സമസ്തയെ നോവിക്കാനും ദുർബലപ്പെടുത്താനും ആരും ശ്രമിക്കരുത്; ആർക്കും തകർക്കാൻ കഴിയില്ല-ജിഫ്രി തങ്ങൾ
''സമസ്തയുടെ ശക്തി എല്ലാവരും മനസിലാക്കണം. സംഘടനയ്ക്കു വേണ്ട സഹായം എല്ലാവരും ചെയ്യണം''

ബംഗളൂരു: സമസ്ത രാഷ്ട്രീയപ്രസ്ഥാനമല്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ. സമസ്തയെ ദുർബലപ്പെടുത്താൻ ആരും ശ്രമിക്കരുത്. സംഘടനയുടെ ശക്തി എല്ലാവരും മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ബംഗളൂരു പാലസ് ഗ്രൗണ്ടിൽ നടന്ന സമസ്ത നൂറാം വാർഷിക ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു തങ്ങൾ.
സമസ്തയുടെ പ്രവർത്തനം കേരളത്തിൽ മാത്രം ഒതുങ്ങില്ല. ആഗോളതലത്തിൽ പ്രവർത്തിച്ചുവരുന്ന സംഘടനയാണിത്. സമസ്ത രാഷ്ട്രീയ പ്രസ്ഥാനമല്ല. അങ്ങനെ ആരും തെറ്റിദ്ധരിക്കരുത്. ഒരു ശക്തിക്കും ഒരു കാലത്തും ദുർബലപ്പെടുത്താൻ സാധിക്കാത്ത, ഒരു വൻ ശക്തിയായി ഈ സംഘടന വളർന്നുകഴിഞ്ഞു. ഈ പ്രസ്ഥാനത്തെ നോവിക്കാനും ദുർബലപ്പെടുത്താനും ആരും ശ്രമിക്കരുത്. ഈ സമുദായം ഇവിടെ നിലനിൽക്കുന്ന കാലത്തോളം ഇതിനെ നശിപ്പിക്കാനും ദുർബലപ്പെടുത്താനും ആർക്കും സാധ്യമല്ലെന്നും ജിഫ്രി തങ്ങൾ വ്യക്തമാക്കി.
സമസ്തയെ ആർക്കും തകർക്കാൻ കഴിയില്ല. പ്രസ്ഥാനത്തിന്റെ ശക്തി എല്ലാവരും മനസിലാക്കണം. സമസ്തക്ക് വേണ്ട സഹായം എല്ലാവരും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സമസ്ത നൂറാം വാർഷിക സമ്മേളനം 2026 ഫെബ്രുവരി ആറ്, ഏഴ്, എട്ട് തിയതികളിൽ നടക്കുമെന്ന് തങ്ങൾ അറിയിച്ചു. വാഫി, വഫിയ്യയ്ക്കു ബദലായി ആരംഭിച്ച എസ്.എൻ.ഇ.സി കോഴ്‌സുകളുടെ ബിരുദവും അദ്ദേഹം പ്രഖ്യാപിച്ചു. കോഴ്‌സിൽ ബിരുദം പൂർത്തിയാക്കുന്ന ആൺകുട്ടികൾ സനാഇ എന്നും പെൺകുട്ടികൾ സനാഇയ്യ എന്നും അറിയപ്പെടും. സമസ്തയുടെ നിർദേശങ്ങൾ പൂർണമായും അംഗീകരിക്കുന്ന സംവിധാനമായിരിക്കും ഇതെന്നും സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ കൂട്ടിച്ചേർത്തു.
Summary: ''No one should try to undermine Samastha'': Says president Jifri Muthukkoya Thangal in centenary inauguration conference
Adjust Story Font
16

