Quantcast

സർക്കാർ എങ്ങനെയാണ് മെസിയെ കൊണ്ടുവരാനുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്, സ്‌പോൺസറെ കണ്ടെത്തിയത് എങ്ങനെ? 15 ചോദ്യങ്ങളുമായി ജിന്റോ ജോൺ

ചീഫ് സെക്രട്ടറി ജയതിലക് അന്ന് പുറത്തിറക്കിയ ഒരു വിവാദ ഉത്തരവിന്റെ മാത്രം മറപറ്റി ശതകോടികളുടെ കള്ളത്തടി വെട്ടി കടത്തിയ ഇയാൾ എങ്ങനെയാണ് സർക്കാർ സംവിധാനങ്ങളിൽ നുഴഞ്ഞു കയറിയതെന്നും ജിന്റോ ജോണ്‍

MediaOne Logo

Web Desk

  • Updated:

    2025-10-26 05:40:28.0

Published:

26 Oct 2025 11:07 AM IST

സർക്കാർ എങ്ങനെയാണ് മെസിയെ കൊണ്ടുവരാനുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്, സ്‌പോൺസറെ കണ്ടെത്തിയത് എങ്ങനെ? 15 ചോദ്യങ്ങളുമായി ജിന്റോ ജോൺ
X

ജിന്റോ ജോൺ (Photo- jinto John fb Page) കായിക മന്ത്രി വി അബ്ദുറഹിമാന്‍

കോഴിക്കോട്: കായിക മന്ത്രി അബ്ദുറഹിമാനും പിണറായി സർക്കാരും കേരളത്തിലെ കായിക പ്രേമികളെ വഞ്ചിച്ചുവെന്ന് കോണ്‍ഗ്രസ് വക്താവ് ഡോ. ജിന്റോ ജോണ്‍. സർക്കാർ എങ്ങനെയാണ് മെസിയെ കൊണ്ടുവരാനുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കിയതെന്നും എങ്ങനെയാണ് ഇതിനായി സ്പോൺസറെ കണ്ടെത്തിയതെന്നും ജിന്റോ ജോണ്‍ ചോദിക്കുന്നു.

സ്പോൺസറെ തീരുമാനിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ, യോഗ്യതകൾ എന്തൊക്കെയായിരുന്നു? മെസിയേയും അർജന്റിന ടീമിനേയും കേരളത്തിൽ കൊണ്ടുവരുമെന്നുള്ള വ്യക്തമായ ഔദ്യോഗിക ഉറപ്പ് പോലുമില്ലാതെ പ്രചരണം നടത്തി കലൂർ സ്റ്റേഡിയത്തിൽ എന്തിനാണ് പണികൾ നടത്തിയത്? ഇതിനായി എത്ര കോടി രൂപ ഇതുവരെ ചെലവഴിച്ചു? ഏത് അക്കൗണ്ടിൽ നിന്നാണ് ചെലവഴിച്ചത്? ആ നഷ്ടത്തിന്റെ ബാധ്യത സർക്കാരും ജിസിഡിഎയും ആണോ വഹിക്കുന്നത്? ആന്റോ അഗസ്റ്റിനാണ് വഹിക്കുന്നതെങ്കിൽ വ്യാജപ്രചാരണത്തിലൂടെ വസൂലാക്കിയ പണമാണോ എന്ന് അതിന്റെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കുമോയെന്നും ജിന്റോ ജോണ്‍ ചോദിക്കുന്നു.

