‘മറ്റെന്തെല്ലാം മാർഗങ്ങളുണ്ട്, ഈ സമരം രോഗികളുടെ ജീവൻ വെച്ചുള്ള വിലപേശലാണെന്ന് പറയാതെ വയ്യ’; നഴ്സുമാരുടെ സമരരീതി മാറ്റണമെന്ന് ഇഖ്റ ആശുപത്രി
''സർക്കാർ ആശുപത്രികളുടെ പരിമിതികളിൽ നിന്ന് രക്ഷതേടി ഉള്ളവരും ഇല്ലാത്തവരുമായി വലിയൊരു വിഭാഗം ജനങ്ങൾ ആശ്രയിക്കുന്നത് ഇന്ന് സ്വകാര്യ ആശുപത്രികളെയാണ്''

- Published:
10 March 2026 11:09 AM IST

കോഴിക്കോട്: രോഗികളുടെ ജീവൻ വെച്ചുള്ള വിലപേശൽ അവസാനിപ്പിച്ച്, അവകാശങ്ങൾ നേടിയെടുക്കാൻ സക്രിയമായ സമര മുറകളിലേക്ക് നഴ്സുമാർ മാറണമെന്ന് കോഴിക്കോട് ഇഖ്റ ഇന്റർനാഷനൽ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ.
നഴ്സിങ് ജീവനക്കാരുടെ പഠന കാലത്തെ ചിലവിനെക്കുറിച്ചോ ജോലിഭാരത്തെ സംബന്ധിച്ചോ അവരുടെ വേതനവ്യവസ്ഥകൾ പരിഷ്കരിക്കുന്നതിനെക്കുറിച്ചോ ഒന്നും ആർക്കും രണ്ടഭിപ്രായമില്ല. എന്നാൽ, ഇപ്പോൾ അവർ നടത്തിവരുന്ന സമര രീതി ആശുപത്രിയിലെത്തുന്ന ആസന്ന നിലയിലുള്ള രോഗികളുടെ ജീവൻ വെച്ചുള്ള വിലപേശലാണെന്ന് പറയാതെ വയ്യ.
ആശുപത്രി അവശ്യ സേവനങ്ങളെ ഇവ്വിധം ബന്ധിയാക്കി വിലപേശുന്നത് പരിഷ്കൃത സമൂഹത്തിൽ കേട്ടു കേൾവിയില്ലാത്ത കാര്യമാണ്. സ്വകാര്യ ആശുപത്രികളെ വരച്ച വരയിൽ നിർത്താൻ അത്യാസന്ന രോഗികൾക്കുള്ള ചികിത്സ നിഷേധിക്കാതെ തന്നെ മറ്റെന്തെല്ലാം മാർഗങ്ങളുണ്ട് -ആശുപത്രിയുടെ ഔദ്യോഗിക ഫേസ്ബുക് പേജിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
രോഗികളുടെ ജീവൻ വെച്ച് വിലപേശുന്ന ഒരു സമരം. നഴ്സിങ് ജീവനക്കാരുടെ പഠന കാലത്തെ ചിലവിനെക്കുറിച്ചോ ജോലിഭാരത്തെ സംബന്ധിച്ചോ അവരുടെ വേതനവ്യവസ്ഥകൾ പരിഷ്കരിക്കുന്നതിനെക്കുറിച്ചോ ഒന്നും ആർക്കും രണ്ടഭിപ്രായമില്ല.
എന്നാൽ ഇപ്പോൾ അവർ നടത്തിവരുന്ന സമര രീതി ആശുപത്രിയിലെത്തുന്ന ആസന്ന നിലയിലുള്ള രോഗികളുടെ ജീവൻ വെച്ചുള്ള വിലപേശലാണെന്ന് പറയാതെ വയ്യ. സർക്കാർ ആശുപത്രികളുടെ പരിമിതികളിൽ നിന്ന് രക്ഷതേടി ഉള്ളവരും ഇല്ലാത്തവരുമായി വലിയൊരു വിഭാഗം ജനങ്ങൾ ആശ്രയിക്കുന്നത് ഇന്ന് സ്വകാര്യ ആശുപത്രികളെയാണ്.
ജീവൻ രക്ഷിക്കാനായി ആംബുലൻസിൽ ചീറിപ്പാഞ്ഞെത്തുന്ന രോഗികൾക്ക് മുന്നിൽ അടഞ്ഞു കിടക്കുന്ന എമർജൻസി ഡിപ്പാർട്മെന്റ് കാണിക്കലാണോ ആരോഗ്യ സേവന രംഗത്തെ മാലാഖമാരുടെ സമരം വിജയിപ്പിക്കാനുള്ള മാർഗം. വെന്റിലേറ്ററിൽ ജീവനുവേണ്ടി പിടയുന്ന നവജാത ശിശുക്കളെ പരിചരിക്കുന്ന നഴ്സുമാരെ ഉടൻ പിൻവലിക്കുമെന്നും അല്ലെങ്കിൽ എത്രയും പെട്ടെന്ന് ചർച്ചക്ക് തയ്യാറാവണമെന്നും ഭീഷണി മുഴക്കുന്നത് എങ്ങനെയാണ് ഒരവകാശ സമരമായി മനസ്സിലാക്കാൻ സാധിക്കുക.
