Quantcast

' ചേട്ടായി എന്നെ പിടിച്ച് ചുവരിലിടിച്ചതാണ് തലയിലെ ഈ പാട്, പപ്പാ വഴക്കുണ്ടാക്കുമെന്നോര്‍ത്താ പറയാതിരുന്നത്' ; ഭര്‍തൃവീട്ടിൽ ജിസ് മോൾ നേരിട്ടത് കൊടിയ പീഡനം, പൊട്ടിക്കരഞ്ഞ് പിതാവ്

എന്‍റെ മക്കൾക്ക് വേണ്ടി ഞാൻ നിയമപരമായി അങ്ങേയറ്റം മുന്നോട്ടുപോകും

MediaOne Logo

Web Desk

  • Published:

    18 April 2025 11:30 AM IST

Thomas
X

കോട്ടയം: കോട്ടയം ഏറ്റുമാനൂരിൽ കുഞ്ഞുങ്ങളുമായി യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി മരിച്ച ജിസ് മോളുടെ കുടുംബം. ഭര്‍തൃവീട്ടിൽ ജിസ് മോൾ നേരിട്ടത് കൊടിയ പീഡനമെന്നാണ് കുടുംബം പറയുന്നത്. തന്‍റെ മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ജിസ് മോളുടെ പിതാവ് തോമസ് പറഞ്ഞു.

'' എന്‍റെ മോള് ഒരിക്കലും ആത്മഹത്യ ചെയ്യില്ല. ഈ മരണത്തിൽ ദുരൂഹതയുണ്ട്. എന്‍റെ മക്കൾക്ക് വേണ്ടി ഞാൻ നിയമപരമായി അങ്ങേയറ്റം മുന്നോട്ടുപോകും. ഏതറ്റം വരെയും പോകും. വിഷു ദിവസം ഞാൻ യുകെയിൽ നിന്ന് അവളെ വിളിച്ചിരുന്നു . അപ്പോൾ എടുത്തില്ല. വീട്ടിൽ പല പല പ്രശ്നങ്ങളുണ്ടായിരുന്നു. ഞാനിടക്ക് പോയി എല്ലാം പറഞ്ഞ് ഒതുക്കുമായിരുന്നു. ഒരു ദിവസം എന്‍റടുത്ത് വന്നപ്പോൾ തലയിലൊരു പാടുണ്ട്. എന്നാ പറ്റിയതാണെന്ന് ചോദിച്ചപ്പോൾ കതകിൽ തട്ടിയതാണെന്നാണ് അന്ന് പറഞ്ഞത്. പപ്പാ ചേട്ടായി എന്നെ പിടിച്ച് ഭിത്തിക്കിട്ട് ഇടിച്ചതാണെന്ന് രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോൾ എന്നോട് പറഞ്ഞു. 'നി എന്തിയേടി പറയാതിരുന്നതെന്ന് ചോദിച്ചപ്പോൾ പപ്പാ അവിടെ വന്ന് വഴക്കുണ്ടാക്കുമെന്നോര്‍ത്താ പറയാതിരുന്നത് എന്ന് പറഞ്ഞു. ഇനി പപ്പായോട് പറഞ്ഞെന്ന് അറിഞ്ഞാൽ പിന്നെ എനിക്ക് വീട്ടിൽ നിൽക്കാൻ സാധിക്കാത്ത അവസ്ഥയാകും. എനിക്കൊരു കുടുംബം വേണ്ടേ...എന്നാണ് അവൾ പറഞ്ഞത്'' പിതാവ് പറഞ്ഞു.

