ജെഎൻയു അഫിലിയേഷനുണ്ടെന്ന് ആർഎസ്എസ് ബന്ധമുള്ള കോഴിക്കോട്ടെ ജേണലിസം കോളജ്; ഇല്ലെന്ന് സർവകലാശാല അധികൃതർ
ഏപ്രില്‍ 17ന് ആദ്യ ബിരുദദാന ചടങ്ങ് നടത്താനൊരുങ്ങവെയാണ് കോളജിന്റെ അഫിലിയേഷനെക്കുറിച്ച് വിവാദം ഉയരുന്നത്

ജെഎന്‍യു
കോഴിക്കോട്: ആര്‍എസ്എസ് പിന്തുണയുള്ള കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മഹാത്മാഗാന്ധി കോളേജ് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ (മാഗ്കോം) സ്ഥാപനത്തിന്റെ ജെഎന്‍യു അഫിലിയേഷനെച്ചൊല്ലി വിവാദം.
ജെഎന്‍യു അഫിലിയേഷനുണ്ടെന്ന് 'മാഗ്കോം' അവകാശപ്പെടുമ്പോള്‍ അങ്ങനെയൊന്നില്ലെന്നും അക്കാദമിക് സഹകരണം മാത്രമേയുള്ളൂവെന്നുമാണ് ജെഎന്‍യു അധികൃതര്‍ വ്യക്തമാക്കുന്നത്. ഏപ്രില്‍ 17ന് ആദ്യ ബിരുദദാന ചടങ്ങ് നടത്താനൊരുങ്ങവെയാണ് കോളജിന്റെ അഫിലിയേഷനെക്കുറിച്ച് വിവാദം ഉയരുന്നത്. ദ ഇന്ത്യൻ എക്സ്പ്രസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ജെഎൻയു വൈസ് ചാൻസലർ ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ് ബിരുദദാന ചടങ്ങിനെത്തുമെന്നാണ് മാഗ്കോം അറിയിക്കുന്നത്.
രാജ്യത്തെ ആദ്യ ജെഎൻയു-അഫിലിയേറ്റഡ് ജേണലിസം കോളേജ് എന്ന അവകാശവാദവുമായാണ് മാഗ്കോം പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ അക്കാദമിക സഹകരണം ലക്ഷ്യമിട്ട് പിജി ഡിപ്ലോമ കോഴ്സുകൾക്കുള്ള ധാരണാപത്രത്തിൽ മാത്രമാണ് ഒപ്പുവച്ചതെന്നാണ് ജെഎന്‍യു അധികൃതര്‍ വ്യക്തമാക്കുന്നത്.
അതേസമയം മാഗ്‌കോമിനെ 'അംഗീകൃത ഗവേഷണ സ്ഥാപനം' എന്ന നിലയ്ക്കാണ് ജെഎന്‍യു വെബ്സൈറ്റില്‍ വ്യക്തമാക്കുന്നത്. ഈ വിഭാഗത്തില്‍ തന്നെ ഏഴ് പ്രതിരോധ സ്ഥാപനങ്ങളും 23 ഗവേഷണ സ്ഥാപനങ്ങളുമുണ്ട്. അതേസമയം അഫിലിയേഷന്‍ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് വിസി ശാന്തിശ്രീ ധൂലിപ്പുടി മറുപടി നല്‍കിയില്ലെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
1951ൽ ആരംഭിച്ച ആർഎസ്എസ്-അനുബന്ധ മാസികയായ കേസരിയുടെ ചീഫ് എഡിറ്റർ മാഗ്കോമിൻ്റെ ഔദ്യോഗിക ഉപദേഷ്ടാവാണ്. കോഴിക്കോട്ടെ കേസരി ഭവനിലാണ് കോളജ് പ്രവര്‍ത്തിക്കുന്നത്. അതേസമയം ജെഎൻയുവിൽ നിന്ന് പിജി ഡിപ്ലോമ ഇൻ മാസ് കമ്മ്യൂണിക്കേഷൻ കോഴ്‌സിന് ഒരുവര്‍ഷം നീണ്ടുനിന്ന പക്രിയയിലൂടെ 2024ല്‍ അഫിലിയേഷൻ ലഭിച്ചതായി കോളേജ് ഡയറക്ടർ എ.കെ അനുരാജ് വ്യക്തമാക്കുന്നു.
എന്നാല്‍ ജെഎൻയുവില്‍ നിന്ന് മാഗ്കോമിന് അംഗീകാരമോ അഫിലിയേഷനോ ഇല്ലെന്നും പിജി ഡിപ്ലോമ കോഴ്സുകൾക്ക് മാത്രമായി ധാരണാപത്രത്തിൽ ഒപ്പുവച്ചെന്നുമാണ് ജെഎൻയുവിലെ ഉന്നത വൃത്തങ്ങൾ പറയുന്നതായി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. അക്കാദമിക സഹകരണം മാത്രമാണിതെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. ജേർണലിസത്തിന് പുറമെ കണ്ടന്റ് ആന്‍റ് ടെക്നിക്കല്‍ റൈറ്റിങിലും സ്ഥാപനത്തില്‍ പിജി ഡിപ്ലോമ കോഴ്സുണ്ട്.
Adjust Story Font
16

