കെ- റെയിൽ; രാഷ്ട്രീയ വിശദീകരണ യോഗവുമായി എൽ.ഡി.എഫ്
വികസന പദ്ധതികൾ തകർക്കാൻ കോൺഗ്രസ്- ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ

കെ- റെയിൽ വിരുദ്ധ പ്രക്ഷോഭങ്ങൾ തുടരുന്നതിനിടെ രാഷ്ട്രീയ വിശദീകരണ യോഗവുമായി എൽ.ഡി.എഫ്. സമരത്തിന് കോൺഗ്രസ് ബി.ജെ.പിയെ കൂട്ടുപിടിക്കുന്നത് ആത്മഹത്യാപരമാണെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ പറഞ്ഞു. മന്ത്രി സജി ചെറിയാന്‍റെ പ്രസ്താവന വിവാദമായിരിക്കെ പദ്ധതിക്ക് ബഫർ സോണുണ്ടെന്ന് മന്ത്രി വി.എൻ വാസവനും വ്യക്തമാക്കി.
വലിയ പ്രതിഷേധം അരങ്ങേറിയ കോട്ടയം ചങ്ങനാശേരിയിലായിരുന്നു എൽ.ഡി.എഫിന്റെ ആദ്യ വിശദീകരണയോഗം. യോഗത്തിൽ കോൺഗ്രസിനെയും യു.ഡി.എഫിനെയും കടന്നാക്രമിച്ചായിരുന്നു നേതാക്കളുടെ പ്രസംഗം. വികസന പദ്ധതികൾ തകർക്കാൻ കോൺഗ്രസ്- ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നാണ് എൽ.ഡി.എഫ് കൺവീനർ പറയുന്നത്.
പദ്ധതിയുമായി മുന്നോട്ട് പോകാൻ തന്നെയാണ് സർക്കാരിന്റെ തീരുമാനം, ആരെയും വെറും കൈയ്യോടെ ഇറക്കിവിടില്ലെന്നും എ. വിജയരാഘവൻ പറഞ്ഞു. പദ്ധതിക്ക് അഞ്ച് മീറ്റർ ബഫർ സോണുണ്ടെന്ന് മന്ത്രി വി.എൻ വാസവനും യോഗത്തിൽ വ്യക്തമാക്കി. മന്ത്രി സജി ചെറിയാന്റെ ബഫർ സോണില്ലെന്ന പ്രസ്താവന നിലനിൽക്കെയാണ് വാസവന്റെ തിരുത്ത്. ജോസ് കെ മാണി പരിപാടിയിൽ പങ്കെടുക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ, അവസാന നിമിഷം പിന്മാറി. ചീഫ് വിപ്പ് എൻ. ജയരാജും ചങ്ങനാശേരി എം.എൽ.എ ജോബ് മൈക്കിളുമാണ് പങ്കെടുത്തത്.
Adjust Story Font
16

