Quantcast

''ക്രിമിനലുകളിൽനിന്ന് അകലം പാലിക്കുക'' പൊലീസിനെ അച്ചടക്കം പഠിപ്പിച്ച് മുഖ്യമന്ത്രി

മണ്ണുമാഫിയ, റിയൽ എസ്റ്റേറ്റ് എന്നിവരുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് പൊലീസിന് കളങ്കമേൽപ്പിക്കുന്നു. എല്ലാ പ്രവൃത്തികളും സമൂഹവും സഹപ്രവർത്തകരും വീക്ഷിക്കുന്നുണ്ടെന്ന ബോധം എല്ലാവർക്കും വേണം- മുഖ്യമന്ത്രി ഓർമിപ്പിച്ചു

MediaOne Logo

Web Desk

  • Updated:

    2021-10-03 15:31:30.0

Published:

3 Oct 2021 3:05 PM GMT

ക്രിമിനലുകളിൽനിന്ന് അകലം പാലിക്കുക പൊലീസിനെ അച്ചടക്കം പഠിപ്പിച്ച് മുഖ്യമന്ത്രി
X

പൊലീസ് ഉദ്യോഗസ്ഥന്മാരുടെ അഴിമതിയും നിയമവിരുദ്ധ പ്രവർത്തനവും അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ണുമാഫിയ, റിയൽ എസ്റ്റേറ്റ് എന്നിവരുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് പൊലീസിന് കളങ്കമേൽപ്പിക്കുന്നു. അടുപ്പം വേണ്ടാത്തവരുമായി അകലം പാലിക്കുക തന്നെ വേണം. ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും ഉയർന്ന ഉദ്യോഗസ്ഥരുമായി സൗഹൃദം സ്ഥാപിക്കാൻ ശ്രമിക്കും. ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം. ഹണി ട്രാപ്പ് മുതലായ ചതികളിൽ പൊലീസ് പെടുന്നത് കളങ്കമാണെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.

സ്റ്റേഷൻ ഹൗസ് ഓഫീസർമാർ മുതൽ ഡിജിപി വരെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരോടായിരുന്നു മുഖ്യമന്ത്രിയുടെ ഉപദേശം. പൊലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തിലും പ്രവൃത്തിയിലും നല്ല സൂക്ഷ്മതവേണം. സഹപ്രവർത്തകർക്ക് മാതൃകയാകുന്ന പ്രവർത്തനം കാഴ്ചവയ്ക്കണം. തങ്ങളുടെ എല്ലാ പ്രവൃത്തികളും സമൂഹവും സഹപ്രവർത്തകരും വീക്ഷിക്കുന്നുണ്ടെന്ന ബോധം എല്ലാ ഉദ്യോഗസ്ഥർക്കും വേണം. വിമർശനം ഉണ്ടാകാനിടയുള്ള പ്രവൃത്തികളിൽനിന്ന് ഉദ്യോഗസ്ഥർ വിട്ടുനിൽക്കണം. തങ്ങളുടെ അധികാരപരിധി അഴിമതിരഹിതമാണെന്ന് ഉയർന്ന ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണം. ഇന്റലിജൻസ് വിഭാഗത്തിന്റെ പരിശോധന ഇല്ലാത്ത പരിപാടികളിൽ പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുക്കാതിരിക്കുന്നതാണ് നല്ലതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ക്രമസമാധാനപാലന നിർവഹണവും കുറ്റാന്വേഷണവും നടത്തുന്നതോടൊപ്പം തന്നെ കോവിഡ് പ്രതിരോധരംഗത്ത് നാടിന്റെ ആവശ്യത്തിനനുസരിച്ച് ഉണർന്ന് പ്രവർത്തിക്കാൻ പൊലീസിന് കഴിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു. പ്രശംസനീയമായ നിലയിൽ സേവനമനുഷ്ഠിക്കുന്ന സേനയുടെ യശസ്സിനെ ബാധിക്കുന്ന സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. വ്യക്തിപരമായി മാനസികസമ്മർദമുണ്ടായാൽ അത് പൊതുജനങ്ങളോടുള്ള ഇടപെടലിൽ പ്രതിഫലിക്കരുത്. സമചിത്തതയോടെയും പ്രകോപനപരമല്ലാതെയും പൊതുജനങ്ങളോട് പെരുമാറാൻ കഴിയണം. കൃത്യനിർവഹണം നിയമപരവും നടപടിക്രമങ്ങൾക്ക് അനുസൃതവുമാണെന്ന് ഉറപ്പുവരുത്തണം. പൊലീസിനെ അനാവശ്യമായി കുറ്റപ്പെടുത്തുന്ന പ്രവണത പൊതുവേ കണ്ടുവരുന്നു. പൊലിസിനെ ദുർബലപ്പെടുത്താൻ ആഗ്രഹിക്കുന്ന ഒരു വിഭാഗമാണ് ഇതിനു പിന്നിൽ. സേനയ്‌ക്കെതിരെ പരാതികൾ ഉയരുമ്പോൾ ബന്ധപ്പെട്ട ജില്ലാ പൊലീസ് മേധാവിമാരും സബ്ഡിവിഷൻ ഓഫീസർമാരും അക്കാര്യം പരിശോധിച്ച് ആവശ്യമെങ്കിൽ തിരുത്തൽ നടപടികൾ സ്വീകരിക്കണം.

മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്റ്റേഷനുകൾ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തണം. പരാതികൾ നേരിട്ട് കേൾക്കണം. ഗുരുതരമായ കുറ്റകൃത്യങ്ങൾ സംഭവിച്ചാൽ ഉടൻതന്നെ ജില്ലാ പൊലീസ് മേധാവിമാർ അടക്കം സംഭവസ്ഥലത്ത് എത്തണം. ഗുരുതരമായ കുറ്റകൃത്യങ്ങളിൽ യഥാസമയം കുറ്റപത്രം നൽകുന്നുവെന്ന് സബ് ഡിവിഷൻ പൊലീസ് ഓഫീസർമാർ ഉറപ്പുവരുത്തണം. കീഴുദ്യോഗസ്ഥരുടെ പരാതികൾ മനസ്സിലാക്കാൻ ജില്ലാ പൊലീസ് മേധാവിമാർ ശ്രദ്ധിക്കണം.

സംസ്ഥാനത്ത് കസ്റ്റഡിമർദനവും കസ്റ്റഡി മരണവുമുണ്ടാകാൻ പാടില്ല. ഇത്തരം സംഭവങ്ങൾ സർക്കാർ ഗൗരവമായി കാണും. സ്റ്റേഷനുകളുടെ പ്രവർത്തനം അനുസരിച്ചാണ് പൊലീസിന്റെ പ്രതിച്ഛായ രൂപീകൃതമാകുന്നത്. സ്റ്റേഷനുകളിൽ കിട്ടുന്ന പരാതികൾക്ക് നിയമപരമായ പരിഹാരമുണ്ടാകണം. ഒരു പരാതിയും അവഗണിക്കപ്പെടരുത്. നിയമപരമായ പരിമിതികൾമൂലം നടപടി സ്വീകരിക്കാനാകാത്തവയിൽ അക്കാര്യം ചൂണ്ടിക്കാട്ടി പരാതിക്കാർക്ക് മറുപടി നൽകണം. പൊലീസ് സ്റ്റേഷനുകളിൽ നൽകുന്ന പരാതികൾക്ക് രസീത് നൽകിയില്ലെങ്കിൽ നടപടി സ്വീകരിക്കും. രസീത് നൽകാനുള്ള ചുമതല സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർക്ക് നൽകണം. പല പൊലീസ് സ്റ്റേഷനുകളിലും ഇമെയിൽ വഴി ലഭിക്കുന്ന പരാതികൾക്ക് പരിഹാരം ഉണ്ടാകുന്നില്ലെന്ന പരാതി പരിഹരിക്കണം. ഓൺലൈൻ പരാതികൾക്കും രസീത് നൽകണം. എഫ്‌ഐആറിൻരെ പകർപ്പും അന്വേഷണ പുരോഗതിയും പരാതിക്കാർക്ക് നിയമാനുസൃതം നൽകണം.

പൊലിസിന്റെ ഭാഷയും പെരുമാറ്റവും അങ്ങേയറ്റം മാന്യതയോടെയും സഹായമനസ്‌കതയോടെയുമായിരിക്കണം. സ്റ്റേഷനിൽ വരുന്നവർക്ക് ഏറെ സമയം വെറുതെ കാത്തിരിക്കുന്ന അവസ്ഥ ഉണ്ടാകാൻ പാടില്ല. സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളിൽ ഉടനടി നടപടി വേണം. ഇരകളുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയണം. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ സംബന്ധിച്ച പരാതികൾ സ്റ്റേഷൻ ഹൗസ് ഓഫീസർമാർ തന്നെ അന്വേഷിക്കണം. 90 ദിവസത്തിനകം കുറ്റപത്രം നൽകാനാകാത്ത എല്ലാ കേസുകളും പ്രത്യേകം അവലോകനം ചെയ്യുകയും അതിനുള്ള കാരണം ഡിഐജിമാരെ ബോധ്യപ്പെടുത്തുകയും വേണം. പ്രണയനൈരാശ്യം മൂലമുള്ള അതിക്രമങ്ങൾ തടയാൻ ശക്തമായ നടപടി വേണം. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ടവരോട് അനുഭാവപൂർണമായ സമീപനം സ്വീകരിക്കുകയും അവർക്ക് നിയമപരമായ കാര്യങ്ങൾ ഉറപ്പാക്കുകയുംവേണം. കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമ കേസുകളിൽ അടിയന്തരനടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

TAGS :

Next Story