Quantcast

കൊന്നത് നിങ്ങളാണോ എന്ന് ചോദിച്ചപ്പോൾ ​​ജോളി പതറിയെന്ന് മകൻ

‘കൂടത്തായി കൊലപാതകത്തിൽ’കൂടുതൽ വെളിപ്പെടുത്തലുകളുമായി ഡോക്യൂമെന്ററി

MediaOne Logo

Web Desk

  • Updated:

    2023-12-25 12:20:19.0

Published:

25 Dec 2023 12:13 PM GMT

കൊന്നത് നിങ്ങളാണോ എന്ന് ചോദിച്ചപ്പോൾ ​​ജോളി പതറിയെന്ന് മകൻ
X

കേരളത്തെ ​ഞെട്ടിച്ച കൂട്ടക്കൊലയായിരുന്നു കൂടത്തായി​യിലേത്. ആ കൊലപാതകപരമ്പരക്ക് പിന്നിലെ കാരണങ്ങൾ ഇനിയും പുറംലോകത്തിന് പൂർണമായും അറിയില്ല. ക്രൈംതില്ലർ സിനിമയെ വെല്ലുന്ന തരത്തിൽ ഭർത്താവിനെ ഉൾപ്പടെ ആറ് പേരെ കൊന്ന് തള്ളിയ ജോളിയുടെ അസാധാരണ ജീവിത കഥ കേട്ട് ഞെട്ടാത്തവർ ആരുമുണ്ടാകില്ല.

കൂടത്തായി പൊന്നാമറ്റം റോയ് തോമസിന്റെ ഭാര്യ ജോളി ജോസഫ് 17 വർഷത്തിനിടെ നടത്തിയ കൊലപാതക പരമ്പരകളുടെ പിന്നാമ്പുറം അന്വേഷിക്കുകയാണ് കറി ആൻഡ് സയനൈഡ്: ജോളി ജോസഫ് കേസ്' എന്ന ഡോക്യുമെന്ററി. മലയാളികൾ കേട്ടത് മാത്രല്ല ജോളിയെന്ന് പറയുകയാണ് ഈ ഡോക്യമെന്ററി.

​ടോം ​തോമസ്, പൊന്നാമറ്റം എന്നെഴുതിയ വീട്ടിൽ നിന്ന് ജോളിയെ പൊലീസ് അറസ്റ്റ് ചെയ്യുന്ന ദൃശ്യങ്ങൾക്കൊപ്പം ജോളിയുടെ മകൻ പറയുന്നിടത്ത് നിന്നാണ് ഡോക്യുമെന്ററി തുടങ്ങുന്നത്. ആ വ്യക്തിയെ ഇനി അമ്മയായിട്ട് കാണാൻ പറ്റില്ലെന്നും മൂത്ത മകൻ പറയുന്നു.

റോയിയുടെ സഹോദരി രെഞ്ജിയ്ക്കുണ്ടായ സംശയമാണ് കൂട്ടക്കൊലപാതകം പുറംലോകമറിയാൻ കാരണം. സ്വന്തം അമ്മയും അപ്പനും സഹോദരനും​ അങ്കി​ളുമുൾപ്പടെയുള്ളവരുടെ മരണത്തിലുണ്ടായ സംശയം. ​ഓരോ മരണത്തിലും ജോളിയുടെ ‘കണ്ണീരണിഞ്ഞ കണ്ണുകളിൽ’ നിറഞ്ഞ സന്തോഷം തിരിച്ചറിഞ്ഞ നിമിഷം, അവിടെ നിന്നാണ് ദുരൂഹമായ ഓരോ മരണത്തിനും പിന്നാലെ പോകാൻ കാരണമെന്ന് രെഞ്ജി പറയുന്നു. സ്വത്തിന് വേണ്ടി പ്രിയപ്പെട്ടവരെയെല്ലാം കൊന്ന് തള്ളുകയായിരുന്നു ജോളി.

കൊലപാതകങ്ങളെ പറ്റിയുള്ള വാർത്തകൾ വ്യാപകമായി വന്നതോടെ ഇതിൽ എന്തെങ്കിലും പ​ങ്കു​ണ്ടോ എന്ന് ജോളിയോട് ചോദിച്ചപ്പോൾ ഭയന്ന് കരഞ്ഞെന്നും മകൻ ഓർക്കുന്നു. ഇതിലെനിക്ക് പങ്കില്ല എന്നാണ് ആദ്യം ജോളി പറഞ്ഞത്, എനിക്ക് സത്യം അറിയണമെന്ന് മകൻ ആവർത്തിച്ചപ്പോഴാണ് അവർ എന്തേലും പറയാൻ തുടങ്ങിയത്.നിങ്ങളല്ലേ ഓരോരുത്തരെയും കൊന്നതെന്ന് എടുത്തുചോദിച്ചപ്പോൾ ‘ഉം’ എന്ന മൂളിയവസാനിപ്പിച്ചു മറുപടികളെല്ലാം. എന്തിനാണ് ഓരോരുത്തരെയും​ കൊന്നതെന്ന് അമ്മയുടെ മുഖത്ത് നോക്കി ചോദിച്ചെന്നും മകൻ പറയു​ന്നു.ഇവരാണ് എല്ലാവരെയും കൊന്നതെന്ന് ജോളിയുടെ മകനാണ് അന്ന് രാത്രി റോയിയുടെ സഹോദരി രെഞ്ജിയെ വിളിച്ചു പറയുന്നത്.തുടർന്നാണ് പിറ്റേന്ന് രാവിലെ ജോളിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നതും.