ചേച്ചി ഒന്നും തുറന്നുപറയുമായിരുന്നില്ലെന്ന് ജിസ് മോളുടെ സഹോദരന്‍ പറഞ്ഞു. ''ഒരാഴ്ച മുന്‍പ് സംസാരിച്ചപ്പോഴും പോസിറ്റീവായിട്ടാണ് സംസാരിച്ചത്. ചേച്ചിക്ക് കുറെ ആഗ്രഹങ്ങളുണ്ടായിരുന്നു. ഫ്ലൈറ്റിലൊക്കെ കയറണമെന്ന് വലിയ ആഗ്രഹമായിരുന്നു. അമ്മേടെ കുറച്ചു പൈസ വന്നായിരുന്നു. ആ പൈസ കൊണ്ട് അളിയനെ കൂട്ടി കുളു മണാലിയൊക്കെ പോകണമെന്ന് ചേച്ചിക്ക് ആഗ്രഹമുണ്ടായിരുന്നു. എല്ലാം കൊണ്ടും ചേച്ചി പോസിറ്റീവായിരുന്നു. ചേച്ചി ഒരിക്കലും ആത്മഹത്യ ചെയ്യില്ല. എനിക്ക് എന്തേലും വിഷമം വന്നാൽ ചേച്ചിയെ ആണ് ഞാനാദ്യം വിളിക്കുന്നത്. ഞായറാഴ്ചയാണ് അവാസനം വിളിച്ചത്. എന്‍റെ ഭാര്യ മെസേജ് അയച്ചപ്പോൾ ചേച്ചീടെ ഒരു സുഹൃത്തിന്‍റെ കല്യാണം രാമപുരത്തുണ്ടായിരുന്നു. കല്യാണത്തിന് പോയി സദ്യയൊക്കെ കഴിച്ച് ക്ഷീണിച്ചിരിക്കുകയാണ് എന്നാണ് ചേച്ചി പറഞ്ഞത്. രാവിലെ പള്ളിയിൽ പോയി...ഞായറാഴ്ച വൈകുന്നേരം ആ വീട്ടിൽ എന്തോ വലിയ പ്രശ്നമുണ്ടായിട്ടുണ്ട്. അവര് എന്‍റെ ചേച്ചിയെ മാനസികമായിട്ട് എന്തോ ചെയ്തിട്ടുണ്ട്. അതുകണ്ടുപിടിക്കണം. കുടുംബത്തിലുള്ള എല്ലാവര്‍ക്കും ഇതിൽ പങ്കുണ്ട്. ജിമ്മീടെ മൂത്ത സഹോദരിയുണ്ട്. ആ സ്ത്രീ എന്‍റെ ചേച്ചിയെ നല്ല രീതിയിൽ മാനസികമായി ബുദ്ധിമുട്ടിച്ചിട്ടുണ്ട്. അമ്മയും അങ്ങനെ തന്നെയായിരുന്നു. ചേച്ചി ഒരു ഓഫീസ് തുടങ്ങിയിരുന്നു. ജിമ്മി കുറച്ചു പൈസ ചേച്ചിക്ക് കൊടുത്തിരുന്നു. ഓഫീസ് തുടങ്ങി ഒരാഴ്ച കഴിഞ്ഞപ്പോൾ പൈസ തിരികെ നൽകണമെന്ന് പറഞ്ഞ് ജിമ്മി പറഞ്ഞു. ചേച്ചിക്ക് കിട്ടിയ ആദ്യത്തെ കേസിലെ പൈസ കൊണ്ട് ആ പണം തിരികെ കൊടുത്തു. ചേച്ചി ഓഫീസ് തുടങ്ങിയത് ഞങ്ങള് ബന്ധുക്കാരെയൊക്കെ വിളിക്കാനാണെന്നാണ് പുള്ളി പറയുന്നത്. അമ്മേടെ വീട്ടില് ഒരു പരിപാടിക്കും ഈ പുള്ളി ചേച്ചിയെ വിടത്തില്ല.'' സഹോദരൻ കൂട്ടിച്ചേര്‍ത്തു.

ചൊവ്വാഴ്ചയാണ് കോ​ട്ട​യം നീ​റി​ക്കാ​ട് തൊ​ണ്ണ​ന്‍മാ​വു​ങ്ക​ല്‍ ജി​മ്മി​യു​ടെ ഭാ​ര്യ അ​ഡ്വ. ജി​സ് മോ​ള്‍ തോ​മ​സ് (32), മ​ക്ക​ളാ​യ നേ​ഹ മ​രി​യ (നാ​ല്), നോ​റ ജി​സ്​ ജി​മ്മി (ഒ​ന്ന്)​ എ​ന്നി​വ​ര്‍ ഏ​റ്റു​മാ​നൂ​ർ പേ​രൂ​ര്‍ പ​ള്ളി​ക്കു​ന്ന് പ​ള്ളി​ക്ക​ട​വി​ൽ​നി​ന്ന്​ മീ​ന​ച്ചി​ലാ​റ്റി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കി​യ​ത്.


Next Story