Quantcast

'ഡോക്ടർ ഹാരിസ് ഉന്നയിക്കുന്ന വിഷയങ്ങൾ പ്രസക്തം, മെച്ചപ്പെട്ടാൽ ഗുണം കിട്ടുന്നത് ജനങ്ങൾക്ക്‌'; ജിനേഷ് പി.എസ്

''സാമ്പത്തിക പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് സാധിക്കുന്ന കാര്യങ്ങൾ ചെയ്താൽ രോഗികൾക്കും ഗുണമാകും''

MediaOne Logo

Web Desk

  • Published:

    29 Jun 2025 1:00 PM IST

ഡോക്ടർ ഹാരിസ് ഉന്നയിക്കുന്ന വിഷയങ്ങൾ പ്രസക്തം, മെച്ചപ്പെട്ടാൽ ഗുണം കിട്ടുന്നത് ജനങ്ങൾക്ക്‌; ജിനേഷ് പി.എസ്
X

കോഴിക്കോട്: തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോക്ടർ ഹാരിസ് ചിറയ്ക്കല്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ പ്രസക്തമാണെന്നും മെച്ചപ്പെട്ടാൽ ഗുണം കിട്ടുന്നത് ജനങ്ങൾക്ക് തന്നെയാണെന്നും ഇൻഫോക്ലിനിക് അഡ്മിനും കോ ഫൗണ്ടറുമായ ഡോ. പി.എസ്. ജിനേഷ്.

സത്യത്തിൽ ഒരു വകുപ്പ് മേധാവി ഇങ്ങനെ പറയുമ്പോൾ ആരോഗ്യ മന്ത്രി അദ്ദേഹത്തെ കേൾക്കണം. അങ്ങനെ സംഭവിച്ചാൽ അതാവും ഏറ്റവും പോസിറ്റീവായ കാര്യം. സാമ്പത്തിക പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് സാധിക്കുന്ന കാര്യങ്ങൾ ചെയ്താൽ രോഗികൾക്കും ഗുണമാണെന്നും അദ്ദേഹം ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറയുന്നു.

അതേസമയം ഡോക്ടർ ഹാരിസ് സത്യസന്ധനാണെന്നും അദ്ദേഹം ഉന്നയിച്ച കാര്യങ്ങൾ അന്വേഷിക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കോട്ടയം ജില്ല ആശുപത്രിയിൽ സി.ടി സ്കാൻ മെഷീൻ വാങ്ങിയിട്ട് എത്ര വർഷത്തിനുശേഷമാണ് പ്രവർത്തിച്ചു തുടങ്ങിയത് എന്നറിയാമോ? ഒന്ന് അന്വേഷിച്ചു നോക്കിയാൽ മനസ്സിലാക്കാൻ സാധിക്കും. ത്രീ ഫേസ് കണക്ഷൻ ലഭിക്കാൻ കെഎസ്ഇബിക്ക് പെൻഡിങ് ചാർജോ മറ്റോ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട എന്തോ ഒരു ടെക്നിക്കൽ വിഷയം. അത് പരിഹരിക്കാൻ വർഷങ്ങൾ എടുത്തു. ഏകദേശം 10 - 15 വർഷങ്ങൾക്കു മുൻപ് ആശുപത്രി ആര്‍ എം ഒ നിരന്തരം ഓടി, ഇന്നത്തെ മന്ത്രി വി എൻ വാസവൻ വരെ ഇടപെട്ടിട്ടാണ് പ്രശ്നം പരിഹരിച്ചത്. അന്ന് അദ്ദേഹം ജില്ലാ സെക്രട്ടറിയാണോ എംഎൽഎ ആണോ എന്ന് ഓർമ്മയില്ല. അതുവരെ ഒരു പുതിയ സിടി സ്കാൻ മെഷീൻ ഒരു മുറിയിൽ പൂട്ടി വച്ചിരിക്കുകയായിരുന്നു, വർഷങ്ങളോളം.

അതാണ് നമ്മുടെ സിസ്റ്റം.

മെഡിക്കൽ കോളേജുകളിൽ സർജറി ചെയ്യാനായി ശസ്ത്രക്രിയ ഉപകരണങ്ങൾ പുറത്തുനിന്ന് വാങ്ങി നൽകേണ്ടി വരുന്നത് പലർക്കും അറിയുന്ന കാര്യമായിരിക്കും. സർക്കാർ മെഡിക്കൽ കോളേജുകളെ ആശ്രയിക്കുന്ന പലർക്കും ഈ സാഹചര്യം വന്നിട്ടുണ്ട്. ഇല്ലേ? സത്യസന്ധമായി ആലോചിച്ചു നോക്കൂ.

ഇവിടെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോക്ടർ ഹാരിസ് ചില ചോദ്യങ്ങൾ ഉന്നയിക്കുന്നത്, ചില പോരായ്മകൾ പറയുന്നത്. അദ്ദേഹം ഉന്നയിക്കുന്ന വിഷയങ്ങൾ തികച്ചും പ്രസക്തമാണ്. മെച്ചപ്പെട്ടാൽ ഗുണം കിട്ടുന്നത് ജനങ്ങൾക്ക് തന്നെയാണ്.

സത്യത്തിൽ ഒരു വകുപ്പ് മേധാവി ഇങ്ങനെ പറയുമ്പോൾ ആരോഗ്യ മന്ത്രി അദ്ദേഹത്തെ കേൾക്കണം എന്നാണ് എൻറെ ആഗ്രഹവും അഭ്യർത്ഥനയും. അങ്ങനെ സംഭവിച്ചാൽ അതാവും ഏറ്റവും പോസിറ്റീവായ കാര്യം. സാമ്പത്തിക പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് സാധിക്കുന്ന കാര്യങ്ങൾ ചെയ്താൽ രോഗികൾക്കും ഗുണമാണ്.

ബ്യൂറോക്രസി ഇത്തരം വിഷയങ്ങൾ ഉന്നയിക്കുന്നവർക്ക് എപ്പോഴും എതിരാണ്. ഇങ്ങനെ പറയുന്ന ഒരാളെ ഒതുക്കാനാവും അവരുടെ താല്പര്യം. കൂടുതൽ പേരുടെ ചോദ്യങ്ങൾ ഉണ്ടാവാതിരിക്കാൻ അവർ അത് നിരന്തരം ഉപയോഗിക്കുന്നുണ്ട്, അതാണ് പണ്ടുമുതൽ നടന്നുകൊണ്ടിരിക്കുന്നത്. അവർക്ക് വഴങ്ങാതെ അദ്ദേഹം ഉന്നയിച്ച വിഷയങ്ങൾ പരിശോധിക്കുവാനും സാധിക്കുന്ന രീതിയിൽ കുറവുകൾ നികത്താനും ആരോഗ്യമന്ത്രി വീണാ ജോർജ് ശ്രമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

എഡിറ്റ്@11:50 am:

ഡോക്ടർ ഹാരിസ് സത്യസന്ധൻ, അദ്ദേഹം ഉന്നയിച്ച കാര്യങ്ങൾ അന്വേഷിക്കും എന്ന് ആരോഗ്യമന്ത്രി പറഞ്ഞ വാർത്ത ഇപ്പോഴാണ് കണ്ടത്. സന്തോഷവും ആശ്വാസവും രേഖപ്പെടുത്തുന്നു.

TAGS :

Next Story