Quantcast

വക്കീല്‍ പഠിപ്പിക്കുന്നതു പോലെ പറഞ്ഞാല്‍ മതി, ഒരു പ്രശ്നവുമില്ല; ദിലീപിനു വേണ്ടി സാക്ഷിയായ ഡോക്ടറെ സ്വാധീനിച്ചു, ഫോണ്‍സംഭാഷണം പുറത്ത്

ദിലീപിന്‍റെ സഹോദരീഭര്‍ത്താവ് സുരാജും ആലുവയിലെ ഡോക്ടര്‍ ഹൈദരലിയും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് പുറത്തായത്

MediaOne Logo

Web Desk

  • Updated:

    2022-04-09 05:52:15.0

Published:

9 April 2022 5:51 AM GMT

വക്കീല്‍ പഠിപ്പിക്കുന്നതു പോലെ പറഞ്ഞാല്‍ മതി, ഒരു പ്രശ്നവുമില്ല; ദിലീപിനു വേണ്ടി സാക്ഷിയായ ഡോക്ടറെ സ്വാധീനിച്ചു, ഫോണ്‍സംഭാഷണം പുറത്ത്
X

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് അനുകൂലമായി മൊഴി നല്‍കാന്‍ സാക്ഷിയായ ഡോക്ടറെ സ്വാധീനിക്കുന്ന ഫോണ്‍ സംഭാഷണം പുറത്ത്. ദിലീപിന്‍റെ സഹോദരീഭര്‍ത്താവ് സുരാജും ആലുവയിലെ ഡോക്ടര്‍ ഹൈദരലിയും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് പുറത്തായത്. കോടതിയില്‍ ദിലീപിന് സഹായിക്കുന്ന രീതിയില്‍ മൊഴി നല്‍കാനാണ് സംഭാഷണത്തില്‍ സുരാജ് ഡോക്ടറോട് ആവശ്യപ്പെടുന്നത്.

നടി ആക്രമിക്കപ്പെടുമ്പോള്‍ ആലുവയിലെ ആശുപത്രിയില്‍ അഡ്മിറ്റ് ആയിരുന്നു എന്നാണ് ദിലീപ് മൊഴി നല്‍കിയിരുന്നത്. എന്നാല്‍ ഈ വാദം തെറ്റാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ദിലീപ് അഡ്മിറ്റ് ആയിരുന്നില്ലെന്ന് ഡോക്ടര്‍ ഹൈദരലിയും ആദ്യം മൊഴി നല്‍കിയിരുന്നു. ഈ മൊഴി തിരുത്താനാണ് സുരാജ് ആവശ്യപ്പെടുന്നത്. രേഖകള്‍ പൊലീസിന്‍റെ കൈവശം ഉണ്ടന്നു ഡോക്ടര്‍ പറയുമ്പോള്‍, ആ കോപ്പിക്ക് യാതൊരു വാലിഡിറ്റി ഇല്ലെന്നും, നമ്മള്‍ കോടതിക്ക് നല്‍കുന്ന മൊഴിയാണ് ഇനി പ്രധാനമെന്നു സുരാജ് മറുപടി നല്‍കുന്നു. നമ്മള്‍ കൊടുക്കുന്ന മൊഴി കോടതിയില്‍ എഴുതിയെടുക്കും. അതാണ് ഇനി പ്രൊസീഡ് ചെയ്യുക. നമ്മള്‍ എഴുതിയതിലൊന്നും ഒപ്പിട്ടിട്ടില്ലെന്നും സുരാജ് പറയുന്നു.