ശബരിമല ശാസ്താവിന്റെ സ്വർണ്ണം കട്ട ഉണ്ണികൃഷ്ണൻ പോറ്റിയെ സ്പോൺസർ ആയി കണ്ടെത്തിയതുപോലെ കേരളത്തിലെ കായിക പ്രേമികളെ വഞ്ചിച്ചു കൊണ്ട് ശതകോടികളുടെ കൊള്ളക്കായി ആന്റോ അഗസ്റ്റിനെ കൂട്ടുപിടിച്ച് സർക്കാർ നടത്തിയ ഗൂഢാലോചനയാണ് ഇത്. പിണറായി സർക്കാരിന്റെ പരിപാടികൾക്ക് വരുന്ന സ്പോൺസർമാരൊക്കെ ഒന്നൊഴിയാതെ എല്ലാം വിശ്വാസവഞ്ചകരും കള്ളന്മാരും കൊള്ളക്കാരും മാത്രം ആകുന്നത് എന്തുകൊണ്ടാണെന്നും ജിന്റോ ചോദിക്കുന്നു. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

''നിൻ്റെയൊന്നും ചോദ്യങ്ങൾക്ക് മറുപടി പറയലല്ല എൻ്റെ പണി''

മന്ത്രി വി അബ്ദുറഹിമാൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞ ഈ സ്റ്റേറ്റ്മെന്റ് കേരളത്തിലെ കായിക പ്രേമികളോടുള്ള വെല്ലുവിളിയാണ്.

അർജന്റീന ഫുട്ബോൾ ടീം വിൻഡോ അടച്ചപ്പോൾ മെസ്സി കേരളത്തിൽ എത്താത്തതിൽ പൗരൻ എന്ന നിലയിൽ എന്റെ ചോദ്യങ്ങൾ മുഴുവൻ കേരളത്തിന്റെ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാനോടും പിണറായി സർക്കാരിനോടുമാണ്. വയനാട് മീനങ്ങാടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ക്രൈം നമ്പർ 251/21 പ്രകാരമുള്ള മുട്ടിൽ മരംമുറി കേസിലെ മൂന്നാം പ്രതിയുമായി പിണറായി വിജയൻ സർക്കാരിലെ ഈ മന്ത്രിക്ക് എന്ത് ബന്ധമാണുള്ളത്? ഇതുൾപ്പെടെ 9 കേസുകൾ വയനാട് ജില്ലയിലെ പല പോലീസ് സ്റ്റേഷനുകളിലായി ഇയാൾ ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെയുണ്ട്. അതിൻപ്രകാരം 31 കുറ്റപത്രങ്ങൾ ഇതിനകം കോടതി മുമ്പാകെ സമർപ്പിച്ചിട്ടുള്ളതും 10 എണ്ണം ഇനിയും സമർപ്പിക്കാനുണ്ടെന്നും നിയമസഭയിൽ ആഭ്യന്തര മന്ത്രി പിണറായി വിജയൻ തന്നെ രേഖമൂലം മറുപടി പറഞ്ഞിട്ടുള്ളതുമാണല്ലോ.

കേരളത്തിലെ നിയമ-നീതി സംവിധാനത്തെ വെല്ലുവിളിക്കുന്ന ഈ വനം കൊള്ളക്കാർക്കെതിരെ സത്വര നടപടി സ്വീകരിക്കേണ്ട സർക്കാർ തന്നെ ഈ കാട്ടുകള്ളന്മാരെ മഹത്വവത്ക്കരിക്കുന്നത് കള്ളന് കഞ്ഞിവക്കുന്ന പണിയാണ്. മുട്ടിൽ മരംമുറി കേസിലെ കള്ളത്തടി വെട്ടുകാരനോടൊപ്പം കേരള പോലീസിലെ ഉന്നത ഉദ്യോഗസ്ഥർ കലൂർ സ്റ്റേഡിയത്തിൽ കവാത്ത് നടത്തിയത് എന്ത് ബോധ്യത്തിലാണ്? ഇതുപോലുള്ള കള്ളളനാണയങ്ങളുടെ മറപറ്റി പിആർ വാർത്തകൾ വിളമ്പിയ കായിക മന്ത്രി അബ്ദുറഹിമാനും പിണറായി സർക്കാരും കേരളത്തിലെ കായിക പ്രേമികളെ വഞ്ചിച്ചിരിക്കുകയാണ്. ഈ വഞ്ചനയുടെ പശ്ചാത്തലത്തിൽ ചില ചോദ്യങ്ങളുയരുന്നുണ്ട്.

