Quantcast

'നീതിയില്ലാതെ സമാധാനം പുലരില്ല, അവകാശധ്വംസനങ്ങളിലൂടെ താല്‍പ്പര്യങ്ങള്‍ നേടിയെടുക്കാമെന്നത് ചിലരുടെ വ്യാമോഹം': ജമാഅത്തെ ഇസ്‌ലാമി

യുദ്ധക്കൊതിക്കും അധിനിവേശങ്ങള്‍ക്കുമെതിരെ ലോകമെമ്പാടുമുള്ള ജനാധിപത്യവിശ്വാസികളും സമാധാനകാംക്ഷികളും ഒറ്റക്കെട്ടായി ശബ്ദുമുയര്‍ത്തേണ്ട സമയമാണിതെന്നും അമീർ ഫേസ്ബുക്കിൽ കുറിച്ചു

MediaOne Logo
നീതിയില്ലാതെ സമാധാനം പുലരില്ല, അവകാശധ്വംസനങ്ങളിലൂടെ താല്‍പ്പര്യങ്ങള്‍ നേടിയെടുക്കാമെന്നത് ചിലരുടെ വ്യാമോഹം: ജമാഅത്തെ ഇസ്‌ലാമി
X

കോഴിക്കോട്: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയെ വധിച്ചുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും കൂട്ടാളി നെതന്യാഹുവും ലോകംകണ്ട ഭീകരരായ ഭരണാധികാരികളായി മാറിയിരിക്കുകയാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ പി.മുജീബുറഹ്മാന്‍. പശ്ചിമേഷ്യയുടെ പരമാധികാരത്തെ മുഖവിലയ്‌ക്കെടുക്കാന്‍ സാധിക്കാത്തവിധം ഇസ്‌ലാം-വംശവെറി ഈ രണ്ട് ഭരണാധികാരികളെയും ബധിരരാക്കിയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഇസ്രായേല്‍- അമേരിക്കന്‍ സാമ്രാജ്യത്വ താല്‍പ്പര്യങ്ങള്‍ക്കെതിരെ നിലപാട് സ്വീകരിക്കാന്‍ ഇന്ത്യ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'നീതിയില്ലാതെ സമാധാനം പുലരുകയില്ല. അടിച്ചമര്‍ത്തപ്പെടുന്ന ജനതയുടെ അവകാശങ്ങള്‍ ധ്വംസിച്ചുകൊണ്ട് ലോകത്ത് തങ്ങളുടെ താല്‍പ്പര്യങ്ങള്‍ നേടിയെടുക്കാമെന്നത് കേവലം വ്യാമോഹമാണ്. യുദ്ധങ്ങളില്‍ കുരുതിചെയ്യപ്പെടുന്ന നിരപരാധികളുടെ ചോരയില്‍ നിന്ന് നീതിയിലധിഷ്ടിതമായ ലോകക്രമത്തിനുള്ള ഊര്‍ജപ്രവാഹം സംഭവിക്കുക തന്നെ ചെയ്യും. യുദ്ധക്കൊതിക്കും അധിനിവേശങ്ങള്‍ക്കുമെതിരെ ലോകമെമ്പാടുമുള്ള ജനാധിപത്യവിശ്വാസികളും സമാധാനകാംക്ഷികളും ഒറ്റക്കെട്ടായി ശബ്ദുമുയര്‍ത്തേണ്ട സമയമാണിത്'. അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം

'ഇറാന്‍ പരമോന്നത ആത്മീയ നേതാവ് അലി ഖാനഈയെ അടക്കം കൊല ചെയ്തുകൊണ്ട് അമേരിക്കന്‍ പിന്തുണയോടെ ഇസ്രായേല്‍ നടത്തിയ ആക്രമണം പശ്ചിമേഷ്യയേയും ഗള്‍ഫ് മേഖലയേയും അക്ഷരാര്‍ഥത്തില്‍ യുദ്ധസാഹചര്യത്തിലേക്ക് തള്ളിയിരിക്കുന്നു. ഇതിന് ഉത്തരവാദികള്‍ രണ്ട് രാഷ്ട്രങ്ങളാണ് - അമേരിക്കയും ഇസ്രായേലും. വംശവെറികൊണ്ട് മസ്തിഷ്‌കത്തിന് അന്ധത ബാധിച്ച അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രമ്പും അദ്ദേഹത്തിന്റെ കൂട്ടാളി നെതന്യാഹുവും ലോകം കണ്ട ഏറ്റവും ഭീകരരായ ഭരണാധികാരികളില്‍ ഒരാളായി മാറുകയാണ്. ഒരു രാജ്യത്തിന്റെയും പരമാധികാരത്തെ, വിശേഷിച്ചും പശ്ചിമേഷ്യയിലെ, മുഖവിലയ്‌ക്കെടുക്കാന്‍ സാധിക്കാത്ത വിധം ഇസ്ലാം - വംശവെറി ഈ രണ്ട് ഭരണാധികാരികളുടെയും ബധിരരാക്കിയിരിക്കുന്നു. നീതിയേയോ ധര്‍മത്തെയോ സംബന്ധിച്ച ഏതു വര്‍ത്തമാനവും അവരുടെ ബധിരകര്‍ണങ്ങളില്‍ പതിക്കുക മാത്രമേ ചെയ്യൂ.

