Quantcast

ജാമിഅ നദ്‌വിയ്യ വാർഷിക സമ്മേളനത്തിന് ഉജ്ജ്വല പരിസമാപ്തി

മുസ്‌ലിം പള്ളികൾക്കും മതസ്ഥാപനങ്ങൾക്കും ഇസ്‌ലാമിക ശരീഅത്തിനും നേരെ ഒരുപോലെ അക്രമം അഴിച്ചുവിട്ട് മുസ്‌ലിം സമുദായത്തെ ഭയപ്പെടുത്താൻ ശ്രമിക്കുന്നവർക്ക് തിരുത്തേണ്ടി വരുമെന്ന് ടി.പി അബ്ദുല്ലക്കോയ മദനി

MediaOne Logo

Web Desk

  • Updated:

    2024-02-11 14:27:37.0

Published:

11 Feb 2024 2:12 PM GMT

Jamia Nadwiyya Annual Conference concludes on a grand note, KNM State President TP Abdullakkoya Madani
X

എടവണ്ണ: രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവൻ നൽകിയ മുസ്‌ലിംകളെ ഭയപ്പെടുത്തി നിശബ്ദമാക്കാമെന്നത് ചിലരുടെ വ്യാമോഹമാണെന്ന് കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി പറഞ്ഞു. ജാമിഅ നദ്‌വിയ്യ വാർഷിക ദഅ്‌വ സമ്മേളനത്തിന്റെ സമാപനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിം പള്ളികൾക്കും മതസ്ഥാപനങ്ങൾക്കും ഇസ്‌ലാമിക ശരീഅത്തിനും നേരെ ഒരുപോലെ അക്രമം അഴിച്ചുവിട്ട് മുസ്‌ലിം സമുദായത്തെ ഭയപ്പെടുത്താൻ ശ്രമിക്കുന്നവർക്ക് തിരുത്തേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

ബാബരി മസ്ജിദ് തകർത്തവർ തന്നെയാണ് ഗ്യാൻവാപിക്ക് പിന്നിലും. ജനാധിപത്യത്തിന്റെ മറവിൽ വ്യക്തികളുടെ സ്വകാര്യ ജീവിതത്തിലേക്ക് കടന്ന് കയറുന്ന ഏക സിവിൽ കോഡ് പരീക്ഷണം വൻ പരാജയമാണെന്നും അത് വരുംനാളുകളിൽ കൂടുതൽ ബോധ്യപ്പെടുമെന്നും അബ്ദുല്ലക്കോയ മദനി പറഞ്ഞു. മുസ്‌ലിം ന്യുനപക്ഷത്തെ പേടിപ്പിക്കുക എന്നതാണ് ഏക സിവിൽ കോഡിന് പിന്നിലും. മുസ്‌ലിം ന്യൂനപക്ഷത്തെ കൂടുതൽ ഭയപ്പെടുത്തിയാൽ അവർ തെരുവിലിറങ്ങി അക്രമം ചെയ്തു കൊള്ളുമെന്ന് കരുതരുത്. ജനാധിപത്യ രീതിയിലുള്ള പ്രതിരോധം ഉണ്ടാകും. മതനിരപേക്ഷ സമൂഹവുമായി ചേർന്ന് ഭയപ്പെടുത്തി അരികുവൽക്കരിക്കാനുള്ള ശ്രമങ്ങളെ ചെറുക്കാൻ വിവേകമതികൾ രംഗത്ത് വരുമെന്നും അദ്ദേഹം പറഞ്ഞു.

വിഭജനനാളുകളിൽ ഇന്ത്യയിൽ ജീവിച്ച മുസ്‌ലിംകളുടെ പിൻഗാമികൾക്കു പ്രകോപനം സൃഷ്ടിക്കുന്നവരുടെ മുമ്പിൽ എങ്ങനെ ജീവിക്കണമെന്ന് ബോധ്യമുണ്ട്. ഏക വ്യക്തി നിയമം പാസാക്കിയാൽ മുസ്‌ലിം സമൂഹം അവരുടെ ശരീഅത്ത് ഒഴിവാക്കുമെന്ന് കരുതുന്നവർക്കാണ് അബദ്ധം പറ്റിയത്. ഏത് ഏകാധിപത്യ രാജ്യത്തും ഇസ്‌ലാമിക ശരീഅത്ത് മുറുകെ പിടിച്ചു ജീവിക്കാനുള്ള അകബലമുള്ളവരാണ് മുസ്‌ലിംകൾ. അതിനാൽ പ്രകോപനം സൃഷ്ടിക്കാൻ ശ്രമിക്കുന്നവർ ഇസ്‌ലാമിക ചരിത്രം വായിക്കണമെന്നും അബ്ദുല്ലക്കോയ മദനി പറഞ്ഞു.

