Quantcast

കലൂർ സ്റ്റേഡിയം അപകടം : മൃദംഗവിഷന്‍ നടത്തിയ നികുതിവെട്ടിപ്പിന്റെ വിവരങ്ങള്‍ മീഡിയവണിന്

ബുക്ക് മൈ ഷോ ആപ്പ് വഴി 29349 ടിക്കറ്റുകളാണ് വിറ്റത്

MediaOne Logo

Web Desk

  • Updated:

    2025-01-27 08:35:43.0

Published:

27 Jan 2025 1:47 PM IST

കലൂർ സ്റ്റേഡിയം അപകടം : മൃദംഗവിഷന്‍ നടത്തിയ നികുതിവെട്ടിപ്പിന്റെ വിവരങ്ങള്‍ മീഡിയവണിന്
X

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഗിന്നസ് നൃത്ത പരിപാടിയുടെ സംഘാടകർ വിനോദ നികുതിയിനത്തില്‍ മൂന്നേകാല്‍ ലക്ഷം രൂപ വെട്ടിച്ചതായി കണ്ടെത്തി. പരിപാടിയുടെ ഓണ്‍ലൈന്‍ ടിക്കറ്റ് വിറ്റ ഇനത്തിലാണ് ഇത്രയും തുക സംഘാടകരായ മൃദംഗവിഷന്‍ വെട്ടിച്ചത്. മൃദംഗ വിഷന് കോർപറേഷന്‍ രണ്ട് നോട്ടീസ് നല്‍കിയിട്ടും മറുപടി ലഭിച്ചിട്ടില്ല.

മൃദംഗ വിഷന്‍ സംഘടിപ്പിച്ച പരിപാടിയുടെ ടിക്കറ്റുകള്‍ ബുക് മൈ ഷോ ആപ് വഴി ഓണ്‍ലൈനായാണ് വിറ്റത്. 149 രൂപ നിരക്കില്‍ 29,349 ടിക്കറ്റുകള്‍ വിറ്റു. മുപ്പത്തിമൂന്ന് ലക്ഷം രൂപ ടിക്കറ്റ് വില്‍പനയിലൂടെ മൃദംഗ വിഷന് ലഭിച്ചു. പത്ത് ശതമാനം വിനോദ നികുതി കണക്കാക്കിയാല്‍ മൂന്ന് ലക്ഷത്തി മുപ്പതിനായിരം രൂപ കോർപറേഷനില്‍ അടക്കണം. ടിക്കറ്റ് വില്‍പ്പനയുടെ വിവരങ്ങളോ വിനോദനികുതിയോ ഇതുവരെ കോർപറേഷന് നല്‍കാന്‍ മൃദംഗവിഷന്‍ തയ്യാറായിട്ടില്ല.

കോർപറേഷന്‍ റവന്യൂ വിഭാഗം നല്‍കിയ നോട്ടീസിന് ബുക് മൈ ഷോ നല്‍കിയ മറുപടിയില്‍ ടിക്കറ്റ് വില്‍പ്പനയുടെ വിശദാംശങ്ങള്‍ ചേർത്തിട്ടുണ്ട്.

കോർപറേഷന്‍റെ ലൈസന്‍സ് വാങ്ങാതെയും വിനോദ നികുതി വെട്ടിച്ചും നടത്തിയ പരിപാടിയുടെ പേരില്‍ കോർപറേഷന്‍ തുടർ നടപടികള്‍ ആരംഭിച്ചു. ബുക് മൈ ഷോ ആപ്പ് അല്ലാതെ വേറെ ഏതെങ്കിലും ഏജന്‍സികള്‍ വഴി ടിക്കറ്റുകള്‍ വിറ്റിട്ടുണ്ടോ എന്നും കോർപറേഷന്‍ പരിശോധിക്കുന്നുണ്ട്.

എന്നാല്‍ സംഘാടകരായ മൃദംഗവിഷന് കോർപറേഷന്‍ നല്‍കിയ രണ്ടു നോട്ടീസുകള്‍ക്കും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ലൈസന്‍സ് എടുക്കാതെ പരിപാടി സംഘടിപ്പിച്ചതിന് കാരണം ചോദിച്ചും വിനോദനികുതിയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ആരാഞ്ഞുമാണ് മൃദംഗവിഷന് നോട്ടീസ് നല്‍കിയത്. ഡിസംബർ 29 ന് നടത്തിയ ഗിന്നസ് നൃത്ത പരിപാടിക്കിടെയാണ് സ്റ്റേജില്‍ നിന്നും വീണ് ഉമാ തോമസ് എംഎൽഎക്ക് ഗുരുതര പരിക്കേറ്റത്.



TAGS :

Next Story