ഇറാന്‍ അവയവക്കടത്ത്: കേസിന് പിന്നില്‍ വന്‍ റാക്കറ്റെന്ന് എന്‍ഐഎ
കേരളത്തിലെ ചില സ്വകാര്യ ആശുപത്രികള്‍ക്കും അവയവക്കടത്തില്‍ പങ്കുണ്ടെന്ന് പിടിയിലായ മധു നേരത്തെ വെളിപ്പെടുത്തിയിരുന്നു

എറണാകുളം: ഇറാന്‍ അവയവക്കടത്ത് കേസിന് പിന്നില്‍ വന്‍ റാക്കറ്റെന്ന് എന്‍ഐഎ. പ്രതി മധു ജയകുമാര്‍ രാജ്യാന്തര റാക്കറ്റിന്റെ ഒരു കണ്ണി മാത്രമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇരകളെ കണ്ടെത്തിയെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു. ഇന്ത്യയില്‍ നിന്ന് 14 പേരെ ഇറാനിലേക്ക് കൊണ്ടുപോയെന്നാണ് മധുവിന്റെ മൊഴി. മധുവിനെ ഈ മാസം 24 വരെ കൊച്ചി എന്‍ഐഎ കോടതി റിമാന്‍ഡ് ചെയ്തു.
കസ്റ്റഡി കാലാവധി അവസാനിച്ച് കോടതിയില്‍ മധുവിനെ ഹാജരാക്കിയപ്പോഴാണ് അവയവക്കടത്തിന് പിന്നില്‍ വന്‍ റാക്കറ്റുകളുണ്ടെന്ന് എന്‍ഐഎ കോടതിയെ ബോധിപ്പിച്ചത്. രാജ്യാന്തര റാക്കറ്റിലെ ചെറിയൊരു കണ്ണി മാത്രമാണെന്നും എന്‍ഐഎ കോടതിയില്‍ പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അവയവക്കടത്തിന്റെ ഇരകളുമായി സംസാരിക്കുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു.
കേരളത്തിലെ ചില സ്വകാര്യ ആശുപത്രികള്‍ക്കും അവയവക്കടത്തില്‍ പങ്കുണ്ടെന്ന് പിടിയിലായ മധു നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഡല്‍ഹി, മധ്യപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന എന്നിവിടങ്ങളെ കേന്ദ്രീകരിച്ചാണ് ഈ റാക്കറ്റ് പ്രവര്‍ത്തിക്കുന്നത്. അവയവങ്ങള്‍ ദാനം ചെയ്യുന്നവര്‍ക്ക് 50 ലക്ഷം രൂപ വരെ വാഗ്ദാനം ചെയ്തിരുന്നതായി ഇരകള്‍ നല്‍കിയ മൊഴിയിലുണ്ട്.
ഇറാനില്‍ നിന്നെത്തിയ മധുവിനെ ഈ മാസം 8 നാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കസ്റ്റഡിയില്‍ വെച്ച് ചോദ്യം ചെയ്തതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ട് എന്നതിനാല്‍ മധുവിനെ ഈ മാസം 24 വരെ കൊച്ചി എന്‍ഐഎ കോടതി റിമാന്‍ഡ് ചെയ്തു.
2019 ജനുവരി മുതല്‍ 2024 മേയ് വരെ കേരളത്തില്‍ നിന്ന് ആളുകളെ കടത്തിയിട്ടുണ്ടെന്നാണ് എന്‍ഐഎ കുറ്റപത്രത്തില്‍ പറയുന്നത്. മൊഴിയില്‍ നിന്ന് ലഭിച്ച വിവരങ്ങളും ആശുപത്രികളെയും ഉള്‍പ്പെടുത്തി വിപുലമായ അന്വേഷണത്തിലേക്ക് കടക്കുകയാണ് എന്‍ഐഎ.
Adjust Story Font
16