എന്തിനാണ് ഇവരെയൊക്കെ കൊന്നതെന്ന് ​ജയിലിൽ പോയി നേരിട്ട് ചോദിച്ചപ്പോൾ ‘പറ്റിപ്പോയി’ എന്നായിരുന്നു ജോളിയുടെ മറുപടിയെന്ന് രഞ്ജി ഓർക്കുന്നു. ഭർത്താവിനെയുൾപ്പടെയുള്ളവരെ കൊന്നത് പറ്റിപ്പോയതാണോ എന്ന് ചോദിച്ചപ്പോൾ, ‘എനിക്കൊരു ​​ക്രിമിനൽ സ്വഭാവമുണ്ടെന്നും കാര്യങ്ങൾ മറച്ചുവെക്കാനാകുമെന്നും ജോളി പറഞ്ഞതായി രഞ്ജി പറയുന്നു.

ദേശീയ പുരസ്കാര ജേതാവും മലയാളിയുമായ ക്രിസ്റ്റോ ടോമിയാണ് ഒന്നരമണിക്കൂറോളം വലുപ്പമുള്ള ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത്. നെറ്റ്ഫ്ലിക്സാണ് ഡോക്യൂമെന്ററി റിലീസ് ചെയ്തിരിക്കുന്നത്.

കൂടത്തായി കേസ്

കോഴിക്കോട്ടെ കൂടത്തായി എന്ന ചെറിയ ഗ്രാമം ഇന്ന് ആർക്കും അപരിചിതമല്ല. സ്വന്തം ഭർത്താവിനെ ഉൾപ്പടെ ബന്ധുക്കളെ ആറു പേരെ സയനൈഡ് ഉപയോഗിച്ച് കൊലപ്പെടുത്തിയ ജോളി ജോസഫ് എന്ന് വീട്ടമ്മയുടെ കഥയോടെ കുപ്രസിദ്ധി നേടിയ ഗ്രാമമാണിത്.

ഇവിടെ പൊന്നാമറ്റം തറവാട്ടിൽ 2002 മുതൽ 2016 വരെയുള്ള കാലയളവിൽ ഒരു കുടുംബത്തിലെ ആറുപേർ ദുരൂഹസാഹചര്യത്തിൽ മരിച്ചതോടെയാണ് ജോളിയും കൂടത്തായിയും വാർത്തകളിൽ ഇടംപിടിക്കുന്നത്.റിട്ട.അധ്യാപികയായ അന്നമ്മ തോമസിന്റെ മരണം ആയിരുന്നു കൊലപാതക പരമ്പരയുടെ തുടക്കം. ആട്ടിൻ സൂപ്പ് കഴിച്ചതിന് പിന്നാലെ അന്നമ്മ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു.

പിന്നീട് അന്നമ്മയുടെ ഭർത്താവ് ടോം തോമസും മകൻ റോയ് തോമസും സമാന സാഹചര്യത്തിൽ മരിച്ചു. പിന്നാലെ അന്നമ്മയുടെ സഹോദരൻ എം.എം മാത്യു, ടോം തോമസിന്റെ സഹോദരന്റെ മകൻ ഷാജുവിന്റെ ഒരു വയസ്സുള്ള മകൾ ആൽഫൈൻ, ഷാജുവിന്റെ ഭാര്യ ഫിലി എന്നിവരും മരിച്ചു.ബന്ധുക്കളുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച ടോം തോമസിന്റെ മകൻ റോജോ തോമസ് പൊലീസ് പരാതി നൽകിയതോടെയാണ് കൊലപാതകപരമ്പരയുടെ ചുരുളഴിയുന്നത്.

ആറു മരണങ്ങളിലും ദുരൂഹതയുണ്ടെന്ന സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ ജീവൻ ജോർജിന്റെ റിപ്പോർട്ട് വഴിത്തിരിവായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആറു മരണങ്ങളും കൊലപാതകമെന്ന് ഉറപ്പിച്ചു. പിന്നാലെ കല്ലറി തുറന്ന് കൊലപാതകം സ്ഥിരീകരിച്ചു, എല്ലാ തെളിവുകളും ജോളിയിലേക്ക് വിരൽ ചൂണ്ടുകയും ചെയ്തു.ഭർതൃമാതാവിനെ വിഷം കൊടുത്തും മറ്റ് അഞ്ചുപേരെ സയനൈഡ് നൽകിയും ജോളി കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.


TAGS :

Next Story