പ്രവാസി ജലീലിന്‍റെ കൊലപാതകം; മൂന്ന് പേര്‍ കൂടി അറസ്റ്റില്‍
ഇതോടെ കേസിൽ 12 പേർ അറസ്റ്റിലായി

പാലക്കാട്: അഗളി സ്വദേശിയായ പ്രവാസി അബ്ദുൽ ജലീലിന്‍റെ കൊലപാതകത്തില്‍ മൂന്ന് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. വിജീഷ് , മധു , നജ്മുദ്ധീൻ എന്നിവരാണ് പിടിയിലായത്. അബ്ദുൽ ജലീലിനെ തട്ടിക്കൊണ്ട് വന്ന വാഹനമോടിച്ചയാളാണ് വിജീഷ്. നജ്മുദ്ധീൻ , മധു എന്നിവർ പ്രതികൾക്ക് ഒളിവിൽ കഴിയാനും , രക്ഷപ്പെടാനും സഹായം നൽകിയവരാണ്. ഇതോടെ കേസിൽ 12 പേർ അറസ്റ്റിലായി.
ജലീലിന്‍റെ കൊലപാതകത്തില്‍ മുഖ്യപ്രതി യഹിയ കഴിഞ്ഞ ദിവസമാണ് പിടിയിലായത്. പെരിന്തൽമണ്ണ ആക്കപ്പറമ്പിൽ നിന്നാണ് ഇയാളെ പിടികൂടിയത്. അബ്ദുൽ ജലീലിനെ മർദിച്ച് അവശനാക്കിയ നിലയില്‍ ആശുപത്രിയിലെത്തിച്ച ശേഷം യഹിയ മുങ്ങുകയായിരുന്നു.
മെയ് 19നാണ് ജലീലിനെ പരിക്കുകളോടെ യഹിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വഴിയരികില്‍ പരിക്കേറ്റ നിലയില്‍ കണ്ടതിനാല്‍ ആശുപത്രിയില്‍ എത്തുക്കുകയായിരുന്നുവെന്നാണ് യഹിയ ആശുപത്രി അധികൃതരോട് പറഞ്ഞത്. പിന്നാലെ ഇയാള്‍ ആശുപത്രിയില്‍ നിന്ന് മുങ്ങി. എന്നാല്‍ ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ഇയാളെ തിരിച്ചറിഞ്ഞു.
ജലീലിന്‍റെ മരണത്തില്‍ തുടക്കം മുതല്‍ അടിമുടി ദുരൂഹതയായിരുന്നു. നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയ ശേഷം ജലീലിനെ കാണാതാവുകയായിരുന്നു. വിമാനത്താവളത്തില്‍ വരേണ്ട, വീട്ടിലെത്താം എന്നാണ് ജലീല്‍ വീട്ടില്‍ വിളിച്ചുപറഞ്ഞത്. എന്നാല്‍ രണ്ടു ദിവസം കഴിഞ്ഞിട്ടും വീട്ടിലെത്താതിരുന്നതോടെ കുടുംബം പൊലീസില്‍ പരാതി നല്‍കി. പിന്നാലെ ജലീല്‍ വീട്ടില്‍ വിളിച്ച് അടുത്ത ദിവസമെത്തുമെന്നും പരാതി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു. മെയ് 19നാണ് പരിക്കേറ്റ നിലയില്‍ ജലീലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടുത്ത ദിവസം മരണം സംഭവിച്ചു.
Adjust Story Font
16