1. സർക്കാർ എങ്ങനെയാണ് മെസ്സിയെ കൊണ്ടുവരാനുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്?

2. എങ്ങനെയാണ് ഇതിനായി സ്പോൺസറെ കണ്ടെത്തിയത്?

3. സ്പോൺസറെ തീരുമാനിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ, യോഗ്യതകൾ എന്തൊക്കെയായിരുന്നു?

4. സമാന താൽപര്യമുള്ള മറ്റ് ആളുകളോട് ഇത്തരം അറിയിപ്പുകൾ നൽകിയിരുന്നോ?

5. എങ്ങനെയാണ് ആന്റോ അഗസ്റ്റിൻ സർക്കാരിന്റെ സ്പോൺസറായി എത്തിയത്?

6. എന്തൊക്കെയായിരുന്നു സർക്കാർ ഈ വനംക്കൊള്ളക്കാരനിൽ കണ്ടെത്തിയ വിശ്വാസ്യത?

7. ജിസിഡിഎ യുടെ അധികാരത്തിലുള്ള കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം എങ്ങനെയാണ് വിശ്വാസതയില്ലാത്ത ഈ കാട്ടുകള്ളന് അനുവദിച്ചു കിട്ടിയത്?

8. സർക്കാരിന്റെ മേൽവിലാസത്തിൽ എങ്ങനെയാണ് ഇയാൾ പണപ്പിരിവിനുള്ള പണിയെടുത്തതും പ്രചരണങ്ങൾ നടത്തിയതും?

9. ജിസിഡിഎയും സർക്കാരും ഇയാളും തമ്മിൽ എന്തെങ്കിലും കരാറുണ്ടോ? എന്താണ് വ്യവസ്ഥകൾ? അത് പരസ്യമാക്കാൻ തയ്യാറുണ്ടോ?

10. ഈ പരിപാടിക്ക് വേണ്ടി മറ്റ് ഇവന്റുകൾക്ക് അനുവാദം നിഷേധിച്ചിരുന്നോ?അങ്ങനെ നിഷേധിച്ചിട്ടുണ്ടെങ്കിൽ കിട്ടുമായിരുന്ന ആ തുകയുടെ നഷ്ടം ഇയാൾ നികത്തുമോ?

11. ഇന്നത്തെ ചീഫ് സെക്രട്ടറി ജയതിലക് അന്ന് പുറത്തിറക്കിയ ഒരു വിവാദ ഉത്തരവിന്റെ മാത്രം മറപറ്റി ശതകോടികളുടെ കള്ളത്തടി വെട്ടി കടത്തിയ ഇയാൾ എങ്ങനെയാണ് സർക്കാർ സംവിധാനങ്ങളിൽ നുഴഞ്ഞു കയറിയത്?

12. മെസ്സിയേയും അർജന്റിന ടീമിനേയും കേരളത്തിൽ കൊണ്ടുവരുമെന്നുള്ള വ്യക്തമായ ഔദ്യോഗിക ഉറപ്പ് പോലുമില്ലാതെ പ്രചരണം നടത്തി കലൂർ സ്റ്റേഡിയത്തിൽ എന്തിനാണ് പണികൾ നടത്തിയത്? ഇതിനായി എത്ര കോടി രൂപ ഇതുവരെ ചെലവഴിച്ചു? ഏത് അക്കൗണ്ടിൽ നിന്നാണ് ചെലവഴിച്ചത്? ആ നഷ്ടത്തിന്റെ ബാധ്യത സർക്കാരും ജിസിഡിഎയും ആണോ വഹിക്കുന്നത്? ആന്റോ അഗസ്റ്റിനാണ് വഹിക്കുന്നതെങ്കിൽ വ്യാജപ്രചരണത്തിലൂടെ വസൂലാക്കിയ പണമാണോ എന്ന് അതിന്റെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കുമോ?

