കൈക്കൂലി കേസ്: ഐഒസി ഡിജിഎം അലക്സ് മാത്യുവിന് സസ്പെൻഷൻ
വീട്ടിൽനിന്ന് നാല് ലക്ഷവും വിദേശ മദ്യവും പിടിച്ചെടുത്തു

കൊച്ചി: ഗ്യാസ് ഏജൻസി ഉടമയിൽനിന്ന് രണ്ട് ലക്ഷം കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായ ഇന്ത്യൻ ഓയിൽ കോർപറേഷൻ ഡെപ്യൂട്ടി ജനറൽ മാനേജർ അലക്സ് മാത്യുവിനെ സസ്പെൻഡ് ചെയ്തു. അന്വേഷണത്തിനും ഐഒസി തീരുമാനിച്ചു.
അലക്സ് മാത്യുവിന്റെ കൊച്ചിയിലെ വീട്ടിൽനിന്ന് നാല് ലക്ഷം രൂപയും ഏഴ് കുപ്പി വിദേശ മദ്യവും പിടിച്ചെടുത്തു. വസ്തുക്കൾ വാങ്ങിയതിന്റെ രേഖകളും കണ്ടെത്തി.
ഇന്നലെ രാത്രിയിലായിരുന്നു കൊച്ചിയിലെ വീട്ടിൽ വിജിലൻസ് റെയ്ഡ് നടത്തിയത്. സാമ്പത്തിക ഇടപാടുകളും ബാങ്ക് അക്കൗണ്ടുകളും കേന്ദ്രീകരിച്ച് വിജിലൻസ് അന്വേഷണം നടക്കും.
കൈക്കൂലി കൂടാതെ അലക്സിൽനിന്ന് കണ്ടെത്തിയ ഒരു ലക്ഷം രൂപയുടെ സ്രോതസ് പരിശോധിക്കും. ബാങ്കിൽ നിന്ന് എടുത്ത പണമാണെന്നാണ് അലക്‌സിന്റെ മൊഴി. അതേസമയം, വൈദ്യ പരിശോധനയിൽ ഇസിജിയിൽ വ്യത്യാസം കാണിച്ചതിനെ തുടർന്ന് അലക്സിനെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിട്ടുണ്ട്.
Adjust Story Font
16

