Quantcast

വിമാനത്തിലെ കയ്യാങ്കളി; ജയരാജനെതിരെ എയര്‍ക്രാഫ്റ്റ് സുരക്ഷാ നിയമം ചുമത്തിയില്ല

കോടതി നിർദേശപ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയതെന്നാണ് പൊലീസ് വിശദീകരണം

MediaOne Logo

Web Desk

  • Updated:

    2022-07-21 01:25:40.0

Published:

21 July 2022 1:04 AM GMT

വിമാനത്തിലെ കയ്യാങ്കളി; ജയരാജനെതിരെ  എയര്‍ക്രാഫ്റ്റ്  സുരക്ഷാ നിയമം ചുമത്തിയില്ല
X

കണ്ണൂര്‍: വിമാനത്തിലെ കയ്യാങ്കളിയിൽ ഇടത് മുന്നണി കൺവീനർ ഇ.പി.ജയരാജനെതിരെ കേസെടുത്തെങ്കിലും വിമാന സുരക്ഷാ നിയമപ്രകാരമുള്ള കുറ്റം ചുമത്തിയില്ല. സമാന കേസിൽ പ്രതി ചേർത്ത യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും കെ. എസ്. ശബരീനാഥനും എതിരെ എയർക്രാഫ്റ്റ് റൂൾ പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയിരുന്നു. കോടതി നിർദേശപ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയതെന്നാണ് പൊലീസ് വിശദീകരണം.

ഒന്നര മാസത്തോളം കേസെടുക്കാതിരുന്ന പൊലീസ് കോടതി നിർദേശത്തൊടെയാണ് ഇ.പി.ജയരാജനും മുഖ്യമന്ത്രിയുടെ രണ്ട് പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്കുമെതിരെ കേസെടുത്തത്. വധശ്രമവും ഗൂഢാലോചനയും ഉൾപ്പെടെയുള്ള ജാമ്യമില്ലാ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. എന്നാൽ യൂത്ത് കോൺഗ്രസുകാർക്കെതിരായ കേസിൻ്റെ ഗൗരവം വർധിപ്പിക്കാനായി ചുമത്തിയ എയർക്രാഫ്റ്റ് റൂൾ പ്രകാരമുള്ള കുറ്റം ഒഴിവാക്കി.

പ്രതിഷേധം നടന്ന വിമാനത്തിൽ കയറിയിട്ടില്ലാത്ത ശബരീനാഥനെതിരെ പോലും വിമാന സുരക്ഷാ നിയമ പ്രകാരമുള്ള രണ്ട് വകുപ്പുകൾ ചുമത്തിയപ്പോഴാണ് വിമാനത്തിനുള്ളിലെ പ്രതിഷേധത്തെ നേരിട്ട മൂന്ന് പേർക്കെതിരെ വകുപ്പുകൾ ചുമത്താത്തത്. എന്നാൽ കോടതി നിർദേശ പ്രകാരം എടുത്ത കേസായതിനാൽ എഫ്. ഐ. ആറിൽ കോടതി നിർദേശിച്ചിരിക്കുന്ന വകുപ്പുക മാത്രമേ ചുമത്താനാവൂവെന്നാണ് വിശദീകരണം.

IPC 307,308,120(B), 506 എന്നീ വകുപ്പുകളാണ് പരാതിക്കാരുടെ ഹരജിയിലും കോടതി ഉത്തരവിലും ഉണ്ടായിരുന്നതെന്നും അവ കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും വലിയതുറ പൊലീസ് പറഞ്ഞു. പരാതിക്കാരുടെ മൊഴിയെടുത്ത ശേഷം ആവശ്യമെങ്കിൽ കൂടുതൽ വകുപ്പുകൾ ചേർക്കുമെന്നും വാദിക്കുന്നു. എന്നാൽ പരാതിക്കാർ നൽകിയ ഹരജിയിൽ വകുപ്പ് പ്രത്യേകം പറഞ്ഞിട്ടില്ലങ്കിലും വിമാനയാത്ര നിയമ പ്രകാരമുള്ള കുറ്റം ചെയ്തതായി ആരോപിച്ചിരുന്നു.

