Quantcast

ജഡ്ജിമാര്‍ പദവിയിലും അധികാരത്തിലും തുല്യര്‍, ഒരു ബെഞ്ചിനും മേല്‍ക്കോയ്മയില്ല -ഹൈക്കോടതി

ജുഡീഷ്യല്‍ അച്ചടക്കവും പരസ്പര ബഹുമാനവുമാണ് നീതിന്യായ സംവിധാനത്തിൻ്റെ ശക്തിയെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു

MediaOne Logo

Web Desk

  • Published:

    25 Oct 2026 6:10 PM IST

kerala high court ends Tom-tom proclamation
X

കൊച്ചി: ഹൈക്കോടതിയിലെ ജഡ്ജിമാര്‍ പദവിയിലും അധികാരത്തിലും തുല്യരാണെന്നും ഒരു ബെഞ്ചിനും മറ്റൊരു ബെഞ്ചില്‍ മേല്‍നോട്ടത്തിനുള്ള അധികാരമില്ലെന്നും കേരള ഹൈക്കോടതി. കൂടുതല്‍ ജഡ്ജിമാരടങ്ങുന്ന ബെഞ്ചിന് കുറഞ്ഞ അംഗബലമുള്ള ബെഞ്ചിനെ ഉപദേശിക്കാനോ വിമര്‍ശിക്കാനോ അധികാരമില്ല. ജുഡീഷ്യല്‍ അച്ചടക്കവും പരസ്പര ബഹുമാനവുമാണ് നീതിന്യായ സംവിധാനത്തിന്റെ ശക്തിയെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.

ജഡ്ജിമാര്‍ തമ്മിലുള്ള ബന്ധം മേല്‍ക്കോയ്മയുടേതല്ല, തുല്യതയുടെയും പരസ്പര ബഹുമാനത്തിന്റേതുമാകണമെന്ന് കോടതി വ്യക്തമാക്കി. സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും ഭരണഘടനയുടെ 226-ാം അനുച്ഛേദപ്രകാരം ഒരേ അധികാരപരിധിയിലാണ് പ്രവര്‍ത്തിക്കുന്നത്. അപ്പീല്‍ പരിഗണിക്കുന്ന ഡിവിഷന്‍ ബെഞ്ചിന് സിംഗിള്‍ ബെഞ്ചിന്റെ വിധിയോട് വിയോജിക്കാനും മതിയായ കാരണങ്ങളുണ്ടെങ്കില്‍ അത് റദ്ദാക്കാനോ തിരുത്താനോ അധികാരമുണ്ട്. എന്നാല്‍, വിധി പുറപ്പെടുവിച്ച ജഡ്ജിയെ ഉപദേശിക്കാനോ വിമര്‍ശിക്കാനോ ഈ അധികാരം അനുവദിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

സിംഗിള്‍ ബെഞ്ച് പരിഗണിക്കാതെ വിട്ട ഒരു പ്രധാന വിഷയം വീണ്ടും പരിശോധിക്കാന്‍ ഡിവിഷന്‍ ബെഞ്ചിന് നിര്‍ദേശിക്കാം. എന്നാല്‍, ഒരു വിഷയം സിംഗിള്‍ ബെഞ്ച് ഇതിനകം വിശദമായി പരിഗണിച്ച് തീരുമാനിച്ചിട്ടുണ്ടെങ്കില്‍, ആ തീരുമാനം തെറ്റാണെന്ന് ഡിവിഷന്‍ ബെഞ്ചിന് തോന്നുന്നതുകൊണ്ടുമാത്രം വീണ്ടും പരിഗണിക്കാന്‍ തിരിച്ചയക്കാനാവില്ല. ഇത്തരം നടപടികള്‍ നീതിന്യായ സംവിധാനത്തിലെ പരസ്പര ബഹുമാനത്തെയും അച്ചടക്കത്തെയും അടിസ്ഥാനമാക്കിയുള്ളതായിരിക്കണമെന്നും കോടതി വ്യക്തമാക്കി.

തിരുവനന്തപുരം സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാരിക്കെതിരായ അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട കേസിലാണ് നിരീക്ഷണം. അച്ചടക്ക നടപടി പൂര്‍ത്തിയാക്കാന്‍ സമയപരിധി നീട്ടണമെന്ന ബാങ്കിന്റെ അപേക്ഷ മതിയായ പരിശോധനയില്ലാതെ അനുവദിച്ചതായി കണ്ടെത്തിയ കോടതി, സിംഗിള്‍ ബെഞ്ചിന്റെ വിധിയും ലേബര്‍ കോടതിയുടെ ഉത്തരവും റദ്ദാക്കി. ബാങ്കിന്റെ അപേക്ഷ വീണ്ടും പരിശോധിച്ച് രണ്ടുമാസത്തിനകം ഉചിതമായ ഉത്തരവ് പുറപ്പെടുവിക്കാന്‍ ലേബര്‍ കോടതിയോട് നിര്‍ദേശിക്കുകയും ചെയ്തു.

TAGS :

Next Story