Quantcast

പാലാ നഗരസഭയിൽ സ്വതന്ത്രർ യുഡിഎഫിനൊപ്പം; 21കാരി അധ്യക്ഷയാകും

ചർച്ചയിൽ പുളിക്കകണ്ടം കുടുംബം മുന്നോട്ട് വെച്ച കാര്യങ്ങൾ യുഡിഎഫ് അംഗീകരിച്ചതോടെയാണ് അനുകൂല തീരുമാനം

MediaOne Logo

Web Desk

  • Updated:

    2025-12-25 15:51:35.0

Published:

25 Dec 2025 9:20 PM IST

പാലാ നഗരസഭയിൽ സ്വതന്ത്രർ യുഡിഎഫിനൊപ്പം; 21കാരി അധ്യക്ഷയാകും
X

കോട്ടയം: പാലാ നഗരസഭയിൽ സ്വതന്ത്രരുടെ പിന്തുണ യുഡിഎഫിന്. ഒരാഴ്ചയിലധികം നടന്ന ചർച്ചക്കൊടുവിലാണ് കുടുംബം ഇന്ന് അന്തിമ തീരുമാനത്തിലെത്തിയത്. ചർച്ചയിൽ പുളിക്കകണ്ടം കുടുംബം മുന്നോട്ട് വെച്ച കാര്യങ്ങൾ യുഡിഎഫ് അംഗീകരിച്ചതോടെയാണ് അനുകൂല തീരുമാനം. 21കാരിയായ ദിയ ബിനു പുളിക്കകണ്ടം ആദ്യ ടേമിൽ അധ്യക്ഷയാകും. കോൺഗ്രസ് വിമതയായ മായ രാഹുൽ ഉപാധ്യക്ഷയാകും.

നഗരസഭയിൽ സ്വതന്ത്രർ യുഡിഎഫിനൊപ്പം നിൽക്കാൻ സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. പുളിക്കാക്കണ്ടം കുടുംബം വിളിച്ച ജനസഭയിൽ യുഡിഎഫിന്റെ ഭാഗമാകണമെന്ന് ഭൂരിപക്ഷം വോട്ടർമാരും അഭിപ്രായപ്പെട്ടിരുന്നു. തീരുമാനം ഏകകണ്ഠമായാണെന്ന് യുഡിഎഫ് നേതാക്കൾ വ്യക്തമാക്കി. മാണി സി.കാപ്പൻ എംഎൽഎ, ഫ്രാൻസിസ് ജോർജ് എംപി എന്നിവരാണ് ചർച്ചകൾക്ക് നേതൃത്വം നൽകിയത്.

മൂന്ന് പേരുടെയും പിന്തുണ കൂടാതെ മുന്നണികൾക്ക് ഭരണം നേടാൻ സാധിക്കില്ലെന്ന അവസ്ഥയായിരുന്നു പാലാ നഗരസഭയിലുണ്ടായിരുന്നത്. ഈ സാഹചര്യത്തിലാണ് ബിനു പുളിക്കാക്കണ്ടവും സഹോദരൻ ബിജു പുളിക്കാക്കണ്ടവും ബിനുവിന്റെ മകൾ ദിയയും ചേർന്ന് ജനസഭയിൽ വോട്ടർമാരുമായി ചർച്ച വിളിച്ചത്. ഈ ചർച്ചയ്ക്കിടെയാണ് യുഡിഎഫിനെ പിന്തുണക്കമെന്ന് ഭൂരിപക്ഷമാളുകൾ ധാരണയിലേക്കെത്തിയത്. വോട്ടർമാരുടെ ആവശ്യങ്ങൾ പേപ്പറിൽ എഴുതിവാങ്ങിക്കുകയും ചെയ്തിരുന്നു.

നഗരസഭ ഭരണം പിടിക്കാൻ എൽഡിഎഫും രംഗത്തെത്തിയിരുന്നു. മൂന്ന് കൗൺസിലർമാരുള്ള പുളിക്കകണ്ടം കുടുംബവുമായി എൽഡിഎഫ് നേതാക്കൾ ചർച്ച നടത്തിയെങ്കിലും വിജയം കണ്ടില്ല. മന്ത്രി വി.എൻ വാസവൻ, സിപിഎം ജില്ലാ സെക്രട്ടറി ടി.ആർ രഘുനാഥ്, പാലായിലെ സിപിഎം നേതാക്കൾ എന്നിവരാണ് പുളിക്കകണ്ടം കുടുംബത്തെ നേരിട്ടെത്തി കണ്ടത്. പുളിക്കകണ്ടം കുടുംബാംഗങ്ങളായ കൗൺസിലേഴ്‌സ് മുന്നോട്ട് വെക്കുന്ന ആവശ്യങ്ങൾ പരിഗണിക്കാമെന്ന് എൽഡിഎഫ് നേതാക്കൾ ഉറപ്പ് നൽകിയെങ്കിലും പുരോഗതിയുണ്ടായില്ല. അതേസമയം, പാലാ നഗരസഭയിൽ ആദ്യമായി കേരള കോൺഗ്രസ് എം പ്രതിപക്ഷത്താണ്.

TAGS :

Next Story