13. ഇത്രയും വലിയ ഇവന്റ് ഇവിടെ സംഘടിപ്പിക്കുമ്പോൾ ഈ സർക്കാരിന് എന്ത് ഉത്തരവാദിത്തമാണ് ഉണ്ടായിരുന്നത്? സംസ്ഥാന സർക്കാർ അർജന്റീന ടീമുമായും മെസ്സിയുമായും ഏതെങ്കിലും രീതിയിലുള്ള ഔദ്യോഗിക ആശയവിനിമയം നടത്തിയിരുന്നോ? ഉണ്ടെങ്കിൽ അതിൽ സർക്കാരിന് കിട്ടിയ മറുപടി എന്തായിരുന്നു?

14. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരുമായി എന്തെങ്കിലും ആശയവിനിമയം നടത്തിയിരുന്നോ?

15. ആരുടെ വിശ്വാസ്യതയിലാണ് ഈ സർക്കാർ മെസ്സി വരവിന്റെ മേനി നടിച്ചത്? യാതൊരു അറിവും വെളിവും വ്യവസ്ഥകളും ഇല്ലാതെ ഏതെങ്കിലുമൊക്കെ കള്ളന്മാർ പറയുന്നത് കേട്ടാണോ ഇതിന്റെ പ്രചരണം നടത്തിയത്?

ഇതുപോലുള്ള അവതാരങ്ങൾ ഭരണത്തിന്റെ ഇടനാഴികളിൽ കയറിയിറങ്ങി നടന്നു പറയുന്ന തോന്നിവാസങ്ങൾ വിശ്വസിച്ച് ഇത്തരം തെമ്മാടിത്തരങ്ങൾക്ക് കേരളത്തിന്റെ കായികപ്രേമികളുടെ പ്രതീക്ഷകളെ വിട്ടുകൊടുത്തതിന് സർക്കാർ മറുപടി പറയണം. വിശ്വാസ്യത തരിമ്പുമില്ലാത്ത ഒരു പകൽകൊള്ളക്കാരന്റെ നിലവാരമില്ലാത്ത മറുപടികളുടെ മുമ്പിൽ കാത് കൊടുക്കാനല്ല, മറുപടി പറയാൻ ഉത്തരവാദിത്തമുള്ള കേരളത്തിലെ കായിക വകുപ്പ് മന്ത്രിയുടേയും അതിനപ്പുറം ഈ സർക്കാരിന്റേയും ഉത്തരങ്ങളാണ് മേൽപ്പറഞ്ഞ ചോദ്യങ്ങൾക്ക് കേരളത്തിലെ പൊതുസമൂഹം കാത്തിരിക്കുന്നത്.

കലൂർ സ്റ്റേഡിയത്തിൽ അറ്റകുറ്റപ്പണികൾ നടത്താൻ ഇയാൾക്ക് ആരാണ് അനുമതി നൽകിയത്? ഏത് സർക്കാർ ഉത്തരവിന്റെ ബലത്തിലാണ് ഇതെല്ലാം നടത്തുകയും അതിന്റെ പേരിൽ സൈറ്റ് വിസിറ്റ് നടത്തിയതും? കേരള പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ള ഒമ്പത് കേസുകളിലായി വഞ്ചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ, കള്ളരേഖ ഉപയോഗിക്കൽ, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകളും, പൊതുമുതൽ നശിപ്പിക്കൽ നിയമത്തിലെ (PDPP Act) സെക്ഷൻ 3(1) എന്നിവയും ചുമത്തപ്പെട്ടിട്ടുള്ള ഈ കാട്ടുകള്ളനോടൊപ്പം കാക്കിയിട്ട് കവാത്ത് നടത്തിയ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വിശ്വാസ്യതക്ക് നഷ്ടം വരുത്തിയതിന് ആര്? സർക്കാർ ഉത്തരവാദിത്തം പറയണം.

