കാഫിർ പോസ്റ്റ് വ്യാജം; നിർമിച്ചത് ലീഗ് പ്രവർത്തകനല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജയെ കാഫിറെന്ന് വിശേഷിപ്പിച്ച് ലീഗ് പോസ്റ്റർ ഇറക്കിയെന്നായിരുന്നു പരാതി

കണ്ണൂർ: വടകര ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പ്രചരിച്ച കാഫിർ പോസ്റ്റർ വ്യാജമെന്ന് കണ്ടെത്തൽ. മുസ്‌ലിം യൂത്ത് ലീഗ് നേതാവ് പി.കെ മുഹമ്മദ് കാസിമല്ല പോസ്റ്റ് നിർമിച്ചത് എന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കാസിമിന്റെ പേരിലാണ് സ്‌ക്രീൻ ഷോട്ട് വ്യാപകമായി പ്രചരിച്ചിരുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജയെ കാഫിറെന്ന് വിശേഷിപ്പിച്ച് ലീഗ് പോസ്റ്റർ ഇറക്കിയെന്നായിരുന്നു പരാതി.
'പ്രഥമദൃഷ്ട്യാ നടത്തിയ അന്വേഷണത്തിൽ കാസിം കുറ്റം ചെയ്തതായി കരുതുന്നില്ല' എന്ന് സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. കേസിൽ 12 പേരുടെ മൊഴി രേഖപ്പെടുത്തി. മുഹമ്മദ് കാസിമിന്റെയും സിപിഎം നേതാവ് കെ.കെ ലതികയുടെയും ഫോൺ പരിശോധിച്ചിട്ടുണ്ട്. കാഫിർ പരാമർശം ഉൾപ്പെട്ട പോസ്റ്റുകൾ നീക്കം ചെയ്യാത്തതിന് ഫെയ്‌സ്ബുക്കിന്റെ നോഡർ ഓഫീസറെ കേസിൽ പ്രതി ചേർത്തിട്ടുണ്ട്- സർക്കാർ വ്യക്തമാക്കി.
കേസിൽ ഹരജിക്കാരനോട് മറുപടി സത്യവാങ്മൂലം നൽകാൻ കോടതി നിർദേശം നൽകി. ഹരജി ജൂൺ 28ന് വീണ്ടും പരിഗണിക്കും.
അമ്പാടിമുക്ക് സഖാക്കൾ, കണ്ണൂർ എന്ന സിപിഎം അനുഭാവമുള്ള ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് വ്യാജ സ്‌ക്രീൻ ഷോട്ട് പുറത്തുവന്നിരുന്നത്. അപ്ലോഡ് ചെയ്ത് കാൽമണിക്കൂറിനുള്ളിൽ പോസ്റ്റ് നീക്കം ചെയ്‌തെങ്കിലും അപ്പോഴേക്കും ഇതിന്റെ സ്‌ക്രീൻ ഷോട്ട് വ്യാപകമായി പ്രചരിച്ചിരുന്നു. 'ഷാഫി അഞ്ചുനേരം നിസ്‌കരിക്കുന്ന ദീനിയായ ചെറുപ്പക്കാരനാണ്. മറ്റേതോ കാഫിറായ സ്ത്രീ... ഈ ആധുനിക ലോകത്തിലും ഇങ്ങനെ പച്ച വർഗീയത പറഞ്ഞു വോട്ടുപിടിക്കാൻ നാണമില്ലേ മുസ്‌ലിംലീഗുകാരാ.. കോൺഗ്രസുകാരാ... ഈ തെമ്മാടിക്കൂട്ടം നാടിനെ എങ്ങോട്ടാണ് കൊണ്ടു പോകുന്നത്?' എന്നായിരുന്നു പോസ്റ്റ്.
സ്‌ക്രീൻ ഷോട്ട് വിവാദമായതിന് പിന്നാലെ മുഹമ്മദ് കാസിം അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. വിദഗ്ധ പരിശോധനയ്ക്കായി ഫോൺ പൊലീസിൽ സമർപ്പിക്കുകയും ചെയ്തിരുന്നു.
പോസ്റ്റ് പ്രചരിച്ചതിന് പിന്നാലെ, സംഭവത്തിന് പിന്നിൽ യുഡിഎഫ് ആണെന്ന് കെകെ ശൈലജ ആരോപിച്ചിരുന്നു.
'പോസ്റ്റിന്റെ സ്‌ക്രീൻഷോട്ടിൽ നിന്ന് മനസ്സിലാകുന്നത്, യുഡിഎഫ് പ്രവർത്തകരുടെ പേജിൽ നിന്നാണത് വന്നിട്ടുള്ളത് എന്നാണ്. പോസ്റ്റ് വ്യാജമാണെന്ന് ഷാഫി പറയുന്നത് കേട്ടു. അങ്ങനെയെങ്കിൽ അദ്ദേഹമത് തെളിയിക്കട്ടെ. ഫേക്ക് ആണെങ്കിൽ അത് പരിശോധിച്ച് കണ്ടെത്തണം. എന്റെ അറിവിൽ പേജ് യുഡിഎഫ് പ്രവർത്തകരുടേത് തന്നെയാണ്. പലതും എന്റെ അനുഭവത്തിലുള്ളതാണല്ലോ. മാതൃഭൂമിയുടെ ഓൺലൈൻ പേജ് കൃത്രിമമായി നിർമിച്ചില്ലേ.. അത് ഫെയ്ക്ക് ആണോ? മാതൃഭൂമി തന്നെ അത് പറഞ്ഞിട്ടുണ്ടല്ലോ. അതിന്റെയെല്ലാം പിന്തുടർച്ചയാണിത്. വോട്ടിംഗിന്റെ തലേദിവസം ഇങ്ങനെയൊക്കെ ഉണ്ടാകുന്നതിന്റെ അർഥം അവരെന്തോ പ്രതീക്ഷിച്ചിട്ടുണ്ടെന്നല്ലേ'.- എന്നാണ് ശൈലജ പ്രതികരിച്ചിരുന്നത്.
കാഫിർ എന്ന് പ്രയോഗിച്ച്, വ്യാജപ്രചാരണങ്ങളുടെ ഒരു ആനുകൂല്യവും തനിക്ക് വേണ്ടെന്നും തന്നെ വർഗീയവാദിയായി ചിത്രീകരിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയുന്നതല്ലെന്നുമാണ് ഷാഫി പറമ്പിൽ വ്യക്തമാക്കിയിരുന്നത്.
കേരളം ഉറ്റുനോക്കിയ തെരഞ്ഞെടുപ്പിൽ 1.14 ലക്ഷം വോട്ടിനാണ് ഷാഫി പറമ്പിൽ ശൈലജയെ പരാജയപ്പെടുത്തിയത്. അക്രമ രാഷ്ട്രീയവും സൈബർ പോരും ഏറെ ചർച്ചയായ വടകര പോരിൽ മോർഫിങ് ചെയ്ത വീഡിയോ ഉണ്ടെന്ന ശൈലജയുടെ പ്രതികരണം വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു.
Adjust Story Font
16

