Quantcast

മടിയിൽ കനമുള്ളത് കൊണ്ടാണ് മുഖ്യമന്ത്രി അന്വേഷണം ഭയക്കുന്നത്- കെ. സുരേന്ദ്രൻ

മുഖ്യമന്ത്രിക്ക് ഡോളർ കേസിൽ നേരിട്ട് പങ്കാളിത്തമുണ്ട് എന്ന രീതിയിലുള്ള വാർത്തകളാണ് പുറത്തുവരുന്നത്. അത് നേരത്തെ മനസിലാക്കിയാണ് അന്വേഷണ ഏജൻസികൾക്കെതിരേ സംസ്ഥാന സർക്കാർ തിരിഞ്ഞത്.

MediaOne Logo

Web Desk

  • Published:

    11 Aug 2021 10:55 AM GMT

മടിയിൽ കനമുള്ളത് കൊണ്ടാണ് മുഖ്യമന്ത്രി അന്വേഷണം ഭയക്കുന്നത്- കെ. സുരേന്ദ്രൻ
X

ഡോളർകടത്ത് കേസിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന ബിജെപിയുടെ വാദം ശരിവെക്കുന്നതാണ് പുറത്തുവന്ന വാർത്തകളെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. അധികാര ദുർവിനിയോഗമാണ് മുഖ്യമന്ത്രി നടത്തിയത്.

മടിയിൽ കനമുള്ളത് കൊണ്ടാണ് മുഖ്യമന്ത്രി അന്വേഷണം ഭയക്കുന്നതെന്നും കെ. സുരേന്ദ്രൻ കോഴിക്കോട് പറഞ്ഞു.

മുഖ്യമന്ത്രിക്ക് ഡോളർ കേസിൽ നേരിട്ട് പങ്കാളിത്തമുണ്ട് എന്ന രീതിയിലുള്ള വാർത്തകളാണ് പുറത്തുവരുന്നത്. അത് നേരത്തെ മനസിലാക്കിയാണ് അന്വേഷണ ഏജൻസികൾക്കെതിരേ സംസ്ഥാന സർക്കാർ തിരിഞ്ഞത്. അതിനുള്ള തിരിച്ചടിയാണ് ഇന്ന് കോടതിയിൽ നിന്നുണ്ടായത്.- കെ. സുരേന്ദ്രൻ പറഞ്ഞു.

സ്വർണക്കടത്ത് കേസിൽ സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷന് ഹൈക്കോടതിയാണ് സ്റ്റേ പുറപ്പെടുവിച്ചത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടറാണ് ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചതിനെതിരേ ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിൽ ഇടക്കാല ഉത്തരവാണ് കോടതി പുറപ്പെടുവിച്ചത്.

കേന്ദ്ര ഏജൻസിക്കെതിരെ ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാൻ സർക്കാറിന് അധികാരമില്ലെന്ന കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് വി.കെ. മോഹനൻ അധ്യക്ഷനായാണ് സർക്കാർ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചത്.

മുഖ്യമന്ത്രി അധികാര ദുരുപയോഗം നടത്തിയാണ് ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചതെന്ന് ഇഡി കോടതിയിൽ പറഞ്ഞു. സ്വർണക്കടത്ത് കേസിലെ അന്വേഷണം അട്ടിമറിക്കാനാണ് സർക്കാർ ഇത്തരത്തിലൊരു കമ്മീഷനെ നിയമിച്ചതെന്നും ഇഡി കോടതിയിൽ വാദിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനെ മൂന്നാം എതിർ കക്ഷിയാക്കിയാണ് ഇഡി കോടതിയിൽ ഹർജി നൽകിയിരുന്നത്. സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിനോടും സന്ദീപ് നായരോടും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേര് പറയാൻ ഇഡി നിർബന്ധിക്കുന്നു എന്ന മൊഴി പുറത്തുവന്നതിന് പി്ന്നാലെയാണ് സംസ്ഥാന സർക്കാർ കമ്മീഷനെ നിയമിച്ചത്. ഇഡിക്ക് ഇത്തരത്തിലൊരു ഹർജി നൽകാൻ അധികാരമില്ലെന്നായിരുന്നു കോടതിയിൽ സർക്കാർ വാദം.

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ വിദേശ കറൻസി കടത്തിയെന്ന് സ്വപ്‌ന സുരേഷിന്റെ മൊഴി പുറത്തുവന്നിരുന്നു. ഡോളർ കടത്ത് കേസിൽ ആറു പ്രതികൾക്ക് കസ്റ്റംസ് അയച്ച ഷോക്കോസ് നോട്ടീസിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിദേശ കറൻസി കടത്തിയെന്ന മൊഴിയുള്ളത്. 2017ലെ മുഖ്യമന്ത്രിയുടെ യു.എ.ഇയിലേക്കുള്ള ആദ്യ യാത്രയ്ക്കിടെ അഹമ്മദ് അൽദൗഖി എന്ന യു.എ.ഇ കോൺസുലേറ്റിലെ നയതന്ത്രജ്ഞൻ വഴിയാണ് വിദേശ കറൻസി കടത്തിയതെന്നാണ് സ്വപ്‌ന വെളിപ്പെടുത്തിയത്.

യുഎഇയിലായിരുന്ന മുഖ്യമന്ത്രിക്ക് അൽദൗഖി കറൻസി എത്തിച്ചു നൽകി. ശിവശങ്കറിൻറെ നിർദ്ദേശപ്രകാരം സരിത്ത് ആണ് കറൻസി വാങ്ങി അൽദൗഖിക്ക് കൈമാറിയത്. പൊതുഭരണ വകുപ്പിലെ ഹരികൃഷ്ണൻ എന്ന ഉദ്യോഗസ്ഥന്റെ കയ്യിൽ നിന്നാണ് മുഖ്യമന്ത്രിക്കുള്ള പാക്കറ്റ് വാങ്ങിയതെന്ന് സരിത്ത് മൊഴി നൽകി. പാക്കറ്റിൽ ഒരു ബണ്ടിൽ കറൻസി ഉണ്ടെന്ന് എക്‌സ് റേ സ്‌കാനിംഗിൽ കണ്ടെത്തിയെന്നും ഇടപാടിന് ആയിരം ഡോളർ ടിപ്പ് കോൺസുലേറ്റ് ജനറൽ തനിക്ക് നൽകിയെന്നും സരിത്ത് വ്യക്തമാക്കി.

അതേസമയം, മുഖ്യമന്ത്രിക്ക് പാക്കറ്റ് കൈമാറിയത് എം. ശിവശങ്കർ സ്ഥിരീകരിച്ചു. കൈമാറിയത് യു.എ.ഇ പ്രതിനിധികൾക്കുള്ള സമ്മാനമായിരുന്നു എന്നാണ് ശിവശങ്കറിന്റെ വിശദീകരണം. കൃത്യ സമയത്ത് സമ്മാനം എത്തിച്ചു എന്നല്ലാതെ ആര് മുഖേന എത്തിച്ചു എന്ന് തനിക്കറിയില്ലെന്നും ശിവശങ്കർ പറഞ്ഞു.

TAGS :

Next Story