ശബരിമല സ്വർണക്കൊള്ള; അന്വേഷണം വി. എൻ വാസവനിലേക്കും എത്തണമെന്ന് കെ. മുരളീധരൻ
ദേവസ്വം ബോർഡ് പ്രസിഡൻ്റ് മാത്രമല്ല, അംഗങ്ങളും പ്രതികളാണെന്ന് മുരളീധരൻ പറഞ്ഞു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ വി.എൻ വാസവനിലേക്കും അന്വേഷണം എത്തണമെന്ന് കെ. മുരളീധരൻ. കടകംപള്ളിയിലേക്ക് മാത്രം അന്വേഷണം എത്തിയാൽ പോര, മന്ത്രിയിലേക്കും മുൻ മന്ത്രിയിലേക്കും എത്തണം. സ്വർണം ഇളക്കിയെടുത്ത് പുറമേക്ക് കൊണ്ടുപോകണമെങ്കിൽ ബോർഡ് പ്രസിഡന്റും മെമ്പർമാരും വിചാരിച്ചാൽ മാത്രം നടക്കുന്നതല്ലെന്നും മുരളീധരൻ പറഞ്ഞു.
സർക്കാരിന് ഒന്നും അറിയില്ലെങ്കിൽ പിന്നെ എന്തിനാണ് ഗവൺമെൻ്റും മന്ത്രിയും എന്നും അദ്ദേഹം ചോദിച്ചു. മുന്നൊരുക്കങ്ങൾ ചെയ്യാനാണ് മന്ത്രി എങ്കിൽ ഇത്തവണ അതും ഉണ്ടായിട്ടില്ല. ദേവസ്വം ബോർഡ് പ്രസിഡന്റ് മാത്രമല്ല അംഗങ്ങളും പ്രതികളാണ്. പത്മകുമാർ ചെയ്ത പ്രവർത്തി പാർട്ടി അറഞ്ഞിട്ടാണെന്നാണ് വിശ്വാസം. ഇത് വരെയുള്ള അന്വേഷണത്തിൽ തൃപ്തനാണെന്നും ഇവിടം കൊണ്ട് നിർത്തരുതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ഇതര നേതാക്കന്മാരുടെ വീട്ടിൽ കാണുന്ന പ്രതിഭാസമാണ് ഇഡി റെയ്ഡെന്ന് പി. വി അൻവറിൻ്റെ വീട്ടിലം ഇ.ഡി റെയ്ഡിൽ മുരളീധരൻ പ്രതികരിച്ചു. ഇന്ത്യ സഖ്യത്തിൽ കേരള മുഖ്യമന്ത്രിക്ക് മാത്രം ഇളവുണ്ടെന്നും അദ്ദേഹം പരിഹസിച്ചു.
ശബരിമല സ്വർണക്കൊള്ളയിൽ കൃത്യമായ രാഷ്ട്രീയ ഇടപെടൽ ഉണ്ടായി എന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ പറഞ്ഞു. സർക്കാരും സിപിഎം നേതൃത്വവും ഗൂഢാലോചന നടത്തിയാണ് സ്വർണക്കൊള്ള നടത്തിയത്. അതിപ്പോൾ വ്യക്തമായി തെളിഞ്ഞിരിക്കുന്നു. പത്മകുമാർ മുഖ്യമന്ത്രിയുടെയും കടകംപള്ളി സുരേന്ദ്രന്റെയും വിശ്വസ്തനാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
Adjust Story Font
16

