logo

Web Desk

  • Updated:

    2022-08-15 07:16:48.0

Published:

15 Aug 2022 4:21 AM GMT

കേരളത്തില്‍ വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷം: മുഖ്യമന്ത്രി പതാക ഉയര്‍ത്തി
X

സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തില്‍ സംസ്ഥാനത്തും വിപുലമായ ആഘോഷ പരിപാടികൾ. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയ പതാക ഉയർത്തിയോടെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ക്ക് തുടക്കമായി. സ്വാതന്ത്ര്യ ദിന പരേഡില്‍ മുഖ്യമന്ത്രി വിവിധ സേനാ വിഭാഗങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു.

ധീര രാജ്യസ്നേഹികളെ അനുസ്മരിച്ചല്ലാതെ മുന്നോട്ടു പോകാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫെഡറലിസം രാജ്യത്തിന്റെ നിലനിൽപ്പിന്റെ അടിസ്ഥാന ഘടകമാണ്. സാമ്പത്തിക രംഗത്തുൾപ്പെടെ ആ നിലപാട് സ്വീകരിച്ച് മുന്നോട്ടുപോകുന്നത് പ്രധാനമാണ്. സ്വാതന്ത്ര്യ പ്രസ്ഥാനം എല്ലാ മതവിശ്വാസികളെയും അല്ലാത്തവരെയും ഉൾക്കൊള്ളുന്ന ജനമുന്നേറ്റമായിരുന്നു. അതാണ് മതനിരപേക്ഷയുടെ അടിസ്ഥാന കാഴ്ച്ചപ്പാടുകൾ ഭരണഘടനയ്ക്ക് സംഭാവന ചെയ്തത്. ഈ യാഥാർഥ്യത്തെ മറന്നു കൊണ്ടുള്ള നിലപാട് രാജ്യത്തിനായി പൊരുതിയവരുടെ സ്വപ്നങ്ങൾ തല്ലിക്കെടുത്തുന്നതിന് തുല്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വർഗീയ സംഘർഷം ഇല്ലാത്ത നാടായി ഈ നാടിനെ മാറ്റാൻ കഴിഞ്ഞത് നമുക്ക് അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്റെ വികസന ആവശ്യങ്ങൾക്ക് സമ്പത്ത് ലഭിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അപ്പോൾ മാത്രമേ നേട്ടങ്ങൾ ജനങ്ങളിലെത്തൂ. ഐ.ടി, സ്റ്റാർട്ട് അപ്പ് മേഖലയിൽ നാം പുരോഗതിയുടെ പാതയിലാണ്. ഈ മേഖലയിൽ ഇനിയുമേറെ മുന്നോട്ടുപോകണം. പശ്ചാത്തല സൗകര്യമാണ് എല്ലാ വികസനത്തിനും അടിസ്ഥാനം. ആ നിലയിലാണ് കിഫ്ബി മുഖാന്തരമുള്ള പദ്ധതികൾ ശക്തിപ്പെടുത്താൻ നടപടി സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ രാജ്ഭവനിലും നിയമസഭാങ്കണത്തിൽ സ്പീക്കർ എം.ബി രാജേഷും പതാക ഉയർത്തി. വിവിധ ജില്ലാ ആസ്ഥാനങ്ങളില്‍ മന്ത്രിമാര്‍ ദേശീയ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു. പൊലീസ് ആസ്ഥാനത്തെ ചടങ്ങില്‍ ഡിജിപി അനില്‍കാന്ത് ദേശീയ പതാക ഉയര്‍ത്തി. തുല്യത ഇപ്പോഴും നമുക്ക് കിട്ടിയിട്ടില്ലെന്ന് മന്ത്രി കെ.രാധാകൃഷ്ണന്‍ തൃശൂരില്‍ പറഞ്ഞു. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ ആരോഗ്യമന്ത്രി വീണാ ജോര്‍ജും കോട്ടയത്ത് സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ വാസവനും ദേശീയ പതാക ഉയർത്തി. കാസർകോട് മന്ത്രി അഹമ്മദ് ദേവർകോവിലും മലപ്പുറത്ത് മന്ത്രി വി അബ്ദുറഹ്മാനും പാലക്കാട് കോട്ട മൈതാനത്ത് കെ.കൃഷ്ണൻ കുട്ടിയും പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു. എല്ലാ ജില്ലകളിലും വിപുലമായ ആഘോഷങ്ങളോടെയാണ് സ്വാതന്ത്ര്യ ദിനാഘോഷം നടന്നത്.



TAGS :

Next Story