Quantcast

മാധ്യമ പ്രവർത്തകൻ ഡോ. ആർ സുനിലിനെതിരായ കേസ് പിൻവലിക്കുക: വെൽഫെയർ പാർട്ടി

അട്ടപ്പാടിയിൽ ശക്തിപ്പെട്ടു വന്ന ഭൂമാഫിയകളാണ് ആർ സുനിലിനെതിരായ നീക്കങ്ങൾക്ക് പിറകിൽ ചരടുകൾ വലിക്കുന്നതെന്ന് റസാഖ് പാലേരി

MediaOne Logo

Web Desk

  • Published:

    26 Sept 2023 8:32 PM IST

CPM is trying to divide Kerala on religious lines: Razaq Paleri
X

റസാഖ് പാലേരി

തിരുവനന്തപുരം: അട്ടപ്പാടിയിൽ ആദിവാസി ഭൂമി കൈയേറ്റത്തെ കുറിച്ച് വാർത്ത നൽകിയ മാധ്യമ പ്രവർത്തകൻ ആർ സുനിലിനെതിരെ ചുമത്തിയ കേസ് പിൻവലിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. ഭൂമി കൈയേറ്റ വിഷയത്തിൽ നീതിപൂർവകമായ നടപടികൾ കൈക്കൊള്ളുന്നതിൽ സർക്കാർ സംവിധാനങ്ങൾ ദയനീയമായി പരാജയപ്പെടുമ്പോൾ അത്തരം വിഷയങ്ങൾ വസ്തുതകളുടെ പിൻബലത്തോടെ സമൂഹമധ്യേ ഉന്നയിക്കുന്ന മാധ്യമപ്രവർത്തകരെ വേട്ടയാടുന്ന നടപടി സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് റസാഖ് പാലേരി ചൂണ്ടിക്കാട്ടി.

തന്റെ കൈവശമുള്ള 12 ഏക്കർ ഭൂമി വ്യാജരേഖയുണ്ടാക്കി തട്ടിയെടുക്കാൻ ശ്രമിക്കുന്നതിനെതിരെയാണ് അട്ടപ്പാടിയിലെ ആദിവാസിയായ ചന്ദ്രമോഹൻ മുഖ്യമന്ത്രിക്ക് പരാതി നൽകുന്നത്. ജോസഫ് കുര്യൻ എന്ന വ്യക്തിക്കെതിരെയാണ് പരാതി. മുമ്പും ആരോപിതനെതിരെ പരാതികൾ ഉയർന്നിട്ടുണ്ട്. തന്റെ കൈവശമുള്ള ഭൂമിക്ക് കരം ഒടുക്കിയതിന്റെ രസീറ്റ് അടക്കമുള്ള രേഖകൾ ചന്ദ്രമോഹന്റെ കൈവശമുണ്ട്. വ്യാജരേഖകളുടെ പിൻബലത്തിലാണ് ചന്ദ്രമോഹനെതിരെ കുടിയിറക്ക്‌ ഭീഷണി ഉണ്ടായിരിക്കുന്നത്. ഇത് വാർത്തയാക്കിയതിന്റെ വിരോധത്തിലാണ് മാധ്യമം ലേഖകൻ ആർ സുനിലിനും അട്ടപ്പാടി സംരക്ഷണ സമിതി പ്രവർത്തകൻ സുകുമാരനുമെതിരെ പൊലീസ് കേസെടുത്തത്.

അട്ടപ്പാടിയിൽ ശക്തിപ്പെട്ടു വന്ന ഭൂമാഫിയകളാണ് ആർ സുനിലിനെതിരായ നീക്കങ്ങൾക്ക് പിറകിൽ ചരടുകൾ വലിക്കുന്നത്. ഭൂമാഫിയകളെ നിലക്ക് നിർത്താൻ സർക്കാരിന് സാധിക്കണം. സമഗ്രമായ സർവേ നടപടികളിലൂടെ അന്യാധീനപ്പെട്ട മുഴുവൻ ആദിവാസി ഭൂമിയും തിരിച്ചു പിടിക്കണം. കയ്യേറ്റക്കാരെയും മാഫിയാ തലവന്മാരെയും നിയമപരമായി ശിക്ഷിക്കണം. വനാവകാശ നിയമത്തിന്മേൽ സമർപ്പിക്കപ്പെട്ട മുഴുവൻ അപേക്ഷകളും എത്രയും പെട്ടെന്ന് തീർപ്പാക്കണമെന്നും റസാഖ് പാലേരി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

TAGS :

Next Story