Quantcast

"അത് നടപ്പില്ല ഗോവിന്ദാ..': സെസ് വർധനയിൽ സർക്കാറിനെതിരെ കെ സുരേന്ദ്രൻ

അധിക നികുതിഭാരം ജനങ്ങൾക്ക് മേൽ അടിച്ചേൽപിക്കാനാണ് കള്ളക്കണക്കുണ്ടാക്കിയതെന്നും സുരേന്ദ്രൻ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    27 Feb 2023 7:13 AM GMT

k surendran_bjp
X

തിരുവനന്തപുരം: നികുതി വർധനയിൽ കേന്ദ്രത്തെ കുറ്റപ്പെടുത്തിയ സർക്കാർ നടപടിക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ജിഎസ്‌ടി കുടിശ്ശിക സംബന്ധിച്ച് സർക്കാർ ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. ആകെ 750 കോടിയുടെ കുടിശ്ശിക മാത്രമാണ് കേരളത്തിന് നൽകാനുള്ളത്. ഇത് ധനമന്ത്രി കെഎൻ ബാലഗോപാലും സമ്മതിച്ചുകഴിഞ്ഞു. നേരത്തെ 20000 കോടി കുടിശ്ശികയുണ്ടെന്നാണ് മന്ത്രി പറഞ്ഞിരുന്നതെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

'ഗോവിന്ദൻ ജാഥയിലുടനീളം പ്രസംഗിക്കുന്നത് 40000 കോടി കേന്ദ്രം നൽകാനുണ്ടെന്നാണ്. എന്ത് കൊട്ടക്കണക്കാണ് ഈ പറയുന്നത്. ഇതെന്താ വെള്ളരിക്കാപട്ടണമോ? പാർലമെന്റിൽ എൻകെ പ്രേമചന്ദ്രന്റെ ചോദ്യത്തിന് മറുപടിയായി നിർമല സീതാരാമൻ 750 കോടി രൂപയേ കേരളത്തിന് കിട്ടാനുള്ളൂ എന്ന് വ്യക്തമാക്കിയിരുന്നു. അതിന് ശേഷമാണ് കൃത്യമായ കണക്ക് സർക്കാർ സമ്മതിച്ചത്. ഇത്രയും നാൾ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു സിപിഎം"; സുരേന്ദ്രൻ കുറ്റപ്പെടുത്തി.

അധിക നികുതിഭാരം ജനങ്ങൾക്ക് മേൽ അടിച്ചേൽപിക്കാനാണ് കള്ളക്കണക്കുണ്ടാക്കിയതെന്നും സുരേന്ദ്രൻ പറഞ്ഞു. പാവങ്ങൾക്ക് മേൽ സെസ് വർധിപ്പിക്കാൻ കേന്ദ്രത്തെയാണ് കുറ്റം പറഞ്ഞുകൊണ്ടിരുന്നത്. അത് നടപ്പില്ല ഗോവിന്ദാ എന്നും സുരേന്ദ്രൻ പരിഹസിച്ചു. കേന്ദ്രം എന്താണ് കേരളത്തിന് നൽകുന്നതെന്നത് സംബന്ധിച്ച് പൊതുജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

അതേസമയം, നിയമസഭാ സമ്മേളനത്തിൽ നികുതി വർധന സംബന്ധിച്ച് വീണ്ടും കേന്ദ്രത്തെ പഴിചാരുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസർക്കാർ 13 തവണയാണ് പെട്രോളിയം ഉൽപന്നങ്ങളുടെ നികുതി വർധിപ്പിച്ചുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാർ ഇന്ധനസെസ് വർധിപ്പിച്ചതിനെതിരെ പ്രതിപക്ഷം സഭയിൽ പ്രതിഷേധം ഉയർത്തുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ന്യായീകരണം. ഇതിന് പിന്നാലെയാണ് സുരേന്ദ്രൻ രംഗത്തെത്തിയത്.

TAGS :

Next Story