Quantcast

കെ-ഫോണിന് കേന്ദ്ര സർക്കാരിന്റെ ഐ.എസ്.പി ലൈസൻസ്

ഏകദേശം 30,000 ത്തോളം സർക്കാർ ഓഫീസുകളിൽ കെ-ഫോൺ വഴി ഇന്റർനെറ്റ് സേവനങ്ങൾ നൽകാനുള്ള നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2022-07-14 14:03:38.0

Published:

14 July 2022 1:08 PM GMT

കെ-ഫോണിന് കേന്ദ്ര സർക്കാരിന്റെ ഐ.എസ്.പി ലൈസൻസ്
X

തിരുവനന്തപുരം: കെ-ഫോണിന് കേന്ദ്ര സർക്കാരിന്റെ ഐ.എസ്.പി ലൈസൻസ് ലഭിച്ചു. ഇതോടെ ഇന്റർനെറ്റ് സർവീസ് പ്രൊവൈഡറായി കെ-ഫോണിന് പ്രവർത്തിക്കാം. കേന്ദ്ര ടെലികോം മന്ത്രാലയമാണ് ലൈസൻസ് അനുവദിച്ചത്. ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡർ ലൈസൻസ് കഴിഞ്ഞയാഴ്ചയാണ് കേന്ദ്ര സർക്കാർ നൽകിയിരുന്നു.

കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് പദ്ധതി കെ-ഫോണിനെ ഔദ്യോഗിക ഇന്റർനെറ്റ് സേവനദാതാവായി കേന്ദ്രസർക്കാർ അംഗീകരിച്ചത് അഭിമാനർഹമായ നേട്ടമാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. സംസ്ഥാന പരിധിക്കകത്ത് ഇന്റർനെറ്റ് സേവന സൗകര്യങ്ങൾ നൽകാനുള്ള അനുമതിയാണ് ലഭിച്ചിരിക്കുന്നത്. ഇതോടെ സ്വന്തമായി ഐഎസ്പി ലൈസൻസും ഇന്റർനെറ്റ് പദ്ധതിയുമുള്ള സംസ്ഥാനമായി മാറിയിരിക്കുകയാണ് കേരളം.

കെ-ഫോൺ പദ്ധതിക്ക് ലഭിച്ചിരിക്കുന്ന ഐഎസ്പി കാറ്റഗറി ബി ലൈസൻസ് ഒരു സർവീസ് മേഖലാപരിധിക്കകത്ത് ഇന്റർനെറ്റ് സൗകര്യങ്ങൾ നൽകാനുള്ള പ്രവർത്തനാനുമതിയാണ്. ഇതുപ്രകാരം കേരള സർവീസ് മേഖലാ പരിധിക്കകത്ത് ഇന്റർനെറ്റ് സേവനസൗകര്യങ്ങൾ നൽകാൻ കെ-ഫോണിന് ഇനി സാധിക്കും.

ഏകദേശം 30,000 ത്തോളം സർക്കാർ ഓഫീസുകളിൽ കെ-ഫോൺ വഴി ഇന്റർനെറ്റ് സേവനങ്ങൾ നൽകാനുള്ള നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട്.''പൊതുജനത്തിന് കുറഞ്ഞ നിരക്കിലും ഗുണമേന്മയോടു കൂടിയതുമായ അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കാനുദ്ദേശിച്ച് എൽഡിഎഫ് സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് കെ-ഫോൺ. ഇന്റർനെറ്റ് ഒരു ജനതയുടെ അവകാശമാണെന്ന് പ്രഖ്യാപിച്ച ഈ സർക്കാർ കേരളത്തിന് നൽകുന്ന വലിയ ഉറപ്പ് കൂടിയാണീ പദ്ധതി. അവശ വിഭാഗങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും ഇന്റർനെറ്റ് സൗകര്യങ്ങൾ ലഭ്യമാക്കുന്ന കെ-ഫോൺ പദ്ധതി ടെലികോം മേഖലയിലെ കോർപ്പറേറ്റാധിപത്യത്തിനെതിരെയുള്ള ജനകീയ ബദൽ കൂടിയാണ്''- മുഖ്യമന്ത്രി വ്യക്തമാക്കി.

TAGS :

Next Story