ഐസിയുകൾ അടച്ചുപൂട്ടി ഹാർട്ട് അറ്റാക്ക് വന്നവരെ കാത് ലാബ് മുടക്കി തിരിച്ചയച്ച് നിങ്ങൾ ആഘോഷിക്കുന്ന സമാരോന്മാദം നിങ്ങളിൽ പെട്ട ഒരാൾക്ക് ഒരത്യാഹിതം സംഭവിച്ചാൽ പോലും തിരിച്ചറിയാനാവാത്ത വിധം ഒരു മിഥ്യ ലഹരിയിൽ നിങ്ങൾ അകപ്പെട്ടിരിക്കുന്നു. നിയമപരമായ മുൻകൂർ നോട്ടീസില്ലാതെ സൂചന സമരമായി ആരംഭിച്ച ഈ പണിമുടക്ക് തികച്ചും അന്യായമായ രീതിയിൽ അനിശ്ചിത കാലത്തേക്ക് നീട്ടിയതായി പ്രഖ്യാപിക്കുകയായിരുന്നു. സമരക്കാർ അവരുടെ ഔദാര്യമെന്നോണം ചില ക്രിട്ടിക്കൽ ഏരിയകളിൽ വിരലിലെണ്ണാവുന്ന ആളുകളെ ഡ്യൂട്ടി എടുക്കാൻ അനുവദിക്കുന്നു.
എന്നതിനൊപ്പം കാഷ്വാലിറ്റി അടക്കം അത്യാസന്ന പരിചരണ വിഭാഗങ്ങളിൽ നിന്നെല്ലാം രോഗികളെ ഒഴിപ്പിക്കണം എന്നാണവർ ആവശ്യപ്പെടുന്നത്. ആശുപത്രിയുടെ അവശ്യ സേവനങ്ങളെ ഇവ്വിധം ബന്ധിയാക്കി വിലപേശുന്നത് ഒരു പരിഷ്കൃത സമൂഹത്തിൽ കേട്ടു കേൾവിയില്ലാത്ത കാര്യമാണ്. സ്വകാര്യ ആശുപത്രികളെ വരച്ച വരയിൽ നിർത്താൻ അത്യാസന്ന രോഗികൾക്കുള്ള ചികിത്സ നിഷേധിക്കാതെ തന്നെ മറ്റെന്തെല്ലാം മാർഗങ്ങളുണ്ട്. ഇലക്റ്റീവ് സർജറികൾക്ക് സഹകരിക്കാതിരുന്നാൽ തന്നെ ആശുപത്രി വരുമാനത്തെ അത് ഗണ്യമായി ബാധിക്കും. ഒ.പി തടസ്സപെടുത്തലടക്കം കാലങ്ങളായി സ്വീകരിച്ചു വരുന്ന എത്രയോ വഴികളുണ്ട് പ്രതിഷേധിക്കാൻ.
നിസ്സഹായരായ രോഗികളുടെ ദൈന്യതയെ അവകാശങ്ങൾ നേടിയെടുക്കാനുള്ള ഉപാധിയാക്കും വിധം ഇവർക്ക് സമരമുപദേശിക്കുന്ന നേതൃത്വത്തിന്റെ പക്വതക്കുറവിനെ കുറിച്ച്, ചിന്തയിലെ ആധാർമികതയെക്കുറിച്ച് അനുയായികൾ തന്നെ ആഴത്തിൽ ചിന്തിക്കട്ടെ. പൊതു തൊഴിലാളി വിഭാഗങ്ങളും രാഷ്ട്രീയ സംഘടനകളുമെല്ലാം നടത്തുന്ന ബന്ദുകളിൽ പോലും ആശുപത്രി സേവനങ്ങളെ ഒഴിവാക്കികൊണ്ടല്ലാത്ത ഒരു സമരവും ഇന്നേ വരെ ഒരിടത്തും കണ്ടിട്ടില്ല.
ഇതിപ്പോ ആശുപത്രി സേവനത്തിന്റെ അനിവാര്യതയെക്കുറിച്ച് എല്ലാമറിയുന്നവർ ഇങ്ങനെ ചെയ്താൽ ഒരിക്കലും മറക്കാത്ത ക്രൂരതയുടെ കറുത്ത പാടുകളായി ഈ സംഘടനയുടെ ചരിത്രത്തിൽ ഈ നാളുകൾ എഴുതപ്പെടുക തന്നെ ചെയ്യും. നമ്മുടെ നഴ്സിംഗ് സഹോദരങ്ങൾ സാമാന്യ ബോധത്തിലേക്ക് തിരിച്ചു വരണം. സമൂഹത്തോട് ചെയ്യുന്ന ഈ ക്രൂരതയിൽ നിന്ന് പിന്മാറി, സക്രിയമായ സമര മുറകളിലേക്ക് മാറണം.
Adjust Story Font
16
