ജനങ്ങളുടെ എതിർപ്പ്, റെയിൽവേയുടെ ഉടക്ക്; കെ- റെയിൽ ഉപേക്ഷിച്ചു
തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ 583 കിലോമീറ്റർ നീളത്തിൽ ആർആർടിഎസ് പദ്ധതി നടപ്പാക്കാനും മന്ത്രിസഭാ യോഗം തത്വത്തിൽ അംഗീകാരം നൽകി

- Updated:
2026-01-28 17:05:59.0

തിരുവനന്തപുരം: റെയിൽവേയുടെ സാങ്കേതിക എതിർപ്പുകളും ചില പ്രദേശങ്ങളിലെ ജനങ്ങളുടെ എതിർപ്പും കാരണം കെ- റെയിൽ ഉപേക്ഷിച്ചുവെന്ന് സംസ്ഥാന സർക്കാർ. സംസ്ഥാന സമർപ്പിച്ച ഡിപി ആറിന് റെയിൽവേ അനുമതി നൽകിയില്ല. റെയിൽവേയുടെ അനുമതിയില്ലാതെ പദ്ധതി നടപ്പിലാക്കാൻ കഴിയില്ലന്ന് മന്ത്രി സഭ യോഗത്തിന് ശേഷം ഇറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.
'ഡിപിആർ അനുമതിക്കായി റെയിൽവേ മുന്നോട്ട് വയ്ക്കുന്ന നിർദേശങ്ങൾ സംസ്ഥാനത്തിന്റെ അതിവേഗ വികസന ലക്ഷ്യങ്ങളുമായി ചേർന്നു പോകാത്തതുമാണ്. റെയിൽവേയുടെ അനുമതിയില്ലാതെ പദ്ധതി നടപ്പിലാക്കാൻ ' കഴിയില്ലെന്നും വാർത്താകുറിപ്പിൽ പറയുന്നുണ്ട്.
തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ 583 കിലോമീറ്റർ നീളത്തിൽ റീജിയണൽ റാപിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർആർടിഎസ്) പദ്ധതി നടപ്പാക്കാനും മന്ത്രിസഭാ യോഗം തത്വത്തിൽ അംഗീകാരം നൽകി. പദ്ധതിക്കായി സംസ്ഥാനത്തിൻ്റെ താല്പര്യം അറിയിച്ച് കേന്ദ്ര സർക്കാരിന് കത്ത് അയക്കും. അതിനാവശ്യമായ കൂടിയാലോചനകൾ ആരംഭിക്കുവാനും ഗതാഗത വകുപ്പിനെ മന്ത്രിസഭ ചുമതലപ്പെടുത്തി.
കേന്ദ്ര സർക്കാരുമായി ചർച്ചകൾക്ക് ശേഷം, കേന്ദ്രത്തിൻ്റെ തത്വത്തിലുള്ള അനുമതി ലഭിക്കുന്ന മുറയ്ക്ക് ധാരണാ പത്രത്തിൽ ഏർപ്പെടും. പദ്ധതിയുടെ സാങ്കേതിക സാമ്പത്തിക കാര്യങ്ങൾ, വായ്പാസ്രോതസ്സുകൾ എന്നിവ സംബന്ധിച്ച അന്തിമ അനുമതി നൽകുന്നതിനു ഗതാഗത വകുപ്പ് മന്ത്രിസഭയുടെ പരിഗണനയ്ക്കു സമർപ്പിക്കും.
Adjust Story Font
16
