Quantcast

‘ആശുപത്രിയിൽ തന്നെ പ്രസവിക്കണമെന്ന് നിയമമുണ്ടോ?’; എപി വിഭാഗം നേതാവ് സ്വാലിഹ് തുറാബ് തങ്ങൾ

‘വീട്ടിൽ പ്രസവിക്കുന്നവരെ എല്ലാവരും കുറ്റപ്പെടുത്തുകയാണ്’

MediaOne Logo

Web Desk

  • Published:

    14 April 2025 9:43 PM IST

‘ആശുപത്രിയിൽ തന്നെ പ്രസവിക്കണമെന്ന് നിയമമുണ്ടോ?’; എപി വിഭാഗം നേതാവ് സ്വാലിഹ് തുറാബ് തങ്ങൾ
X

കോഴിക്കോട്: ആശുപത്രിയിൽ തന്നെ പ്രസവിക്കണമെന്ന് നിയമമുണ്ടോയെന്ന് കാന്തപുരം എപി വിഭാഗം നേതാവും SYS ​കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റുമായ സ്വാലിഹ് തുറാബ് തങ്ങൾ. കോഴിക്കോട് പെരുമണ്ണ തയ്യിൽ താഴത്ത് നടന്ന ‘മർകസുൽ ബദ്‍രിയ്യ ദർസ് ആരംഭവും സി.എം വലിയുല്ലാഹി ആണ്ടുനേർച്ചയും അസ്മാഉൽ ബദ്റും’ എന്ന പരിപാടിയിലായിരുന്നു സ്വാലിഹ് തുറാബ് തങ്ങളുടെ പ്രഭാഷണം.

‘എന്തെങ്കിലും പറയുമ്പോഴേക്ക് സമൂഹത്തിനെ പേടിക്കുകയാണ്. ഒരു പ്രസവം നടന്നു ഇവിടെ. എ​ന്തൊക്കെ സംഭവിച്ചു. ഇവിടെ ഹോസ്പിറ്റലിൽ എന്തൊക്കെ ഗുലുമാലുകളാണ് നടക്കുന്നത്. എന്തൊക്കെ അക്രമങ്ങൾ നടക്കുന്നു. കൊല്ലാനുള്ള ലൈസൻസുള്ള ആളുകൾ എന്നാണ് ആ സർട്ടിഫിക്കറ്റിനെക്കുറിച്ച് ചില ആളുകൾ പറയുന്നത്. അവിടെ ഒരു തെറ്റ് ചെയ്താൽ ചോദ്യവും പറച്ചിലും ഇല്ല, എന്തും ആകാമെന്നാണ്. എന്താണ് ആശുപത്രിയിൽ തന്നെ പ്രസവിക്കണമെന്ന് നിയമമുണ്ടോ? ഇവിടത്തെ സർക്കാർ നിയമമാണോ അത്?

അവരവരുടെ സൗകര്യമാണ്. ആരെങ്കിലും ആക്രമിച്ചിട്ടുണ്ടെങ്കിൽ അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. എല്ലാവരും വീട്ടിൽ പ്രസവിക്കുന്നവരെ കുറ്റപ്പെടുത്തുകയാണ്. വീട്ടിൽ പ്രസവം എടുക്കുന്ന ഉമ്മയെ കുറ്റപ്പെടുത്തുകയാണ്. വീട്ടിൽ പ്രസവിക്കാൻ പ്രോത്സാഹിപ്പിച്ചവരെ കുറ്റപ്പെടുത്തുകയാണ്. വല്ലാത്തൊരു ലോകം. ഈ രൂപത്തിൽ ലോകം മാറിക്കൊണ്ടിരിക്കുകയാണ്. അവനവന്റെ വിശ്വാസം ശക്തമായി കാത്തുസൂക്ഷിച്ചാൽ അവനവന് രക്ഷപ്പെടാം’ -എന്നായിരുന്നു പ്രഭാഷണം.

TAGS :

Next Story