Quantcast

ജനഹൃദയങ്ങളുടെ നായകന്‍; ഇടയന്‍മാരുടെ വലിയ ഇടയന്‍

പ്രായത്തിന്‍റെ ബുദ്ധിമുട്ടുകളിലും രോഗാവസ്ഥയിലും അശരണർക്ക് കൈത്താങ്ങായി നിലകൊണ്ടു

MediaOne Logo

Web Desk

  • Published:

    5 May 2021 8:00 AM GMT

ജനഹൃദയങ്ങളുടെ നായകന്‍; ഇടയന്‍മാരുടെ വലിയ ഇടയന്‍
X

ഒരു സമൂഹത്തെയാകെ ചിന്തയുടെയുടെയും അന്വേഷണത്തിന്‍റെയും ആത്മീയ വഴിയിൽ നയിച്ച സന്യാസവര്യനെയാണ് മാർ ക്രിസോസ്റ്റത്തിന്‍റെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നത്. നർമ്മത്തിലൂടെ ദൈവീക ദർശനം അനുയായികൾക്ക് പകർന്നു നൽകിയ ശൈലി ലോക പ്രശസ്തമായിരുന്നു. ജാതി,മത വ്യത്യാസമില്ലാതെ ജനഹൃദയങ്ങളിൽ ഇടം പിടിച്ച അപൂർവ്വം മതമേലധ്യക്ഷൻമാരിൽ ഒരാളായിരുന്നു എന്ന പ്രത്യേകതയും മാർ ക്രിസോസ്റ്റത്തിനുണ്ട്.

ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത. മാർത്തോമ സഭക്കും മലയാളക്കരക്കും അപ്പുറം വളർന്ന ഇടയൻമാരുടെ വലിയ ഇടയൻ. കണ്ടുമുട്ടുന്നവർക്കും കേൾക്കുന്നവർക്കും അടുത്ത് ഇടപഴകിയവർക്കും അകലങ്ങളിലുള്ളവർക്കും ഒരു പോലെ സുഹൃത്തും പിതാവും പുരോഹിതനും മെത്രാച്ചനും വഴികാട്ടിയും ഒക്കെയായി മാറിയ ധിക്ഷണാശാലി. രാഷ്ട്രിയത്തിൽ കൊടി യുടെ നിറം നോക്കാതെ പടർന്നു പന്തലിച്ച സൗഹൃദത്തിനുടമ. ക്രൈസ്തവ ദർശനത്തിന്‍റെ യഥാർത്ഥ സാരം വിശ്വാസ സമൂഹത്തിന് നർമത്തിന്‍റെ ഭാഷയിൽ പകർന്നു നൽകിയ ആചാര്യൻ. അതുകൊണ്ട് തന്നെ സ്വർണനാവുള്ള ഇടയൻ എന്ന പേര് അന്വർത്ഥമാക്കിയ മഹാ ഇടയൻ.

പത്തനംതിട്ട ഇരവിപേരൂരിൽ 1918 ൽ ജനനം. ഫിലിപ്പ് ഉമ്മൻ എന്നായിരുന്നു ആദ്യ പേര്. കോഴഞ്ചേരി ആലുവ എന്നിവിടങ്ങളിൽ സ്കൂൾ കോളേജ് പഠനം. ബാംഗ്ലൂർ യുണിയൻ തിയോളജിക്കൽ കോളേജ് ,കാന്‍റര്‍ബറി സെന്‍റ്. അഗസ്റ്റിൻ കോളേജ് എന്നിവിടങ്ങളിൽ ഉപരിപഠനം. 1944 ൽ പട്ടക്കാരനായും 59 ൽ സഭയുടെ എപ്പിസ്കോപ്പയായും ചുമതലയേറ്റു. 1999' ൽ ഡോ. അലക്സാണ്ടർ മാർ‌ത്താമാ മെത്രപ്പോലീത്തയുടെ പിൻഗാമിയായി സഭയുടെ അദ്ധ്യക്ഷ സ്ഥാനത്ത് എത്തി. 2007 ൽ പ്രായാധിക്യം മൂലമുള്ള ബുദ്ധിമുട്ടുകളെ തുടർന്ന് സ്ഥാനത്യാഗം ചെയ്തു.

തുടർന്നുള്ള രണ്ടര പതിറ്റാണ്ട് വലിയ മെത്രാപ്പൊലീത്ത എന്ന സ്ഥാനത്ത് അദ്ദേഹം പൊതു സമൂഹത്തിൽ സജീവമായിരുന്നു. പ്രായത്തിന്‍റെ ബുദ്ധിമുട്ടുകളിലും രോഗാവസ്ഥയിലും അശരണർക്ക് കൈത്താങ്ങായി നിലകൊണ്ടു. സർക്കാരുകളും സന്നദ്ധ സംഘടനകളുമായി ചേർന്ന് സഭയുടെ വിവിധ സമൂഹികക്ഷേമ പദ്ധതിക്കും നേതൃത്വം നൽകി. 2019 ൽ പത്മഭൂഷൻ നൽകി രാഷ്‌ട്രം അദ്ദേഹത്തെ ആദരിച്ചു. 105 ആം വയസിൽ വിട പറയുമ്പോൾ കാലവും ചരിത്രവും ജന സഹസ്രങ്ങളും എന്നും ഓർമിക്കുന്ന പോരായി മാറുകയാണ് മാർ ക്രിസോസ്റ്റം എന്ന വലിയ തിരുമേനി.

TAGS :

Next Story