Quantcast

പാവപ്പെട്ടവര്‍ക്ക് കഞ്ഞി കുടിക്കാനാണ് ഇന്ധനത്തിനും മദ്യത്തിനും സെസ് ഏ‍ര്‍പ്പെടുത്തിയത്: മന്ത്രി കെ.എന്‍ ബാലഗോപാല്‍

'11000 കോടി രൂപ സാമൂഹ്യ സുരക്ഷാ പെന്‍ഷന് വേണം. പെന്‍ഷന്‍ കൊടുക്കാന്‍ പണമില്ലെന്നു പറഞ്ഞ് കൊടുക്കാതിരിക്കാനല്ല സര്‍ക്കാ‍ര്‍ ശ്രമിക്കുന്നത്'

MediaOne Logo

Web Desk

  • Updated:

    2023-02-03 10:49:22.0

Published:

3 Feb 2023 8:22 AM GMT

പാവപ്പെട്ടവര്‍ക്ക് കഞ്ഞി കുടിക്കാനാണ് ഇന്ധനത്തിനും മദ്യത്തിനും സെസ് ഏ‍ര്‍പ്പെടുത്തിയത്: മന്ത്രി കെ.എന്‍ ബാലഗോപാല്‍
X

തിരുവനന്തപുരം: പാവപ്പെട്ടവര്‍ക്ക് കഞ്ഞി കുടിക്കാനാണ് ഇന്ധനത്തിനും മദ്യത്തിനും സെസ് ഏ‍ര്‍പ്പെടുത്തിയതെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. 11000 കോടി രൂപ സാമൂഹിക സുരക്ഷാ പെന്‍ഷന് വേണം. പെന്‍ഷന്‍ കൊടുക്കാന്‍ പണമില്ല എന്നുപറഞ്ഞ് അത് കൊടുക്കാതിരിക്കാനല്ല സര്‍ക്കാ‍ര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്‍റെ നികുതി അധികാരം പരിമിതമാണെന്ന് ധനമന്ത്രി വിശദീകരിച്ചു. ജി.എസ്‍.ടി വന്നതിന് ശേഷം സംസ്ഥാനത്തിന് വരുമാനമുണ്ടാകുന്ന പ്രധാന വഴി ഇന്ധന സെസ്സാണ്. പെട്രോള്‍, ഡീസല്‍ സെസ് ഉള്‍പ്പെടെ ബജറ്റിലെ പുതിയ നികുതി പരിഷ്കരണങ്ങള്‍ക്കെതിരെ പ്രതിഷേധം ഉയരുന്നതിനിടെയാണ് ധനമന്ത്രിയുടെ ന്യായീകരണം.

കൃത്യമായ കാഴ്ചപ്പാടോടെയാണ് ബജറ്റ് അവതരിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു. ധനദൃഢീകരണം നടത്താനായി. ധനക്കമ്മി കുറഞ്ഞു. സംസ്ഥാനത്തിന്റെ കടത്തില്‍ നിയന്ത്രണം വന്നു. നികുതി വരുമാനം കൂട്ടാനായി. ധനകാര്യ മാനേജ്മെന്‍റില്ല എന്ന പ്രതിപക്ഷ വിമ‍ര്‍ശനം തെറ്റാണെന്നും ധനമന്ത്രി അവകാശപ്പെട്ടു.

കേന്ദ്രം വിവേചനപരമായ സമീപനം കേരളത്തോട് കാണിക്കുന്നുവെന്ന് കെ.എന്‍ ബാലഗോപാല്‍ കുറ്റപ്പെടുത്തി. 2700 കോടി കടമെടുപ്പ് ഇന്നലെ വെട്ടിച്ചുരുക്കി. 937 കോടി രൂപ മാത്രമാണ് ഇനി ലഭിക്കുക. കടമെടുക്കാനുള്ള നിയമപരമായ അവകാശം കേന്ദ്രം ഇല്ലാതാക്കുന്നു. കിഫ്ബി വഴിയുള്ള വായ്പയും സംസ്ഥാനത്തിന്റെ പൊതുകടത്തിലേക്ക് കേന്ദ്രം മാറ്റുകയാണെന്ന് മന്ത്രി വിമര്‍ശിച്ചു.

കേരളത്തിലെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെ ശാക്തീകരിക്കും. കൃഷിയും വ്യവസായവും കൂടുതല്‍ മെച്ചപ്പെടുത്തും. വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ വികസനക്കുതിപ്പിന്‍റെ എഞ്ചിനായി മാറും. ലോകത്തെ കാര്യങ്ങള്‍ പഠിക്കാന്‍ വിദേശ വിദ്യാ‍ര്‍ഥികളും അധ്യാപകരും കേരളത്തിലേക്ക് വരണം. ഇവിടെ നിന്നുള്ളവര്‍ അങ്ങോട്ടും പോകണം. അതിനാണ് പ്രത്യേക പദ്ധതി പ്രഖ്യാപിച്ചതെന്നും മന്ത്രി വിശദീകരിച്ചു.

കേന്ദ്ര സര്‍ക്കാറിന്‍റെ ധനനയം സംസ്ഥാനത്തെ ഗുരുതരമായി ബാധിക്കുകയാണെന്ന് സംസ്ഥാന ബജറ്റിൽ വിമർശനമുണ്ട്. ജി.എസ്.ടി നഷ്ടപരിഹാരം നിർത്തിയത് വഴി 7,000 കോടിയുടെ കുറവുണ്ടായി. കിഫ്ബി, സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ എന്നിവയുടെ വായ്പ സംസ്ഥാനത്തിന്റെ പൊതുവായ്പയാക്കി കേന്ദ്രം വകയിരുത്തുന്നു. കൂടുതല്‍ വായ്പ എടുക്കുന്നതിനുള്ള സാമ്പത്തികനില സംസ്ഥാനത്തിനുണ്ടെന്നും മന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. കേരളത്തോടുള്ള അവഗണനയെ ആഘോഷിക്കുന്നവർ ഏത് പക്ഷത്താണ് നിൽക്കുന്നതെന്ന് മന്ത്രി ചോദിച്ചു.



TAGS :

Next Story