Quantcast

ആര്‍.എസ്.എസ് ശാഖയിൽ ആവിഷ്കരിക്കുന്ന മതേതര രാഷ്ട്രീയം എന്താണെന്ന് സുധാകരൻ വ്യക്തമാക്കണം: കെ.എ ഷഫീഖ്

വെറുപ്പ് ഉൽപ്പാദനവും വംശഹത്യ ആസൂത്രണവും കൊലപാതക ഗൂഢാലോചനയുമല്ലാത്തത് ഒന്നും അവിടെ നിന്നുണ്ടായതായി ഈ നാടിനറിയില്ല

MediaOne Logo

Web Desk

  • Published:

    9 Nov 2022 12:12 PM GMT

ആര്‍.എസ്.എസ് ശാഖയിൽ ആവിഷ്കരിക്കുന്ന മതേതര രാഷ്ട്രീയം എന്താണെന്ന്  സുധാകരൻ വ്യക്തമാക്കണം: കെ.എ ഷഫീഖ്
X

ആര്‍.എസ്.എസിനെ സംരക്ഷിച്ചിട്ടുണ്ടെന്ന കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍റെ വെളിപ്പെടുത്തലിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ ഷഫീഖ്. ആര്‍.എസ്.എസ് ശാഖയിൽ ആവിഷ്കരിക്കുന്ന മതേതര രാഷ്ട്രീയം എന്താണെന്ന് സുധാകരൻ വ്യക്തമാക്കണമെന്ന് ഷഫീഖ് ഫേസ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടു.

കണ്ണൂരില്‍ എം.വി രാഘവന്‍ അനുസ്മരണ പരിപാടിയിലായിരുന്നു സുധാകരന്‍റെ വിവാദ പരാമര്‍ശം. കണ്ണൂരിലെ എടക്കാട്, തോട്ടട, കിഴുന്ന എന്നിവിടങ്ങളിലെ ശാഖകള്‍ക്ക് സംരക്ഷണം നല്‍കാന്‍ താന്‍ ആളെ വിട്ടെന്നാണ് സുധാകരന്‍റെ വെളിപ്പെടുത്തല്‍. ശാഖകള്‍ അടിച്ചുതകര്‍ക്കാന്‍ സി.പി.എം. ശ്രമിച്ചപ്പോഴാണ് സംരക്ഷണം നല്‍കിയതെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. പ്രസംഗം വിവാദമായതോടെ വിശദീകരണവുമായി സുധാകരന്‍ രംഗത്തെത്തിയിരുന്നു. ജനാധിപത്യ സംരക്ഷണത്തിന് വേണ്ടിയാണ് അത്തരത്തിലൊരു നടപടി സ്വീകരിച്ചതെന്ന് പറഞ്ഞ സുധാകരന്‍ തന്‍റെ പരാമര്‍ശത്തില്‍ ഉറച്ചുനിന്നു. താനന്ന് സംഘടനാ കോണ്‍ഗ്രസിന്‍റെ ഭാഗമാണെന്നും. നയപരമായി അന്ന് സംഘടനാ കോണ്‍ഗ്രസിന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബി.ജെ.പിയുമായി ബന്ധമുണ്ടായിരുന്നെന്നുമായിരുന്നു സുധാകരന്‍റെ പ്രതികരണം.

കെ.എ ഷഫീഖിന്‍റെ കുറിപ്പ്

ആര്‍.എസ്.എസ് ശാഖയിൽ ആവിഷ്കരിക്കുന്ന മതേതര രാഷ്ട്രീയം എന്താണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ വ്യക്തമാക്കണം. വെറുപ്പ് ഉൽപ്പാദനവും വംശഹത്യ ആസൂത്രണവും കൊലപാതക ഗൂഢാലോചനയുമല്ലാത്തത് ഒന്നും അവിടെ നിന്നുണ്ടായതായി ഈ നാടിനറിയില്ല.നാടിന്‍റെ പുരോഗതിയെയും സമാധാനത്തെയും കെടുത്തിക്കളഞ്ഞവർ, ഒരുപാട് മനുഷ്യരുടെ ജീവിത സ്വപ്നങ്ങളെ തകർത്തെറിഞ്ഞവർ, പകയും വിദ്വേഷവും പരത്തി നാടിനെ വിഷലിപ്തമാക്കുന്നവർ , അതാണവർ. എന്നിട്ടും ആര്‍.എസ്.എസ് സാമൂഹിക, സാമ്പത്തിക സുരക്ഷിതത്വത്തിനും മതേതരത്വത്തിനും പോറലേൽപ്പിക്കാത്തവരാണെന്ന ആ തോന്നലിലെ രാഷ്ട്രീയ തെറ്റിന് നാടിനോട് മാപ്പ് പറയുകയാണ് വേണ്ടത് .

വെറുപ്പിന്‍റെ രാഷ്ട്രീയത്തിനെതിരെ ഒരു മനുഷ്യൻ കന്യാകുമാരിയിൽ നിന്ന് കശ്മീരിലേക്ക് നടക്കുന്ന സമയത്ത് തന്നെ മതേതര ജനാധിപത്യ രാഷ്ട്രീയത്തിന്‍റെ മുൻ നിരയിൽ നിൽക്കാനുള്ള അർഹതയെ സ്വയം റദ്ദ് ചെയ്യുന്നവർ അപ്പണിക്ക് നിൽക്കാതിരിക്കാനുളള സാമാന്യ മര്യാദ എങ്കിലും കാണിക്കണം. വേറൊരിടത്ത് ബംഗാളിൽ സി.പി.എം-ബി.ജെ.പി യുമായി ചേർന്ന് മുന്നണിയുണ്ടാക്കി മത്സരിക്കുന്നു. വംശീയ ഫാഷിസത്തിനെതിരായ പോരാട്ടത്തിൽ പരമ്പരാഗത രാഷ്ട്രീയം എന്ത് കൊണ്ടു ദുർബലമാകുന്നു എന്നതിന്‍റെ നേർചിത്രങ്ങളാണിതെല്ലാം .

TAGS :

Next Story