മുട്ടിൽ മരംമുറി തട്ടിപ്പും ബാങ്ക് ലോൺ തട്ടിപ്പും മാംഗോ ഫോൺ തട്ടിപ്പും വയനാട്ടിലെ ടൗൺഷിപ്പ് തള്ളലുകളും പോലെ ഇനിയും ഒരുപാട് തട്ടിപ്പുകൾ നടത്താനും അത് വെളുപ്പിക്കാൻ സ്വന്തമായി തുടങ്ങിയ ചാനൽ ഫ്ലോറിലിരുന്ന് വിശകലന വിദഗ്ദൻ ചമയുമ്പോൾ പിണറായി സർക്കാരിനെ വേണ്ടുവോളം തഴുകിത്തലോടി പോകുന്നതിന്റെ നന്ദി റിപ്പോർട്ടർ ചാനലിനോട് കാണിക്കുന്നത് പൊതുജനങ്ങളെ കൊഞ്ഞനം കുത്തിയിട്ടാകരുത്. ചോദ്യം ചോദിക്കുന്നവർക്ക് നേരെ വിരട്ടലെടുക്കാതെ മറുപടി പറയണം മന്ത്രിമാർ.

ശബരിമല ശാസ്താവിന്റെ സ്വർണ്ണം കട്ട ഉണ്ണികൃഷ്ണൻ പോറ്റിയെ സ്പോൺസർ ആയി കണ്ടെത്തിയതുപോലെ കേരളത്തിലെ കായിക പ്രേമികളെ വഞ്ചിച്ചു കൊണ്ട് ശതകോടികളുടെ കൊള്ളക്കായി ആന്റോ അഗസ്റ്റിനെ കൂട്ടുപിടിച്ച് സർക്കാർ നടത്തിയ ഗൂഢാലോചനയാണ് ഇത്. പിണറായി സർക്കാരിന്റെ പരിപാടികൾക്ക് വരുന്ന സ്പോൺസർമാരൊക്കെ ഒന്നൊഴിയാതെ എല്ലാം വിശ്വാസവഞ്ചകരും കള്ളന്മാരും കൊള്ളക്കാരും മാത്രം ആകുന്നത് എന്തുകൊണ്ടാണ്? ഇനം ഇനത്തിനെ തിരിച്ചറിയുന്നതു കൊണ്ടാണോ? ഈ ഭരണത്തിന്റെ ഇടനാഴികളിൽ അവതാരങ്ങൾ ഉണ്ടാകില്ല എന്ന് പറഞ്ഞ പിണറായി വിജയൻ തന്നെയാണ് ഈ അവതാര പെരുമഴയുടെ കാരണഭൂതനും. വനം കൊള്ളയടിച്ചവനെയും അമ്പലക്കൊള്ള നടത്തിയവനെയും പിന്തുണച്ച് പ്രോത്സാഹിപ്പിക്കുന്നത് പിണറായി വിജയൻ സർക്കാരാണ്. മെസ്സി വന്നെങ്കിൽ അത് സർക്കാരിന്റെ നേട്ടമായി പറയുന്ന സർക്കാർ നാവുകൾ തന്നെയാണ് മെസ്സി വരാത്തതിന്റെ ഉത്തരം പറയേണ്ടതും. ഇതുപോലെ വിശ്വാസ്യതയില്ലാത്ത കള്ളന്മാരെ കൂട്ടുപിടിച്ച് കേരളത്തിലെ കായിക പ്രേമികൾക്ക് ആശ കൊടുത്ത് പ്രചാരണം നടത്തിയ മന്ത്രിമാർ മറുപടി പറഞ്ഞേ പറ്റൂ... കാരണം നിങ്ങാളാണ് ഖജനാവിൽ നിന്ന് പണം പറ്റുന്നതും പൊതുജനങ്ങളെ പറ്റിക്കുന്നതും.

മരക്കഷ്ണത്തിന്റെ വാലറ്റം: മാംഗോ അഗസ്റ്റിന്റേയും ട്രീപോർട്ടർ ചാനലിന്റേയും ഈ പദ്ധതി മെസ്സി അറിഞ്ഞിരുന്നോ ആവോ? അടുത്ത ജനാല തുറക്കുന്നത് വരെ നോക്കാം. ഇനിയും ഒരുപാട് ജനാലകൾ അടഞ്ഞു കിടപ്പുണ്ടല്ലോ!

TAGS :

Next Story