ആ മൊഴിക്ക് ഇനി വാലിഡിറ്റി ഇല്ല. അതുകൊണ്ടാണ് കോടതി വിളിച്ച് ഇങ്ങനെ പറഞ്ഞിരുന്നോ എന്നെല്ലാം ചോദിക്കുന്നത് എന്നും സുരാജ് ഡോക്ടറോട് പറയുന്നു. നമ്മള്‍ കൊടുക്കുന്ന മൊഴി നമ്മുടെ അഡ്വക്കേറ്റും പ്രോസിക്യൂഷനും നോട്ട് ചെയ്യും. അതോടെ നമ്മുടെ മൊഴിയെടുപ്പ് കഴിഞ്ഞു. അതാണ് പിന്നെ പരിഗണിക്കുകയെന്നും സുരാജ് പറയുന്നു. മൊഴി കൊടുക്കുന്നത് എന്താണെന്നും മറ്റും വക്കീല്‍ പറഞ്ഞു തരും. ഡേറ്റ് എല്ലാം കറക്ട് ആയിരിക്കില്ലേ എന്ന് ഡോക്ടര്‍ സംശയം ചോദിക്കുമ്പോള്‍, ഡോക്യുമെന്‍റ് എല്ലാം അവരുടെ കയ്യിലുണ്ടെന്നും സുരാജ് മറുപടി നല്‍കുന്നു. മാര്‍ച്ച് പകുതിയാകുമ്പോള്‍ നമുക്ക് കാണാം. അനിയനും സാക്ഷിയല്ലേ എന്നു ഡോക്ടര്‍ ചോദിക്കുമ്പോള്‍, എല്ലാവരും ഏപ്രിലിലല്ലേ ഉള്ളൂ, അത് പ്രശ്‌നമില്ല, മാര്‍ച്ച് 15 വരെയുള്ള ആള്‍ക്കാരെ കാര്യങ്ങള്‍ പറഞ്ഞ് പോകുകയാണ്. ഒരു പ്രശ്‌നവുമില്ല. നോ പ്രോബ്ലം എന്നും സുരാജ് പറയുന്നു.

ഇതുവരെ എങ്ങനെയായി എന്ന് ഡോക്ടര്‍ ചോദിക്കുമ്പോള്‍, ഇതുവരെ പ്രശ്‌നം ഒന്നുമില്ലെന്നും സുരാജ് പറയുന്നുണ്ട്. ചണ്ഡീഗഡില്‍ നിന്നും റിപ്പോര്‍ട്ട് വന്നശേഷമേ നമ്മുടെ ക്രോസ് തുടങ്ങൂ. ഡോക്ടറുടെ സ്‌റ്റേറ്റ്‌മെന്റ് റെക്കോഡ് ചെയ്തുകഴിഞ്ഞാല്‍ പിന്നെ പോകേണ്ടി വരില്ല. കണ്‍ഫര്‍മേഷന് വേണ്ടി ഡേറ്റ് ഒക്കെ ചോദിക്കും. എത്രാം തീയതി, എന്ന ഡേറ്റ് തുടങ്ങി ചോദിക്കും. അതേ മൊഴി തന്നെ നഴ്‌സും നല്‍കുന്നതോടെ അതിന്‍റെ ക്ലാരിഫിക്കേഷന്‍ കഴിഞ്ഞുവെന്നും സുരാജ് പറയുന്നു. ഒരു പ്രാവശ്യം പോയാല്‍ മതിയെന്നും സുരാജ് ഡോക്ടറോട് വ്യക്തമാക്കുന്നു. പ്രശ്‌നങ്ങളൊന്നുമില്ലാതെ വക്കീല്‍ നോക്കുമെന്നും ഡോക്ടര്‍ വക്കീല്‍ പഠിപ്പിക്കുന്നതു പോലെ പറഞ്ഞാല്‍ മതിയെന്നും സംഭാഷണത്തിലുണ്ട്.

നശിപ്പിക്കപ്പെട്ട ദിലീപിന്‍റെ ഫോണ്‍ രേഖകള്‍ വിദഗ്ധപരിശോധനയിലൂടെ തിരികെ എടുത്തപ്പോഴാണ് സാക്ഷിയെ സ്വാധീനിക്കുന്ന ഫോണ്‍സംഭാഷണം അന്വേഷണസംഘത്തിന് ലഭിച്ചത്. മൂന്ന് ശബ്ദരേഖകളാണ് നിര്‍ണായക തെളിവുകളെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചത്. കേസിന്‍റെ തുടരന്വേഷണം മൂന്നു മാസം കൂടി നീട്ടിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ള ഹരജിയിലാണ് ടെലഫോണ്‍ സംഭാഷണങ്ങളുടെ ശബ്ദരേഖയുള്ളത്.

TAGS :

Next Story