Quantcast

'ഷാജിക്ക് മർദനമേറ്റിട്ടില്ല; കാര്യങ്ങൾ ചോദിക്കുക മാത്രമാണുണ്ടായത്'-ദൃക്‌സാക്ഷിയുടെ വാദംതള്ളി ശബ്ദരേഖ

ഷാജിയെ എസ്.എഫ്.ഐ നേതാക്കൾ മർദിക്കുന്നതിന് തങ്ങൾ ദൃക്സാക്ഷികളായിരുന്നെന്ന് നൃത്തപരിശീലകൻ ജോമറ്റ് നേരത്തെ വെളിപ്പെടുത്തിയിരുന്നു

MediaOne Logo

Web Desk

  • Published:

    15 March 2024 5:06 PM IST

ഷാജിക്ക് മർദനമേറ്റിട്ടില്ല; കാര്യങ്ങൾ ചോദിക്കുക മാത്രമാണുണ്ടായത്-ദൃക്‌സാക്ഷിയുടെ വാദംതള്ളി ശബ്ദരേഖ
X

തിരുവനന്തപുരം: കേരള സർവകലാശാലാ കലോത്സവ വിധികർത്താവ് പി.എൻ ഷാജിയുടെ മരണത്തിൽ ദൃക്‌സാക്ഷിയുടെ വാദം തള്ളി സഹവിധികർത്താവ്. ഷാജിക്ക് മർദനമേറ്റിട്ടില്ലെന്ന് ഒപ്പമുണ്ടായിരുന്ന വിധികർത്താവ് സിബിൻ പറഞ്ഞു. സംഘാടകർ കാര്യങ്ങൾ ചോദിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഷാജിയെ എസ്.എഫ്.ഐ നേതാക്കൾ മർദിക്കുന്നതിന് തങ്ങൾ ദൃക്സാക്ഷികളായിരുന്നെന്ന് നൃത്തപരിശീലകൻ ജോമറ്റ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.

വിധികർത്താക്കളുടെ മൊബൈൽ ഫോണുകളും സംഘാടകർ പരിശോധിച്ചിരുന്നുവെന്ന് സിബിനിന്റേതെന്ന പേരിലുള്ള ശബ്ദരേഖയിൽ പറയുന്നു. ഷാജിയെ മർദിക്കുന്നത് കണ്ടിട്ടില്ല. മുഴുസമയവും താൻ ഷാജിക്കൊപ്പം ഉണ്ടായിരുന്നുവെന്നും വിധികർത്താവിന്റെ ശബ്ദരേഖയിൽ അവകാശപ്പെടുന്നു. സിബിൻ മറ്റൊരാളുമായി നടത്തിയ ഫോൺസംഭാഷണമാണ് പുറത്തുവന്നത്.

മാർഗംകളി വിധികർത്താവ് പി.എൻ ഷാജിയെ മർദിക്കുന്നതിന് തങ്ങൾ ദൃക്സാക്ഷികളാണെന്നാണ് നൃത്തപരിശീലകൻ ജോമറ്റ് നേരത്തെ വെളിപ്പെടുത്തിയത്. എസ്.എഫ്.ഐ നേതാവ് അഞ്ജു കൃഷ്ണയുടെ നേതൃത്വത്തിലായിരുന്നു മർദനമെന്നും അദ്ദേഹം ആരോപിച്ചു.

മർദനം തുടർന്നപ്പോൾ ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് ഷാജി പറഞ്ഞിരുന്നുവെന്നും ജോമറ്റ് പറഞ്ഞു. എസ്.എഫ്.ഐ പ്രവർത്തകരായ വിമൽ വിജയ്, നന്ദൻ, അക്ഷയ് എന്നിവർ ചേർന്നാണു മർദിച്ചത്. എല്ലാത്തിനും നേതൃത്വം നൽകിയത് അഞ്ജു കൃഷ്ണയും. കൂടെ കണ്ടാലറിയാവുന്ന 70 പേരും ഉണ്ടായിരുന്നു. എസ്.എഫ്.ഐ പ്രവർത്തകർ തങ്ങളെയും മർദിച്ചിരുന്നു. ഇവർക്കെതിരെ പൊലീസിനെ സമീപിക്കുമെന്നും നൃത്തപരിശീലകർ പറഞ്ഞു.

മാർച്ച് 13നാണ് കണ്ണൂർ ചൊവ്വ സ്വദേശി പി.എൻ ഷാജിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൊട്ടടുത്ത ദിവസം തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ പൊലീസ് നോട്ടിസ് നൽകിയിരുന്നു.

കേരള സർവകലാശാല കലോത്സവം ചരിത്രത്തിലാദ്യമായി നിർത്തിവച്ചതിനു പിന്നാലെയാണ് അഴിമതി ആരോപണം ഉയർന്നത്. മാർഗംകളിയുടെ വിധിനിർണയത്തിന് പിന്നാലെയാണ് കോഴ ആരോപണം ഉയർന്നത്. കലോത്സവത്തിൽ മാർഗംകളി മത്സരത്തിന്റെ വിധികർത്താവായിരുന്നു ഷാജി. ഓരോ മത്സര ഫലത്തിനും പണം ആവശ്യപ്പെട്ടുള്ള വാട്‌സ്ആപ്പ് സന്ദേശങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. മത്സരാർഥികളും ഇടനിലക്കാരും തമ്മിലുള്ള ശബ്ദരേഖയാണ് പ്രചരിച്ചത്.

Summary: 'Shaji was not beaten' - the voice recording of co-judge rejects the argument of the eyewitness in PN Shaji death

TAGS :

Next Story