ഫാസിസം സഞ്ചരിക്കുന്നത് ജനാധിപത്യത്തിന്റെ നേർവിപരീത ദിശയിലാണ് എന്ന സെഷനിൽ കെ.പി.സി.സി ഡിജിറ്റൽ മീഡിയ കൺവീനർ ഡോ. പി. സരിൻ, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, ഡോ. സുൽഫിക്കർ അലി, ഡോ. ജംഷീർ ഫാറൂഖി, ഇസ്മായിൽ ഫുർഖാനി തുടങ്ങിയവർ സംസാരിച്ചു. തൗഹീദ് വ്യാഖ്യാനങ്ങളും വ്യതിയാനങ്ങളും എന്ന സെഷനിൽ അബ്ദുൽ വഹാബ് സ്വലാഹി, മുനീർ സ്വാലാഹി കാരക്കുന്ന്, ഖുദ്രത്തുള്ള നദ്‌വി, അനസ് കോഴിച്ചെന സംസാരിച്ചു.

നിർമിത ബുദ്ധിയുടെ കാലത്തെ അധ്യാപനം എന്ന സെഷനിൽ ഷമീർ ഖാൻ, സ്വാബിർ നജ്മുദ്ധീൻ, ഡോ. അലി അക്ബർ ഇരിവേറ്റി, ആഷിദ് സലഫി സംസാരിച്ചു. മധുരം ഖുർആൻ സെഷനിൽ ഡോ. അബ്ദുല്ല തിരൂർക്കാട്, അബ്ദുറഹ്മാൻ തിരൂർക്കാട്, അബ്ദുൽ വഹാബ് തിരൂർക്കാട്, റസീഫ് അലി ഫാറൂഖി, അലീഫ് മുഹ്സിൻ പങ്കെടുത്തു. ഇസ്‌ലാമിന് രാഷ്ട്രീയ വ്യാഖ്യാനമോ എന്ന സെഷനിൽ ഡോ. അബ്ദുൽ ഹസീബ് മദനി, ഷഫീഖ് അസ്‌ലം, അബൂബക്കർ കെ.വി, വി. അഹ്‌മദ്‌ കുട്ടി മദനി തുടങ്ങിയവർ സംസാരിച്ചു.

ഖുർആൻ മാത്രവാദം; ഒരു പൊളിച്ചെഴുത്ത്, പാണ്ഡിത്യവും ധിഷണയും; ചെറിയമുണ്ടം ഓർമപുസ്തകത്തെ മുൻനിർത്തി ഒരു ചർച്ച, ന്യൂജൻ സാമ്പത്തിക വ്യവഹാരത്തിന്റെ കരുതിയിരിക്കേണ്ട ചതിക്കുഴികൾ, മുസ്‌ലിം ലോകം; പരീക്ഷണങ്ങളും പ്രതീക്ഷകളും തുടങ്ങിയ ശ്രദ്ധേയമായ സെഷനുകളിൽ പ്രമുഖർ സംബന്ധിച്ചു.

വൈകിട്ട് നാല് മണിക്ക് ആരംഭിച്ച സമാപന സമ്മേളനം കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു. ജാമിഅ നദ്‌വിയ്യ മാനേജിങ് ട്രസ്റ്റി നൂർ മുഹമ്മദ്‌ നൂർഷ അധ്യക്ഷത വഹിച്ചു. ജാമിഅ നദ്‌വിയ്യ ഡയറക്ടർ ആദിൽ അത്വീഫ് സ്വലാഹി, കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി ഉണ്ണീൻകുട്ടി മൗലവി, കെ.എൻ.എം മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് അബ്ദുല്ല ചെങ്ങര, എം.എസ്.എം സംസ്ഥാന പ്രസിഡന്റ് അമീൻ അസ്‌ലഹ്, ജാമിഅ നദ്‌വിയ്യ അലൂംനി അസോസിയേഷൻ സെക്രട്ടറി റഹ്മത്തുല്ല സ്വലാഹി പുത്തൂർ തുടങ്ങിയവർ സംസാരിച്ചു.

പി.വി ആരിഫ് കോയമ്പത്തൂർ, യു. അബ്ദുല്ല ഫാറൂഖി, കുഞ്ഞി മുഹമ്മദ്‌ അൻസാരി എന്നിവർ അവാർഡ് ദാനം നിർവഹിച്ചു. സമാപന സമ്മേളനത്തിൽ ഹനീഫ് കായക്കൊടി, ഡോ. എ.ഐ അബ്ദുൽ മജീദ് സ്വലാഹി, ശരീഫ് മേലേതിൽ, അഹ്‌മദ്‌ അനസ് മൗലവി, ശുക്കൂർ സ്വലാഹി തുടങ്ങിയവർ പ്രഭാഷണം നടത്തി.

Summary: The Jamia Nadwiyya Annual Conference concludes on a grand note

TAGS :

Next Story