അനീതിയിലധിഷ്ഠിതമായി ഇസ്രായേല്‍ രാഷ്ട്രം രൂപപ്പെട്ടതു മുതല്‍ പശ്ചിമേഷ്യ നിമിഷം പോലും സമാധാനം അനുഭവിച്ചിട്ടില്ല. അയല്‍ രാജ്യങ്ങളുടെ മുഴുവന്‍ പരമാധികാരത്തെ നിരാകരിച്ചും നിരപരാധികളുടെ രക്തമൂറ്റിയുമാണ് ഇസ്രായേല്‍ അതിജീവിക്കുന്നത്. പുറമെ സമാധാനത്തിന്റെ വക്താക്കളായി ചമയുകയും, അതേ സമയം തന്നെ ആയുധക്കച്ചവടത്തിനും അധിനിവേശങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുകയും ചെയ്യുന്ന പാശ്ചാത്യ ഇരട്ടത്താപ്പാണ് ലോകം കണ്ടുകൊണ്ടിരിക്കുന്നത്. തങ്ങളുടെ സാമ്പത്തികവും രാഷ്ട്രീയവുമായ മേധാവിത്വം ഉറപ്പിക്കാന്‍ വേണ്ടി എത്ര ലക്ഷം മനുഷ്യരെ കൊന്നൊടുക്കാനും നാടുകളെ ചുട്ടു ചാമ്പലാക്കാനും സാമ്രാജ്യത്വ ശക്തികള്‍ക്ക് യാതൊരു മടിയുമില്ല എന്നതിന് സ്രാമാജ്യത്ത ചരിത്രം സാക്ഷിയാണ്.

അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട ഒരു നിയമപ്രകാരവും നീതീകരിക്കാവുന്നതല്ല ഇപ്പോള്‍ തുടക്കമിട്ട യുദ്ധം. ഒന്നോ രണ്ടോ രാജ്യങ്ങളെ മാത്രമല്ല ഒരു യുദ്ധവും ബാധിക്കുക. നാടുകളെയും അനേക ലക്ഷം നിരപരാധികളായ മനുഷ്യരെയാണ്.

ഇന്ത്യ അതിന്റെ പാരമ്പര്യത്തോട് നീതി പുലര്‍ത്തി ഇസ്രായേല്‍- അമേരിക്കന്‍ സാമ്രാജ്യത്ത താല്‍പര്യങ്ങള്‍ക്കെതിരെ നിലപാട് സ്വീകരിക്കാന്‍ തയാറാവണം. സാമ്രാജ്യത്തത്തോട് കൂറ് പുലര്‍ത്തുന്ന സംഘപരിവാര്‍ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ഒരു നീക്കവും ഇന്ത്യന്‍ ജനത സമ്മതിക്കില്ല. നിരുപാധികമായി യുദ്ധത്തില്‍ നിന്നും പിന്തിരിയാന്‍ ഇസ്രായേലിനെയും അമേരിക്കയെയും സമ്മര്‍ദ്ദപ്പെടുത്തുകയാണ് രാജ്യം ചെയ്യേണ്ടത്.

നീതിയില്ലാതെ സമാധാനം പുലരില്ല. അടിച്ചമര്‍ത്തപ്പെടുന്ന ജനതയുടെ അവകാശങ്ങള്‍ ധ്വംസിച്ചുകൊണ്ട് ലോകത്ത് തങ്ങളുടെ താല്‍പര്യങ്ങള്‍ നേടിയെടുക്കാമെന്നത് ആരുടെയും കേവലമൊരു വ്യാമോഹമാണ്. യുദ്ധങ്ങളില്‍ കുരുതി ചെയ്യപ്പെടുന്ന നിരപരാധികളുടെ ചോരയില്‍ നിന്നും നീതിയിലധിഷ്ഠിതമായ ഒരു ലോകക്രമത്തിനുള്ള ഊര്‍ജപ്രവാഹം സംഭവിക്കുക തന്നെ ചെയ്യും. യുദ്ധക്കൊതിക്കും അധിനിവേശങ്ങള്‍ക്കുമെതിരെ ലോകമെമ്പാടുമുള്ള ജനാധിപത്യ വിശ്വാസികളും സമാധാന കാംക്ഷികളും ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തേണ്ട സമയമാണിത്.'

TAGS :

Next Story