'ക്യാപ്റ്റനടക്കം മുങ്ങാൻ പോകുന്ന കപ്പലാ... അതിലേക്ക് തരൂരിനെപ്പോലെ അന്തർദേശീയ തലത്തിൽ അറിയപ്പെടുന്ന നേതാവ് കയറില്ല'; കെ.മുരളീധരൻ
കോൺഗ്രസ് പാർട്ടിയിൽ തരൂരിന് അഭിപ്രായവ്യത്യാസം ഉണ്ടാകാം

തിരുവനന്തപുരം: ശശി തരൂരിന്‍റെ സിപിഎം പ്രവേശനവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. അദ്ദേഹത്തിനെ പോലെ അന്തർദേശീയ തലത്തിൽ അറിയപ്പെടുന്ന നേതാവ് മുങ്ങുന്ന കപ്പലിൽ കയറുമെന്ന് സാമാന്യബോധമുള്ള ആരും വിശ്വസിക്കില്ലെന്ന് മുരളീധരൻ പരിഹസിച്ചു.
ക്യാപ്റ്റൻ അടക്കം മുങ്ങാൻ പോകുന്ന കപ്പലാണ്. ഏപ്രിൽ ഒന്നാം തിയതി മാത്രം പറയാനാകുന്ന കാര്യം. കോൺഗ്രസ് പാർട്ടിയിൽ തരൂരിന് അഭിപ്രായവ്യത്യാസം ഉണ്ടാകാം. മഹാ പഞ്ചായത്തിൽ തരൂരിന്‍റെ പേര് പരാമർശിക്കാത്തതിൽ അദ്ദേഹത്തിന് പ്രയാസമുണ്ടായിട്ടുണ്ട്. രാഹുൽ ഗാന്ധിക്ക് എഴുതി നൽകിയ പേരുകളാണ് വായിച്ചത്. രാഹുൽ ഗാന്ധി മനഃപൂർവം പേര് ഒഴിവാക്കിയിട്ടില്ല. തരൂരിന് പ്രയാസം ഉണ്ടായാൽ ഗൗരവമായി പാർട്ടി കാണും. രണ്ടുദിവസത്തിനുള്ളിൽ രാഹുൽ ഗാന്ധി നേരിട്ട് തരൂരുമായി സംസാരിക്കും. അദ്ദേഹത്തിൻറെ പ്രയാസം പരിഹരിക്കും. ഫുൾടൈം രാഷ്ട്രീയക്കാരൻ അല്ലാത്തതുകൊണ്ടാണ് ഇത്തരം സംഭവങ്ങൾ അദ്ദേഹത്തെ വേദനിപ്പിക്കുന്നത്. തങ്ങൾക്കൊന്നും ഇത് പ്രശ്നമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡൽഹിയിലെ സ്ഥാനാർഥി നിർണയ ചർച്ചക്ക് ക്ഷണിക്കാത്തതിൽ മുരളീധരൻ നീരസം പരസ്യമാക്കി. ചർച്ചയ്ക്ക് പോയപ്പോൾ ഞങ്ങളെയൊക്കെ ഒഴിവാക്കി. ഞങ്ങൾ ഒന്നും പരാതി പറഞ്ഞില്ല. പാർട്ടി ഒറ്റക്കെട്ടായി നീങ്ങി തെരഞ്ഞെടുപ്പിൽ ജയിക്കണം. അതിനാലാണ് പ്രതികരിക്കാത്തത്. മുൻ കെപിസിസി അധ്യക്ഷൻ എന്ന നിലയ്ക്ക് കെ.മുരളീധരന്‍റെ വാക്ക് കൂടെ കേൾക്കേണ്ടതല്ലേ എന്ന ചോദ്യത്തിന് അതിനെക്കുറിച്ച് ഇപ്പോൾ പറയുന്നില്ലെന്നായിരുന്നു മറുപടി.
മൂന്ന് പത്മ പുരസ്കാരങ്ങളും സ്വാഗതാര്‍ഹമാണെന്നും മുരളീധരൻ പറഞ്ഞു. വി എസിന് നൽകിയ മരണാനന്തര ബഹുമതി പൊതുപ്രവർത്തനം എന്ന നിലയിൽ അംഗീകാരം. കലാ രംഗത്തേക്കുള്ള അംഗീകാരവും സ്വാഗതാർഹമാണ്. വെള്ളാപ്പള്ളി നടേശനെ ചോദിച്ചപ്പോഴും മൂന്ന് പത്മാ പുരസ്കാരങ്ങൾ മാത്രം സ്വാഗതാർഹമെന്നായിരുന്നു മറുപടി. പത്മ പുരസ്കാരങ്ങൾ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കരുതെന്നും ദുരുദ്ദേശങ്ങൾ ജനം മനസിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16