കേസെടുത്തെങ്കിലും വേഗത്തിൽ ഇ.പി.ജയരാജൻറെയോ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൻ്റെയൊ അറസ്റ്റിലേക്ക് പോകില്ല. പരാതിക്കാരുടെ വിശദ മൊഴിയെടുത്ത ശേഷമേ തുടർനടപടി തീരുമാനിക്കൂ. ശംഖുമുഖം എ.സി.പിയുടെ നേതൃത്വത്തിലുള്ള സംഘം തന്നെയാണ് ഈ കേസും അന്വേഷിക്കുന്നത്. ഇതിനിടെ ജാമ്യവ്യവസ്ഥ പ്രകാരം ശബരിനാഥൻ ഇന്നും അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരാകും.

പ്രതിരോധത്തിലായി സി.പി.എം

ജയരാജനെതിരെ കേസെടുക്കേണ്ടി വന്നതോടെ പ്രതിരോധത്തിലായിരിക്കുകയാണ് സി.പി.എം. കോടതി നിർദേശപ്രകാരമാണ് കേസെങ്കിലും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയതിനാൽ അറസ്റ്റ് ഉൾപ്പെടെയുള്ള തുടർ നടപടികളിലേക്ക് പൊലീസിനും നീങ്ങേണ്ടിവരും. ഇതിനെ പാർട്ടി എങ്ങനെ നേരിടുമെന്നതാണ് നിർണായകം.

സമീപകാലത്തായി ആഭ്യന്തര വകുപ്പ് ഏറ്റവുമധികം പഴികേട്ടത് പൊലീസിനെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ കള്ളക്കേസിൽ കുടുക്കി ജയിലിലടക്കാൻ ശ്രമിച്ചു എന്ന ആരോപണത്തിലാണ്. പിസി ജോർജിനെയും ശബരിനാഥനെയും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്‌തെങ്കിലും കോടതിയിൽ നിന്ന് രണ്ടുപേർക്കും ജാമ്യം ലഭിച്ചു. ഒരു തവണ പിസി ജോർജിന് ജയിലിൽ കിടക്കേണ്ടിയും വന്നു. എന്നാൽ ഇപ്പോൾ അറസ്റ്റ് ഭീഷണിയിലുള്ളത് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗവും മുന്നണി കൺവീനറുമായ ഇ പി ജയരാജനാണ്.

ഭരണപക്ഷത്തിരുന്ന് കൊണ്ട് പൊലീസിനെ തള്ളിപ്പറയുന്നതിൽ സിപിഎമ്മിന് പരിമിതിയുണ്ട്. ഗുരുതര വകുപ്പുകളാണ് ഇ.പി ജയരാജനെതിരേ വലിയതുറ പൊലീസ് ചുമത്തിയത്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അത്തരം വകുപ്പുകൾ ചുമത്താൻ പൊലീസ് നിർബന്ധിതമാകുകയായിരുന്നു. തുടർ അന്വേഷണത്തിൽ ഈ വകുപ്പുകൾ കുറയ്ക്കുകയോ കേസ് തന്നെ ഇല്ലാതാക്കുകയോ ചെയ്യാം. എങ്കിലും കോടതിയുടെ ശ്രദ്ധ ഈ കേസിൽ ഉണ്ടാകുമെന്നത് സിപിഎമ്മിനെ സമ്മർദ്ദത്തിൽ ആക്കുന്നു. ഒപ്പം കേസിൽ പൊലീസിന്റെ ഓരോ നീക്കവും പ്രതിപക്ഷവും നിരീക്ഷിക്കും. എഫ്.ഐ.ആർ റദ്ദാക്കുന്നതിന് മേൽ കോടതികളെ സമീപിക്കുന്നതുൾപ്പെടെയുള്ള നിയമനടപടികൾക്കും സിപിഎം കടന്നേക്കും.

TAGS :

Next Story