Quantcast

പതിനഞ്ചാമത് അന്താരാഷ്ട്ര നാടകോത്സവത്തിന് നാളെ തുടക്കം

മേള നാളെ വൈകിട്ട് അഞ്ചിന് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.

MediaOne Logo

Web Desk

  • Published:

    22 Feb 2025 8:15 PM IST

പതിനഞ്ചാമത് അന്താരാഷ്ട്ര നാടകോത്സവത്തിന് നാളെ തുടക്കം
X

തൃശൂരിൽ ഇനി അരങ്ങൊഴിയാത്ത നാടകത്തിന്റെ ലോകവേദികൾ. കേരളത്തിന്റെ 15-ാമത് അന്താരാഷ്ട്ര നാടകോത്സവം ഇറ്റ്ഫോക് 2025 നാളെ തുടങ്ങും. കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന ഇറ്റ്ഫോക്കിന്റെ ഈ വർഷത്തെ പ്രമേയം 'പ്രതിരോധത്തിന്റെ സംസ്കാരങ്ങൾ' എന്നാണ്. വിവിധ സംസ്കാരങ്ങൾകൊണ്ട് അതിജീവനത്തിനായി പ്രതിരോധം തീർക്കുന്ന മനുഷ്യരെ അടയാളപ്പെടുത്തുകയാണ് നാടകോത്സവം.

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ നാടക മേളയിൽ ഒന്നായ ഇറ്റ്ഫോക്കിൽ വൈവിധ്യമാർന്ന നാടകങ്ങൾ, സംഗീത - നൃത്ത പ്രകടനങ്ങൾ, പാനൽ ചർച്ചകൾ, സംവാദങ്ങൾ, ആർട്ടിസ്റ്റുകളുമായുള്ള മുഖാമുഖം എന്നിവ പ്രദർശിപ്പിക്കും. ഫെബ്രുവരി 23ന് തുടങ്ങി മാർച്ച് 2ന് അവസാനിക്കുന്ന എട്ട് ദിവസത്തെ പരിപാടിയിൽ മൂന്നു വേദികളിലായി 10 ഇന്ത്യയിൽ നാടകങ്ങളും അഞ്ച് അന്താരാഷ്ട്ര നാടകങ്ങളും ഉൾപ്പെടെ 15 നാടകങ്ങളുടെ 34 പ്രദർശനങ്ങളുണ്ടാകും.

കെ.ടി മുഹമ്മദ് തിയറ്ററിൽ 550 പേർക്കും ബ്ലാക്ക് ബോക്സിൽ 150, ആക്ടർ മുരളി തിയറ്ററിൽ 500 എന്നിങ്ങനെയാണ് നാടകം കാണുന്നതിനായി ഇരിക്കാനുള്ള സൗകര്യം. അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളിയുടെ നേതൃത്വത്തിൽ ഫെസ്റ്റിവൽ കോ ഓർഡിനേറ്റർ ജലീൽ ടി കുന്നത്ത്, പ്രോഗ്രാം ഓഫിസർ വി.കെ അനിൽകുമാർ എന്നിവരാണ് ഇറ്റ്ഫോക് പരിപാടികൾ ഏകോപിപ്പിക്കുന്നത്. പ്രശസ്ത രംഗശിൽപ്പിയും ആർട്ടിസ്റ്റുമായ സുജാതന്റെ മേൽനോട്ടത്തിലാണ് നാടക വേദികൾ രംഗാവിഷ്ക്കാരങ്ങളുടെ ശബ്ദമായി ഉണരുന്നത്.

ആദ്യ ദിനമായ നാളെ ഉച്ചയ്ക്ക് മൂന്നിന് 'ദി നൈറ്റ്സ്', രാത്രി 7.30ന് 'ഹയവദന' തുടങ്ങിയ നാടകങ്ങൾ അരങ്ങേറും. വൈകീട്ട് അ‍ഞ്ചിന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഇറ്റ്ഫോക് 2025ന്റെ ഉദ്ഘാടനം നിർവഹിക്കും. ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി അക്കാദമി അംഗം സജു ചന്ദ്രന്റെ നേതൃത്വത്തിൽ അവതരിപ്പിക്കുന്ന മേളം കച്ചേരിയുണ്ട്.

Next Story